ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി കൂട്ടായ്മകളിലൊന്നായ മല്ലപ്പള്ളി സംഗമം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്. സംഗമ അംഗങ്ങളുടെ കാരുണ്യത്തിന്റെ നീരുറവ വറ്റിയിട്ടില്ലെന്നു തെളിയിച്ചുകൊണ്ട് ഈ കോവിഡ് മഹാമാരിയുടെ സന്ദര്‍ഭത്തിലും വിവിധ ജീവകാരുണ്യ പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.

മല്ലപ്പള്ളി താലൂക്കിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രഫഷണല്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ച അപേക്ഷകളില്‍ നിന്നും രണ്ട് നഴ്‌സിംഗ് വിദ്യാത്ഥികളുടെ മുഴുവന്‍ പഠനചെലവുകളും ഏറ്റെടുത്തു. രണ്ടു പേരുടെയും ആദ്യവര്‍ഷ ഫീസിനുള്ള ധനസഹായം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചു കൊടുത്തുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മല്ലപള്ളിയിലെ കാരുണ്യ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മഹാമാരിയുടെ കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിച്ചപ്പോള്‍ മല്ലപ്പള്ളി സംഗമം ഒരു ലക്ഷം രൂപ ധനസഹായം നല്‍കി സഹായിച്ചു. അതോടൊപ്പം ഈ വര്‍ഷം മല്ലപ്പള്ളിയില്‍ സാമ്പത്തികമായി ബുദ്ധിമുട്ടിയ രണ്ട് ഹൃദയ -വൃക്ക രോഗികള്‍ക്ക് അമ്പതിനായിരം രൂപ വീതം നല്‍കി സഹായിക്കുവാന്‍ കഴിഞ്ഞുവെന്ന് പ്രസിഡന്റ് ചാക്കോ നൈനാന്‍, ട്രഷറര്‍ സെന്നി ഉമ്മന്‍ എന്നിവര്‍ അറിയിച്ചു.

സംഗമത്തിന്റെ ജീവകാരുണയ് പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കി സഹായിക്കുന്ന എല്ലാ അംഗങ്ങളോടും പ്രസിഡന്റ് ചാക്കോ നൈനാന്‍, സെക്രട്ടറി റെസ്ലി മാത്യു, ട്രഷറര്‍ സെന്നി ഉമ്മന്‍ എന്നിവര്‍ നന്ദി അറിയിച്ചു.

മല്ലപ്പളി സംഗമത്തിന്റെ അടുത്ത കുടുംബ സംഗമം താങ്ക്‌സ്ഗിവിങ് ആഴ്ചയില്‍ പെയര്‍ലാന്‍ഡിലെ പാര്‍ക്കില്‍ വച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തപെടുമെന്നും കൂടുതല്‍ വിവരങ്ങള്‍ വാട്‌സ്ആപ് ഗ്രൂപ്പ് വഴി അറിയിക്കുമെന്നും സെക്രട്ടറി റെസ്ലി മാത്യു അറിയിച്ചു.

ജീമോന്‍ റാന്നി

By admin

Leave a Reply

Your email address will not be published. Required fields are marked *