വിര്‍ജീനിയ: ഇന്ത്യന്‍ അമേരിക്കന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി അഞ്ജലി നായര്‍ ‘നാഷണല്‍ അമേരിക്കന്‍ മിസ് ജൂനിയര്‍ ടീന്‍ 2019-2020’ എന്ന ടൈറ്റില്‍ കരസ്ഥമാക്കി നടന്നു നീങ്ങിയപ്പോള്‍ കാലിഫോര്‍ണിയയിലെ അനാഹെം മാരിയറ്റില്‍ ഹര്‍ഷാരവം മുഴങ്ങി.

വിര്‍ജീനിയ അലക്‌സാണ്ട്രിയയിലെ തോമസ് ജെഫേഴ്‌സണ്‍ ഹൈസ്‌കൂള്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ജൂനിയര്‍ വിദ്യാര്‍ത്ഥിയായ അഞ്ജലി നായര്‍, ദേശീയ മത്സരത്തില്‍ വിര്‍ജീനിയ സംസ്ഥാനത്തെ പ്രതിനിധീകരിച്ചാണ് ‘അമേരിക്കന്‍ മിസ് വിര്‍ജീനിയ ജൂനിയര്‍ ടീന്‍’ കിരീടം നേടിയത്.

മത്സരത്തില്‍ അഞ്ജലിയുടെ രണ്ടാമത്തെ ശ്രമമാണിത്. 2016 ലെ മിസ് വിര്‍ജീനിയ പ്രീ ടീന്‍ മത്സരത്തിലാണ് അഞ്ജലി ആദ്യം മത്സരിച്ചതെന്ന് സ്‌കൂളിന്റെ ഓണ്‍ലൈന്‍ പത്രമായ tjtoday.org റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഒരു പുതുമുഖത്തെ സംബന്ധിച്ചിടത്തോളം മികച്ച പ്രകടനം കാഴ്ച വെക്കുകയും മത്സരത്തില്‍ ആദ്യ റണ്ണറപ്പുമായി.

സാധാരണ മത്സരാര്‍ത്ഥികളില്‍ നിന്ന് വ്യത്യസ്തമായി അഞ്ജലി പൂര്‍ണ്ണമായും ‘സ്വയം പഠിതാവാണെന്ന്’ പത്രം എടുത്തുകാട്ടി.

‘മറ്റുള്ളവരുടെ വീഡിയോകള്‍ കണ്ട് അതില്‍ നിന്ന് ആവശ്യമായവ തെരഞ്ഞെടുത്ത് എന്റെ മത്സരത്തിലേക്ക് പ്രയോഗിക്കുക വഴി എങ്ങനെ നടക്കണം, എങ്ങനെ സംസാരിക്കണം എന്നൊക്കെ ഞാന്‍ സ്വയം പഠിച്ചു,’ അഞ്ജലി പറയുന്നു.

മത്സരത്തിന്റെ ഭാഗമായതു വഴി പൊതുവേദികളിലെ സംസാര ശേഷി വര്‍ദ്ധിപ്പിക്കാനും ആജീവനാന്ത സുഹൃത്തുക്കളെ നേടാനും കഴിഞ്ഞു എന്നും അവര്‍ പറഞ്ഞു.

മത്സരത്തിലെ വിജയിയെന്ന നിലയില്‍ അഞ്ജലിക്ക് ഉത്തരവാദിത്വങ്ങള്‍ കൂടുകയാണ്. 2020 ല്‍ രാജ്യത്തുടനീളം സന്ദര്‍ശിക്കണം. ടെക്‌സസിലെ ഹ്യൂസ്റ്റണില്‍ ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കുക, ഈ വര്‍ഷത്തെ സംസ്ഥാന മത്സരങ്ങളില്‍ ഭാഗഭാക്കാകുക, ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ പങ്കെടുക്കുക, മത്സരത്തിന്റെ പിന്‍ഗാമിയെ കിരീടമണിയിക്കാന്‍ കാലിഫോര്‍ണിയയിലേക്ക് പോകുക ഇവയെല്ലാം അതില്‍ ഉള്‍പ്പെടും.

പെണ്‍കുട്ടികള്‍ക്ക് ശക്തി പകരാനും അവരുടെ ഊര്‍ജ്ജസ്വലതയില്‍ പ്രകാശം പരത്താനും ഓരോ വേദിയും ഉപയോഗിക്കാമെന്ന പ്രതീക്ഷയുണ്ടെന്നും അഞ്ജലി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

‘നല്ല പ്രവര്‍ത്തന നൈതികതയും ദൃഢനിശ്ചയവും ഉണ്ടെങ്കില്‍, പ്രതിസന്ധികള്‍, പ്രകടന കലകള്‍, അല്ലെങ്കില്‍ ഒരു മത്സരം വിജയിക്കുക എന്നിങ്ങനെയുള്ള ഏതൊരു മേഖലയിലും അല്ലെങ്കില്‍ ഏതൊരു ലക്ഷ്യത്തിലും അവര്‍ക്ക് വിജയിക്കാനാകുമെന്ന് പെണ്‍കുട്ടികളെ ബോധവല്‍ക്കരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ അഞ്ജലിയെ ഉദ്ധരിച്ച് സ്‌കൂളിന്റെ ഓണ്‍ലൈന്‍ പത്രം പറയുന്നു.

‘മൃഗങ്ങളുടെ ദയാവധം പോലുള്ള വിഷയങ്ങള്‍ക്കെതിരെ വാദിക്കാന്‍ എന്റെ ടൈറ്റില്‍ ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ‘എ ഫോര്‍എവര്‍ ഹോം ആന്റ് ലോസ്റ്റ് ഡോഗ് ആന്റ് ക്യാറ്റ് ഫൗണ്ടേഷനിലെ’ സന്നദ്ധ പ്രവര്‍ത്തകയായ താന്‍ ഉപേക്ഷിക്കപ്പെട്ട അല്ലെങ്കില്‍ അഭയം പ്രാപിക്കുന്ന മൃഗങ്ങള്‍ക്ക് പുതിയ വീടുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നു. മറ്റുള്ളവരേയും ഇങ്ങനെ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’ മൃഗക്ഷേമത്തിന്റെ കടുത്ത പിന്തുണക്കാരിയായ അഞ്ജലി നായര്‍ കൂട്ടിച്ചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *