ഫ്‌ളോറിഡ: അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഒരു മാസത്തിനുള്ളില്‍ മറ്റൊരു പ്രസിഡന്റിനും സംഭവിച്ചിട്ടില്ലാത്ത ഭരണ തകര്‍ച്ചയാണു ജോ ബൈഡന്‍ ഭരണത്തിന് ഉണ്ടായിരിക്കുന്നതെന്നു മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഫ്‌ലോറിഡാ ഒര്‍ലാന്റോയില്‍ നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ മുഖ്യപ്രസംഗം നടത്തുകയായിരുന്നു ട്രംപ്. ട്രംപിനെ ഹര്‍ഷാരവത്തോടെയാണ് അംഗങ്ങള്‍ ആനയിച്ചത്.

നാം എല്ലാവരും അറിയുന്നതുപോലെ ബൈഡന്റെ ഭരണം വളരെ മോശമായ സ്ഥിതിയിലേക്ക് കൂപ്പുകുത്തി കൊണ്ടിരിക്കുന്നു. അമേരിക്കയുടെ കിഴക്കേ അതിര്‍ത്തിയില്‍ ഉണ്ടായിരിക്കുന്ന അതിഭീകരമായ സ്ഥിതി വിശേഷം അമേരിക്കയെ മുന്നോട്ടല്ല വളരെ പുറകിലേക്കാണു നയിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്ന നയം രാജ്യത്തിന് അപകടകരമാണെന്നും ബൈഡന്റെ ഇമ്മിഗ്രേഷന്‍ നയങ്ങള്‍ അടുത്ത രണ്ടു ഫെഡറല്‍ തിരഞ്ഞെടുപ്പുകളില്‍ വ്യക്തമായി പ്രതിഫലിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിട്ടു മറ്റൊരു പാര്‍ട്ടി രൂപീകരിക്കുമെന്ന പ്രചാരണം തീര്‍ത്തും അസംബന്ധമാണ്. ദേശ സ്‌നേഹമുള്ള, കഠിനാധ്വാനികളായ അമേരിക്കക്കാര്‍ രൂപീകരിച്ച പാര്‍ട്ടിയില്‍ തന്നെ അടിയുറച്ചു നില്‍ക്കും, പ്രതിബന്ധങ്ങളെ അതിജീവിച്ചു മുന്നോട്ടു തന്നെ പോകും. ട്രംപ് പറഞ്ഞു. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ ഡമോക്രാറ്റിക് പാര്‍ട്ടി തട്ടിയെടുത്തുവെന്ന ആരോപണവും ട്രംപ് ആവര്‍ത്തിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *