ഇൻഡ്യാന∙ സ്റ്റിമുലസ് ചെക്കിനെ കുറിച്ചുള്ള തർക്കം ഒരു കുട്ടിയടക്കം കുടുംബത്തിലെ നാലു പേരുടെ ജീവനെടുക്കുന്നതിൽ കലാശിച്ചു. ഇൻഡ്യാന സംസ്ഥാനത്താണ് കൊലപാതകം നടന്നത്.

വെള്ളിയാഴ്ച രാത്രി മാലിക് ഹഫാക്രി (25) ആറു മാസം പ്രായമുള്ള തന്റെ കുട്ടിയുടെ അമ്മയായ ജിനട്രിസിന്റെ വീട്ടിൽ വന്ന് സ്റ്റിമുലസ് ചെക്കിലെ മുഴുവൻ തുകയും ആവശ്യപ്പെട്ടു. 1400 ഡോളറിൽ 450 ഡോളർ നൽകാൻ ജിനട്രിസ് തയാറായെങ്കിലും മാലിക് തൃപ്തനായില്ല. തിരിച്ചുപോയ മാലിക് ശനിയാഴ്ച വീണ്ടും വീട്ടിൽ മടങ്ങിയെത്തി കുടുംബാംഗങ്ങളുമായി വഴക്കിടുകയും ജിന‌ട്രിസിന്റെ പേഴ്സ് പിടിച്ചു വാങ്ങാൻ ശ്രമിക്കുകയും ചെയ്തു. പേഴസ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നു മാലിക് ജിനട്രിസിനു നേരെ വെടിയുതിർത്തെങ്കിലും അവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

ഇതേ സമയം വീട്ടിലുണ്ടായിരുന്ന ജിനട്രിസിന്റെ മകൾ ഈവ മൂർ, സഹോദരൻ ഡക്വൻ മൂർ (23) അമ്മ ടുമകെ ബ്രൗൺ (44) ഇവരുടെ ബന്ധു ആന്റണി ജോൺസൺ (35) എന്നിവർക്കു നേരെ മാലിക് നിറയൊഴിച്ചു. ഇവര്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.

തുടർന്നു വീട്ടിലുണ്ടായിരുന്ന 6 മാസം പ്രായമുള്ള മലിക്കിന്റെ കുട്ടിയെയും, വാഹനവും തട്ടിയെടുത്ത് ഇയാൾ രക്ഷപ്പെട്ടു. സംഭവ സ്ഥലത്തെത്തിയ പൊലീസ് മാലിക്കിനെയും കുട്ടിയെയും കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇതിനിടയിൽ മാലിക്കിന്റെ സഹോദരി പൊലീസിൽ വിളിച്ച്, കുട്ടി തന്റെ വീട്ടിലുണ്ടെന്നും, മാലിക്കാണ് കുട്ടിയെ ഇവിടെ കൊണ്ടുവന്നതെന്നും അറിയിച്ചു. കൂട്ടുകാരന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ മാലിക്കിനെ പൊലീസ് പിന്നീട് പിടികൂടി. ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിനും, കവർച്ചയ്ക്കും കേസെടുത്തിട്ടുണ്ട്.

പി പി ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *