ഹൂസ്റ്റൺ: ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ നവഗ്രഹമണ്ഡപത്തിന്റെ ഭൂമി പൂജയും ശിലാസ്ഥാപനവും വിപുലമായ പരിപാടികളോടെ നടത്തി.

ജനുവരി 15നു ബുധനാഴ്ച രാവിലെ ഒൻപതിനും പത്തരയ്ക്കും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ ശ്രീ കക്കാട് ശശി തിരുമേനിയുടെ മുഖ്യകാര്മികത്വത്തിലാണ് കർമ്മങ്ങൾ നടന്നത്. ക്ഷേത്രം പ്രസിഡണ്ട് അജിത് നായർ ശിലാസ്ഥാപന കർമം നിർവഹിച്ചു.

തുടർന്ന് അമ്മൻകോട് ചന്ദ്രശേഖരൻ തിരുമേനിയുടെ നേതൃത്വത്തിൽ നവഗ്രഹസ്തോത്ര പാരായണവും നടന്നു. ചടങ്ങിന് നിരവധി ഭക്തജനങ്ങൾ സാക്ഷ്യം വഹിച്ചു.

ഹൈന്ദവ ആചാരങ്ങളിലും വിശ്വാസത്തിലും നവഗ്രഹ ആരാധനയ്ക്കു വളരെ അധികം പ്രാധാന്യം ഉണ്ട്. ഒരു വ്യക്തിയുടെ ആയുസ്, ആരോഗ്യം, വിദ്യാഭ്യാസം, ജോലി, വിവാഹം, സാമ്പത്തികസ്ഥിതി ഇവയെല്ലാം അവരുടെ ഗ്രഹനിലയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം. ദുരിത നിവാരണങ്ങൾക്കും കാര്യസാധ്യത്തിനും നവഗ്രഹാരാധന ഫലപ്രദമാണെന്നു വിശ്വസിക്കപ്പെടുന്നു.

നിരവധി ഭക്തജനങ്ങളുടെ സാമ്പത്തിക സഹായവും സഹകരണവും കൊണ്ടാണ് ഈ നവഗ്രഹ മണ്ഡപം നിർമ്മിയ്ക്കുന്നതെന്നും ഈ ഉദ്യമത്തിൽ പങ്കാളികൾ ആകുവാൻ താൽപര്യമുള്ളവർക്കു ക്ഷേത്രഭാരവാഹികളുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണെന്നും ക്ഷേത്രം പിആർഓ മഞ്ജു മേനോൻ പറഞ്ഞു.

ജീമോൻ റാന്നി

By admin

Leave a Reply

Your email address will not be published. Required fields are marked *