ചിക്കാഗൊ: 2012 ന് ശേഷം ചിക്കാഗൊ പബ്ലിക് സ്‌ക്കൂള്‍ അദ്ധ്യാപകര്‍ നടത്തുന്ന ഏറ്റവും ശക്തമായ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ചിക്കാഗൊ മേയര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ഒക്ടോബര്‍ 17 നും, 18നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരുന്നുവെങ്കിലും, സ്‌ക്കൂളുകളില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതില്‍ അധികൃതര്‍ സൗകര്യമേര്‍പ്പെടുത്തിയിരുന്നു.

ക്ലാസ്സുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറക്കുക, ശമ്പള വര്‍ധന നടപ്പാക്കുക, തൊഴില്‍ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ചിക്കാഗൊ ടീച്ചേഴ്‌സ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

2600 അദ്ധ്യാപകരും, 8000 സപ്പോര്‍ട്ട് സ്റ്റാഫും (കസ്റ്റോഡിയന്‍സ്) ഉള്‍പ്പെടെയുള്ളവരാണ് സമരരംഗത്ത്. ഡൗണ്‍ടൗണിലുള്ള സി.പി.എസ്. ആസ്ഥാനത്തേക്ക് പണിമുടക്കിയ അദ്ധ്യാപകര്‍ മാര്‍ച്ച് നടത്തി.

അവസാന നിമിഷം വരെ സമരം ഒഴിവാക്കുന്നതിനുള്ള ഒത്തു തീര്‍പ്പു സംഭാഷണങ്ങള്‍ നടന്നുവെങ്കിലും വിദ്യാഭ്യാസജില്ലാ അധികൃതര്‍ വഴങ്ങാത്തതാണ് സമരത്തിന് നിര്‍ബന്ധിതമായതെന്ന് യൂണിയന്‍ നേതാക്കള്‍ പരാതിപ്പെട്ടു.

വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി അദ്ധ്യാപക സമരം തുടരുന്നതില്‍ രക്ഷാകര്‍ത്താക്കളും ഉല്‍കണ്ഠാകുലരാണ്. എത്രയും വേഗം ഇരു വിഭാഗവും ചര്‍ച്ചകള്‍ നടത്തി സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ഇവര്‍ അഭ്യര്‍ത്ഥിച്ചു.

പി.പി.ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *