ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിന്റെ ഭാഗമായി ഫൊക്കാന എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് പ്രമുഖ സംഘാടകരും സാമൂഹ്യ ജീവകാരുണ്യസാംസ്കാരിക പ്രവര്‍ത്തകരുമായ രവികുമാര്‍, പ്രസാദ് ജോണ്‍ എന്നിവരെ നാമനിര്‍ദ്ദേശം (co opt) ചെയ്തതായി പ്രസിഡന്റ് മാധവന്‍ ബി നായരും ജനറല്‍ സെക്രട്ടറി ടോമി കൊക്കാട്ടും അറിയിച്ചു.

പ്രവാസി സമൂഹത്തിനിടയില്‍ നിറസാന്നിധ്യമായ രവികുമാര്‍ കഴിഞ്ഞ 24 വര്‍ഷമായി കുടുംബ സമേതം യു എസില്‍ താമസിക്കുന്നു. കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഗ്ലോബല്‍ കണ്‍വര്‍ഷന്‍ 2019 ചെയര്‍മാനായിരുന്ന അദ്ദേഹം വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് അംഗവുമാണ്. അഗ്രജ സേവാ കേന്ദ്രയുടെയും നമാമിന്റെയും സജീവ പ്രവര്‍ത്തകനാണ്. ഔദ്യോഗിക രംഗത്ത് കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രവികുമാര്‍ നോര്‍ത്ത് അമേരിക്ക പ്രി സെയില്‍സ് ടീമിന്റെ തലവനാണ്.

ചെങ്ങന്നൂര്‍ സ്വദേശിയായ പ്രസാദ് ജോണ്‍ ബാംഗ്ലൂര്‍ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് യൂത്ത് ലീഗ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുകൊണ്ടാണ് നേതൃരംഗത്തേക്ക് എത്തുന്നത്. ഒര്‍ലാന്റോ റീജിയണല്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ , ബോര്‍ഡ് മെംബര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016 -18 ല്‍ ഫൊക്കാനയുടെ റീജിയണല്‍ വൈസ് പ്രസിഡന്റുമായിരുന്നു. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഡയോസിസ് അസംബ്ലി മെംബറായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പ്രസാദ് ജോണ്‍ എച്ച്.ഒ.എ ഡയറക്ടര്‍, ബോര്‍ഡ് ട്രഷറര്‍ എന്നീ പദവികളും വഹിക്കുന്നു.

രവികുമാറിന്റെയും പ്രസാദ് ജോണിന്റെയും നേതൃത്വ ശേഷിയും അനുഭവ പരിചയവും ഫൊക്കാനയുടെ സാമൂഹ പ്രവര്‍ത്തനങ്ങളെ വിപുലമാക്കാന്‍ ഉപകരിക്കുമെന്ന് പ്രസിഡന്റ് മാധവന്‍ ബി നായരും ജനറല്‍ സെക്രട്ടറി ടോമി കൊക്കാട്ടും അഭിപ്രായപ്പെട്ടു.

അനില്‍ ആറന്മുള

By admin

Leave a Reply

Your email address will not be published. Required fields are marked *