വാഷിംഗ്ടണ്‍: അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യന്‍ വംശജര്‍ നിര്‍ണായക പങ്കുവഹിച്ചതായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. കഠിനാധ്വാനത്തിലൂടെയും സംരംഭകമികവിലൂടെയും അമേരിക്കയുടെ സാമ്പത്തികവളര്‍ച്ചയുടെ ഊര്‍ജം പകരാനും സംസ്കാരിക വൈവിധ്യത്തിനും വഴിയൊരുക്കിയെന്ന് ജോ ബൈഡന്‍ പറഞ്ഞു. ഇന്ത്യന്‍ അമേരിക്കകാര്‍ സംഘടിപ്പിച്ച് വെര്‍ച്ച്വല്‍ ധന സമാഹരണ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് എന്ന നിലയില്‍ എച്ച്-1 ബി വിസ, നിയമാനുസൃത കുടിയേറ്റം എന്നിങ്ങനെ ഇന്ത്യന്‍ സമൂഹം ഉയര്‍ത്തുന്ന വിവിധ വിഷയങ്ങളില്‍ അടിയന്തര ഇടപെടലുകള്‍ ഉണ്ടാകുമെന്നും ബൈഡന്‍ പരിപാടിയില്‍ ഉറപ്പു നല്‍കി. ഏറ്റവും മികച്ചവരെ അമേരിക്കയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“യു.എസിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ബിസിനസ് സംരംഭങ്ങള്‍ നടത്തുന്നവര്‍, സിലിക്കണ്‍വാലിയുടെ അടിസ്ഥാനപരമായ കണ്ടുപിടിത്തങ്ങള്‍ നടത്തിയവര്‍, ലോകത്തെ ഏറ്റവും സുപ്രധാന കമ്പനികളെ നയിക്കുന്നവര്‍ എല്ലാം ഈ സമൂഹത്തില്‍ നിന്നുമുള്ളവരാണ്.’ ജോ ബൈഡന്‍ പറഞ്ഞു.

അമേരിക്കയിലെ ചലനാത്മക സാമ്പത്തിക സാംസ്കാരിക വ്യവസ്ഥയില്‍ സുപ്രധാന പങ്കുവഹിച്ചവരാണ് ഇന്ത്യന്‍ അമേരിക്കകാരെന്ന് പല തവണ ആവര്‍ത്തിച്ച ജോ ബൈഡന്‍ കുടിയേറ്റക്കാരുടെ രാജ്യമാണ് യു.എസ് എന്നും കൂട്ടിച്ചേര്‍ത്തു.

എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകള്‍ക്കെതിരെയും ജോ ബൈഡന്‍ പ്രതികരിച്ചു. എച്ച-1ബി വിസ, വംശീയത, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലെ തെറ്റായ തീരുമാനങ്ങളെല്ലാം വലിയ ഭീഷണിയാണുയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. “ഈ പ്രസിഡന്റ് കാര്യങ്ങള്‍ നേരെയാക്കുകയല്ല മറിച്ചു എല്ലാം വഷളാക്കുകയാണ്’ ട്രംപിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുക്കൊണ്ട് ബൈഡന്‍ കുറ്റപ്പെടുത്തി.

നവംബറിലാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ജോ ബൈഡനും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടക്കുന്ന കടുത്ത പോരാട്ടത്തില്‍ ആര്‍ വിജയിക്കുമെന്നത് പ്രവചനാതീതമാണ് . 2016 ലെ തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ്‍ ജയിക്കുമെന്ന് നിരവധി സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കിയെങ്കിലും വിജയം ട്രമ്പിനായിരുന്നു. 2020 ലെ തെരഞ്ഞെടുപ്പ് സര്‍വ്വേകള്‍ ബൈഡനു മുന്‍തൂക്കം നല്‍കുമ്പോള്‍ 2016 ആവര്‍ത്തിക്കുമോ എന്ന ചോദ്യം അവശേഷിക്കുന്നു.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *