ഡാലസ്: കൊറോണ വൈറസ് അതിന്റെ സംഹാരതാണ്ഡവം തുടർന്നു കൊണ്ടിരിക്കുന്ന ഭീതി മൂലവും, അതോടൊപ്പം സാമ്പത്തികമായ പ്രതിസന്ധിമൂലവും നട്ടംതിരിഞ്ഞിരിക്കുന്ന നേരത്താണ് കൂനിൽന്മേൽ കുരു എന്ന രീതിയിൽ മോഷണശ്രമങ്ങൾ പലയിടത്തും അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം അതിരാവിലെ ഡാലസ് പ്രദേശത്തെ ദി കോളനി എന്ന സിറ്റിയിൽ മലയാളീയുടെ പിസ്സാക്കട ഉൾപ്പടെ ഏകദേശം ആറോളം കടകൾ ലോക്ക് പൊളിച്ചും, ഗ്ലാസ്സ് ജനാലകൾ അടിച്ചുപൊളിച്ചും ആണ് മോഷണങ്ങൾ നടന്നത്. സി.സി ക്യാമറയിൽ പതിയപ്പെട്ട മോഷ്ടാക്കളെ ഇതു വരെയും പിടികൂടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഡാലസിൽ അപ്പാർട്ട്മെന്റിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസ്സ് പൊട്ടിച്ച് വീട്ടാവശ്യത്തിന് വാങ്ങിയ സാധനങ്ങൾ കവർന്നും, അതുപോലെ ഡാലസിന്റെ വിവിധ പ്രദേശങ്ങളിൽ മലയാളികളുടെ ഉൾപ്പടെ പല ഭവനങ്ങളിലും കഴിഞ്ഞ ഒരാഴ്ച്ചയായി മോഷണ ശ്രമങ്ങൾ നടന്നതായി പറയപ്പെടുന്നു.

ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തിൽ മോഷണ ശ്രമങ്ങളും, തട്ടിപ്പുകളും മറ്റും കൂടുതൽ നടക്കുവാൻ സാധ്യത ഉള്ളതിനാൽ ഏവരും കൂടുതൽ ജാഗ്രത പുലർത്തേണ്ടതാണ്. കൊറോണ വൈറസ് എന്ന മഹാമാരിയിൽ നിന്നും രക്ഷപ്പെടുവാൻ അകലംപാലിക്കൽ, കൈകഴുകൽ, മാസ്ക്, ഗ്ലൗസ് തുടങ്ങിയ പ്രതിരോധങ്ങൾ തീർക്കുന്നതോടൊപ്പം പരിചയം ഇല്ലാത്തവർ വന്നാൽ കഴിവതും തങ്ങളുടെ ഭവനങ്ങളുടെ കതകുകൾ തുറക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഷാജീ രാമപുരം

By admin

Leave a Reply

Your email address will not be published. Required fields are marked *