ഹൂസ്റ്റൺ: അമേരിക്കയിലെ ആദ്യകാല പ്രവാസികളിലൊരാളും ഹൂസ്റ്റണിലെ സാമൂഹ്യ- സാംസ്‌കാരിക സാമുദായിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ കുണ്ടറ പയറ്റുവിള വീട്ടിൽ പി.എം. ജോണിന്റെയും സഹധർമ്മിണി അച്ചാമ്മ ജോണിന്റെയും 50-മത് വിവാഹ വാർഷികാഘോഷങ്ങൾ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.

ഓഗസ്റ്റ് 24 നു ശനിയാഴ്ച രാവിലെ ട്രിനിറ്റി മാർത്തോമാ ചർച്ച് സൺ‌ഡേസ്കൂൾ ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിന് വൈദികശ്രേഷ്ഠരും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടങ്ങിയ വലിയൊരു സദസ്സാണ് സാക്ഷ്യം വഹിച്ചത്.

1974ൽ ഹൂസ്റ്റണിൽ എത്തിച്ചേർന്ന ഈ ദമ്പതികൾ ആ കാലങ്ങളിൽ ഹൂസ്റ്റണിൽ എത്തിച്ചേർന്ന നിരവധി കുടുംബങ്ങൾക്കും വ്യക്തികൾക്കും മാർഗദർശികൾ മാത്രമല്ല വലിയ കൈത്താങ്ങലും ആയിരുന്നു. ഹൂസ്റ്റണിലെ പ്രമുഖ പ്രവാസിസംഘടനകളിലൊന്നായ കുണ്ടറ അസ്സോസിയേഷൻന്റെ സ്ഥാപക നേതാക്കളിലൊരാളും ഇപ്പോൾ അസ്സോസിയേറ്റ് പ്രസിഡന്റായും പ്രവർത്തിക്കുന്നു. ഹൂസ്റ്റണിലെ വിവിധ മലയാളി അസ്സോസിയേഷനുകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ആദ്യകാല നേതാക്കളിലൊരാൾ കൂടിയായ ജോൺ ഇടവകയുടെ വൈസ് പ്രസിഡന്റ്, ട്രസ്റ്റി, അക്കൗണ്ടന്റ് തുടങ്ങിയ ചുമതലകളും വഹിച്ചുണ്ട്

ആഘോഷ ചടങ്ങിൽ ട്രിനിറ്റി മാർത്തോമാ ഇടവക വികാരി റവ. ജേക്കബ് പി. തോമസ്, അസിസ്റ്റന്റ് വികാരി റവ. റോഷൻ വി.മാത്യൂസ്, റവ. ജേക്കബ് ജോർജ്, റവ. ഉമ്മൻ ശാമുവേൽ, റവ.കെ.ബി.കുരുവിള, ജോജി ജേക്കബ്, കുഞ്ഞമ്മ ജോർജ്,ജോർജ് കൊച്ചുമ്മൻ, ഫിലിപ്പ് കൊച്ചുമ്മൻ, മത്തായി കെ. മത്തായി തുടങ്ങി നിരവധി വ്യക്തികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എം.ജോർജ്കുട്ടി ഈ ദമ്പതികളെ പ്രകീർത്തിച്ചു കൊണ്ട് കവിത ചൊല്ലിയത് ശ്രദ്ധേയമായിരുന്നു.

കെവിൻ, റയൻ, ജോഷ്വാ, ജൊഹാൻ,ജോയ്‌സ്, ഗ്രെഷിയസ്,സിസ്റ്റേഴ്സ് ഗ്രൂപ്പ് എന്നിവരുടെ ശ്രുതിമധുരമായ ഗാനങ്ങൾ ചടങ്ങിന് മാറ്റു കൂട്ടി.

സുഹൃത്തുകളും കുടുംബാംഗങ്ങളും പൊന്നാടകൾ നൽകി ഇവരെ ആദരിച്ചു.

1969 ജൂലൈ 7 ഇവരുടെ വിവാഹം. അമേരിക്കയിൽ എത്തിചേർന്ന ആദ്യകാലങ്ങളിലുണ്ടായിരുന്ന പ്രതിസന്ധികളെയൊക്കെ തരണം ചെയ്തു ജീവിതത്തിൽ വിജയം വരിക്കുവാൻ കഴിഞ്ഞത് കരുണാമയനായ ദൈവത്തിന്റെ വലിയ കൃപ ഒന്ന് കൊണ്ട് മാത്രമാണെന്ന് ജോൺ പറഞ്ഞു.

ഷിനോയ് ജോൺ നന്ദി പ്രകാശിപ്പിച്ചു. ഉമ്മൻ ശാമുവേൽ അച്ചന്റെ പ്രാർത്ഥനയ്ക്കും ആശീർവാദത്തിനും ശേഷം സമ്മേളനം അവസാനിച്ചു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു.

ജീമോൻ റാന്നി

By admin

Leave a Reply

Your email address will not be published. Required fields are marked *