ന്യൂയോര്‍ക്ക്: സി.എം.എസ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന “വിദ്യാസൗഹൃദം യു.എസ് ചാപ്റ്റര്‍’ ആരംഭിച്ച സ്‌കോളര്‍ഷിപ്പ് പരിപാടിയുടെ ഉദ്ഘാടനം ഒക്‌ടോബര്‍ 24-ന് കോട്ടയം സി.എം.എസ് കോളജ് അങ്കണത്തില്‍ നടത്തി.

കോളജ് ബര്‍സാര്‍ റവ. ജേക്കബ് ജോര്‍ജ് പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. യു.എസ് ചാപ്റ്റര്‍ അലുംമ്‌നി വൈസ് പ്രസിഡന്റ് ആന്‍ഡ്രൂ പാപ്പച്ചന്‍ സ്വാഗതം ആശംസിച്ചു. സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിനെക്കുറിച്ചും, അലുംമ്‌നിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആമുഖ പ്രസംഗത്തില്‍ യു.എസ് ചാപ്റ്റര്‍ പ്രസിഡന്റ് പ്രൊഫ. സണ്ണി എ. മാത്യൂസ് വിശദീകരിച്ചു.

കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് ജോഷ്വ കോളജില്‍ നിന്നും പഠിച്ചിറങ്ങി വിദേശത്തും, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും പല ഉന്നത സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കോളജിന്റെ ആവശ്യങ്ങള്‍ മനസിലാക്കി സഹകരിക്കുന്നുവെന്നതില്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞു. തുടര്‍ന്ന് മുഖ്യ പ്രാസംഗീകന്‍ യുണൈറ്റഡ് നേഷന്‍സ് അക്കാഡമിക് ഇംപാക്ട് ഡപ്യൂട്ടി ഡയറക്ടര്‍ ആന്‍ഡ് ചീഫ് രാമു ദാമോദരന്‍ സ്‌കോളര്‍പ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളുടെ പഠനം മുന്നോട്ടുകൊണ്ടുപോകുന്നതിന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് അവരുടെ പഠനത്തിന് സഹായകരമാകുമെന്ന് മാത്രമല്ല, ഭാവിരൂപപ്പെടുത്തുന്നതിലും മറ്റുള്ളവരെ സഹായിക്കുന്നതിനും പ്രേരണ നല്‍കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ ജീവിതത്തെ മാതൃകയായി ചൂണ്ടിക്കാട്ടുന്നതിനും ദാമോദരന്‍ സമയം കണ്ടെത്തി.

ഗസ്റ്റ് ഓഫ് ഹോണര്‍ പ്രൊഫ. ജോര്‍ജ് കോശി (മുന്‍ വൈസ് പ്രിന്‍സിപ്പല്‍) ആശംസകള്‍ നേര്‍ന്നു. ഡോ. റോയ് സാം ദാനിയേല്‍, പ്രൊഫ. കെ.സി ജോര്‍ജ്, പ്രൊഫ. സി.എ. ഏബ്രഹാം, ലോണ ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. അലുംമ്‌നി അസോസിയേഷന്‍ സെക്രട്ടറി (യുഎസ് ചാപ്റ്റര്‍) കോശി ജോര്‍ജ് സ്‌പോണ്‍സര്‍മാരെ പരിചയപ്പെടുത്തി. 25 വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതെന്ന് കോശി ജോര്‍ജ് പറഞ്ഞു. ഡോ. ടി.വി ജോണ്‍ നന്ദി പറഞ്ഞു. റവ. സാജന്‍ ജേക്കബ് ഫിലിപ്പ് സമാപന പ്രാര്‍ത്ഥന നടത്തി.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *