ഇടുക്കി: മൂന്നാർ രാജമല പെട്ടിമുടിയിൽ ലയങ്ങൾക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരണം പതിനൊന്നായി.12പേരെ രക്ഷപ്പെടുത്തി. 55പേരെ കാണാതായിട്ടുണ്ട്. ഇവർക്കുവേണ്ടിയുളള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇവർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്.

ഇന്ന് പുലർച്ചെ രണ്ടു മണിയോടെ രാജമല മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് പെട്ടിമുടി തോട്ടംമേഖലയിൽ മണ്ണിടിച്ചിലുണ്ടായത്. തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. രണ്ട് ലയങ്ങൾ പൂർണമായി ഒലിച്ചുപോയെന്നാണ് വിവരം. തമിഴ് തോട്ടം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. ഉൾപ്രദേശമായതിനാൽ ഏറെ വൈകിയാണ് രക്ഷാ പ്രവർത്തനങ്ങൾ തുടങ്ങാനായത്. പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണസേന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വ്യോമസേനയുടെ സംഘവും മെഡിക്കൽ ടീമും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *