ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ഹൂസ്റ്റണിലെ ട്രിനിറ്റി മാർത്തോമ്മ സേവിക സംഘത്തിന്റെ ആതിഥേയത്വത്തിൽ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപ്പെട്ട നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റെ 19-മതു സേവികാസംഘം കോൺഫറൻസ് അനുഗ്രഹകരമായി സമാപിച്ചു.

2019 ഒക്ടോബർ 10-13 വരെയുള്ള തീയതികളിൽ (വ്യാഴം മുതൽ ഞായർ) നടത്തപ്പെട്ട കോൺഫ്രൻസിൽ അമേരിക്കൻ ഐക്യനാടുകളിലെ വിവിധ മാർത്തോമാ ഇടവകകളിൽ നിന്നും 400 വനിതകൾ പങ്കെടുത്തു. ഒക്ടോബർ 10 നു വ്യാഴാഴ്ച നടന്ന ഉത്ഘാടന സമ്മേളനം പ്രൗഢഗംഭീരമായിരുന്നു. അഭിവന്ദ്യ തിരുമേനിമാരും വിശിഷ്ടാതിഥികളും ചേർന്ന് നിലവിളക്കു കൊളുത്തി, ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ കോൺഫറൻസ് ഉത്ഘാടനം ചെയ്തു. റവ. ജേക്കബ് പി. തോമസ് സ്വാഗതം ആശംസിച്ചു.

കോൺഫറൻസ് ചിന്താവിഷയത്തെ അധിഷ്ടിതമാക്കി ഈടുറ്റ ലേഖനങ്ങളും, കവിതകളും ചിത്രീകരണങ്ങളും, സന്ദേശങ്ങളും അടങ്ങിയ കോൺഫറൻസ് സുവനീർ വ്യാഴാഴ്ച പ്രകാശനം ചെയ്തു. ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പയിൽ നിന്നും സുവനീറിന്റെ ആദ്യ പ്രതി അഭിവന്ദ്യ ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു. സുവനീറിന്റെ പ്രസിദ്ധീകരണത്തിന് സഹകരിച്ച ഏവരോടും ഉള്ള നന്ദി സുവനീർ കൺവീനർ ഷീജ ജോസ് അറിയിച്ചു.

കോൺഫറൻസിന്റെ ആദ്യകാല നേതാക്കളെ ജനറൽ കൺവീനർ മറിയാമ്മ തോമസ് പരിചയപ്പെടുത്തി. വിവിധ ഇടവകകളിൽ നിന്നും കടന്നു വന്ന പ്രതി നിധികളെ രജിസ്‌ട്രേഷൻ കൺവീനർ ദീന മാത്യു പരിചയപെടുത്തി.

“Women as Agents of Life” (സ്ത്രീകൾ ജീവന്റെ വാഹകർ – പുറപ്പാട് 1:17) എന്നുള്ളതായിരുന്നു കോൺഫറൻസിന്റെ പ്രധാന ചിന്താവിഷയം.ജീവന്റെ നിലനില്പിനെതിരെ ഉയരുന്ന വെല്ലുവിളികളും സ്ത്രീകളുടെ പ്രതികരണങ്ങളും വേദപുസ്തകാടിസ്ഥാനത്തിൽ സവിസ്തരം ചർച്ച ചെയ്യപ്പെട്ടു. വൈവിധ്യമാർന്ന പരിപാടികളോടൊപ്പം ടാലെന്റ്റ് നൈറ്റ്, സമർപ്പണ ശുശ്രൂഷ തുടങ്ങിയവ കോൺഫറൻസിനു മികവ് നൽകി.

ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ, സേവികാസംഘം പ്രസിഡണ്ടും അടൂർ ഭദ്രാസനാദ്ധ്യക്ഷനുമായ അഭിവന്ദ്യ ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ, ശ്രീമതി ആനി കോശി, ശ്രീമതി നീതി പ്രസാദ്, ഫോർട്ബെൻഡ് കൗണ്ടി കോർട്ട് ജഡ്‌ജിയും മലയാളിയുമായ ജൂലി മാത്യു, എം.ഡി. ആൻഡേഴ്സൺ കാൻസർ സെന്റർ പ്രൊഫസർ ഡോ. ലോൻസെറ്റ ന്യൂമാൻ എന്നിവർ കോൺഫറൻസിനു വിവിധ സെഷനുകൾക്കു നേതൃത്വം നൽകി.

നിരവധി വൈദികശ്രേഷ്ഠരുടെയും ഭദ്രാസന സേവികാസംഘം വൈസ് പ്രസിഡന്റ് റവ. ഷിബി വർഗീസ്, സെക്രട്ടറി ജോളി ബാബു, ട്രഷറർ സൂസൻ ജി. ഫിലിപ്പ്, അസംബ്ലി മെമ്പർ മറിയാമ്മ ഏബ്രഹാം തുടങ്ങിയവരുടെ സാന്നിധ്യവും നേതൃത്വവും കോൺഫറൻസിനെ ധന്യമാക്കി. നാല് ദിവസം നീണ്ടുനിന്ന കോൺഫറൻസ് മികവുറ്റ പ്രഭാഷണങ്ങൾ കൊണ്ടും, പഠനക്ലാസ്സുകൾ കൊണ്ടും, സജീവമായ ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായിരുന്നു. റവ. റോഷൻ.വി.മാത്യൂസ് സമർപ്പണ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. കോൺഫറൻസ് ഗായകസംഘം ശ്രുതിമധുരമായ ഗാനങ്ങളാൽ കോൺഫറൻസിനെ സജീവമാക്കി.

അമേരിക്കൻ, മെക്സിക്കൻ, നോർത്ത് ഇന്ത്യൻ, കേരള സ്റ്റൈൽ, ബാർബിക്യൂ തുടങ്ങി വൈവിധ്യവും വിഭവസമൃദ്ധവുമായ ഭക്ഷണമാണ് ഓരോ നേരവും ക്രമീകരിച്ചിരുന്നത്. ‘നാസ’ ബഹിരാകാശ കേന്ദ്രവും കാണുന്നതിനുള്ള ടൂർ പാക്കേജും ഒരുക്കിയിരുന്നു. ഹൂസ്റ്റൺ ‘ഹോബി’ എയർപോർട്ടിനു തൊട്ടടുത്തുള്ള ഹൂസ്റ്റൺ മാരിയറ്റ് സൗത്ത് ഹോട്ടലിലാണ് താമസ സൗകര്യം ഒരുക്കിയിരുന്നത്.

ഒക്ടോബർ 13 ന് ഞായറാഴ്ച രാവിലെ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനാ ശുഷ്രൂഷയോടു കൂടെ കോൺഫറൻസ് അനുഗ്രഹകരമായി പര്യവസാനിച്ചു. സെക്രട്ടറി ഷെറി റജി നന്ദി രേഖപ്പെടുത്തി.

റവ. ജേക്കബ് പി. തോമസ് (വികാരി) റവ. റോഷൻ വി. മാത്യൂസ് (അസി. വികാരി) മറിയാമ്മ തോമസ് (ജന.കൺവീനർ) ഷെറി റജി ( സെക്രട്ടറി) ലിസ്സി രാജൻ (ട്രഷറർ) തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

ജീമോൻ റാന്നി

By admin

Leave a Reply

Your email address will not be published. Required fields are marked *