നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ നടന്‍ രവി വള്ളത്തോള്‍ (67) അന്തരിച്ചു. അസുഖബാധിതനായതിനാല്‍ ഏറെക്കാലമായി അദ്ദേഹം അഭിനയത്തില്‍ സജീവമായിരുന്നില്ല. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 1987 ല്‍ പുറത്തിറങ്ങി സ്വാതിതിരുന്നാളിലൂടെ അഭിനയരംഗത്തെത്തിയ താരം അന്‍പതോളം സിനിമകളിലും നൂറോളം സീരിയലുകളിലും അഭിനയിച്ചു. എഴുത്തുകാരന്‍ കൂടിയായിരുന്ന രവി വള്ളത്തോള്‍ ഇരുപത്തി അഞ്ചോളം ചെറുകഥകളും എഴുതിയിട്ടുണ്ട്. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഗാനരചയിതാവാണ് സിനിമാ രംഗത്തുതുടക്കം കുറിക്കുന്നത്. 1976ല്‍ ‘മധുരം തിരുമധുരം’ എന്ന ചിത്രത്തിന് വേണ്ടി പാട്ടെഴുതി. 1986ല്‍ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവിവള്ളത്തോളിന്റേതായിരുന്നു. 1986ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത ‘വൈതരണി’ എന്ന സീരിയലിലൂടെയാണ് രവിവള്ളത്തോള്‍ അഭിനേതാവാകുന്നത്. അദ്ദേഹത്തിന്റെ അച്ഛന്‍ ടി.എന്‍. ഗോപിനാഥന്‍ നായരുടെയായിരുന്നു സീരിയലിന്റെ തിരക്കഥ. തുടര്‍ന്ന് ഏതാണ്ട് നൂറോളം സീരിയലുകളില്‍ രവിവള്ളത്തോള്‍ അഭിനയിച്ചു. മതിലുകള്‍,കോട്ടയം കഞ്ഞച്ചന്‍, ഗോഡ്ഫാദര്‍, വിഷ്ണുലോകം, സര്‍ഗം, കമ്മീഷണര്‍, സാഗരം സാക്ഷി എന്നിങ്ങനെ അന്‍പതോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.