അറ്റ്‌ലാന്റാ: സ്റ്റേ അറ്റ് ഹോം നിലവിലുള്ളതിനാല്‍ പുറത്തിറങ്ങിപ്പോകരുതെന്ന മാതാപിതാക്കളുടെ വിലക്ക് ലംഘിച്ചു പുറത്തുപോയി തിരികെ വന്ന മകനുമായി വളര്‍ത്തച്ഛന്‍ തര്‍ക്കിക്കുകയും തുടര്‍ന്നു തോക്ക് എടുത്തു നിറയൊഴിക്കുകയും ചെയ്തു. നിരവധി തവണ വെടിയേറ്റ പതിനാറുകാരനായ മകന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഏപ്രില്‍ 22-നു ബുധനാഴ്ചയായിരുന്നു സംഭവം.

റോബര്‍ട്ട് എന്ന പതിനാറുകാരനാണ് മാതാപിതാക്കള്‍ പറഞ്ഞ് അനുസരിക്കാതെ പുറത്തിറങ്ങിയത്. രാത്രി വൈകി വീടിനു മുന്നിലെത്തിയ റോബര്‍ട്ട് വാതില്‍ ബലംപ്രയോഗിച്ച് തുറക്കുന്നതിനു ശ്രമിച്ചു. തുടര്‍ന്നു വീട്ടിലുണ്ടായിരുന്ന വളര്‍ത്തച്ഛന്‍ ബെര്‍ണി ഹാര്‍ഗ്രോസുമായി ബലപ്രയോഗം നടന്നു. ഇതിനിടയിലാണ് വളര്‍ത്തച്ഛന്‍ റോബര്‍ട്ടിനു നേരേ നിരവധി തവണ നിറയൊഴിച്ചത്.

സംഭവത്തില്‍ വളര്‍ച്ഛനെ കൊലപാതക കുറ്റം ചുമത്തി ഏപ്രില്‍ 23-നു ഫള്‍ട്ടന്‍ കൗണ്ടി ജയിലിലടച്ചു. മാതാവിനെതിരേ കേസ് എടുത്തിട്ടില്ല.

മാതാപിതാക്കളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നതിനു കുട്ടികള്‍ വിമുഖത കാണിക്കരുതെന്നും, അവര്‍ കൊവിഡിന്റെ ഗൗരവം മനസിലാക്കാതെ പൊതു സ്ഥലങ്ങളില്‍ ലോക്കല്‍ ഗവണ്‍മെന്റുകളുടേയും, സിസിഡിയുടെയോ വിലക്കുകള്‍ ലംഘിച്ച് സഞ്ചരിക്കുന്നതായും നിരവധി പരാതികളുണ്ട്. കൊവിഡിനെ പ്രതിരോധിക്കുന്നതിനായി നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും അറ്റ്‌ലാന്റാ പോലീസ് വക്താവ് സ്റ്റീവ് എവറി അഭ്യര്‍ഥിച്ചു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *