ഹ്യൂസ്റ്റണ്‍: യൂത്ത് ബേസ്ബോള്‍ ഗ്രൂപ്പില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നതിനിടെ 300,000 ഡോളര്‍ മോഷ്ടിച്ച ടെക്സസ് വനിതയെ എട്ട് വര്‍ഷം തടവിന് ശിക്ഷിച്ച് ജയിലിലടച്ചു. ആര്‍ലിംഗ്ടണിലെ ജെന്നിഫര്‍ സ്യൂ വിറ്റീവീന്‍ (52) മാന്‍സ്ഫീല്‍ഡ് യൂത്ത് ബേസ്ബോള്‍ അസോസിയേഷനില്‍ (എം‌വൈ‌‌എബി‌) സന്നദ്ധപ്രവര്‍ത്തനം നടത്തവേയാണ് പണാപഹരണം നടത്തിയത്.

വ്യാജ ചെക്കുകള്‍ ഉപയോഗിച്ച് നിയമവിരുദ്ധമായി പണം പിന്‍വലിക്കാന്‍ വിറ്റീവീന്‍ അസോസിയേഷന്‍റെ ട്രഷറര്‍ സ്ഥാനം ദുരുപയോഗപ്പെടുത്തി. 2012 ജനുവരി മുതല്‍ 2018 ജൂലൈ വരെ, വിറ്റീവീന്‍ ഏകദേശം 295,000 ഡോളറില്‍ കൂടുതല്‍ മോഷ്ടിച്ചതായി കണക്കാക്കപ്പെടുന്നുവെന്ന് ടാരന്‍റ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് പറയുന്നു.

പിടിക്കപ്പെട്ടപ്പോള്‍ കുടുംബ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാനാണ് പണം മോഷ്ടിച്ചതെന്ന് വിറ്റീവീന്‍ അവകാശപ്പെട്ടു.

എന്നാല്‍ മോഷ്ടിച്ച പണത്തിന്‍റെ രണ്ട് ശതമാനം മാത്രമാണ് ബില്ലുകള്‍ക്കായി ചെലവഴിച്ചതെന്ന് പ്രൊസിക്യൂട്ടര്‍മാര്‍ തെളിവു സഹിതം കോടതിയില്‍ പറഞ്ഞു. ഫോറന്‍സിക് അക്കൗണ്ടിംഗ് വിശകലനം ചെയ്തപ്പോള്‍ ആമസോണില്‍ നിന്ന് 22,000 ഡോളറിന്റെ സാധനങ്ങള്‍ വാങ്ങിയതായും 50,000 ഡോളര്‍ ഫാസ്റ്റ്ഫുഡ് റസ്റ്റോറന്റുകളില്‍ ചിലവഴിച്ചതായും കണ്ടെത്തി.

കുട്ടികളെ സഹായിക്കുന്നതിനും, മാന്‍സ്ഫീല്‍ഡ് നഗരം കുട്ടികള്‍ക്ക് വളരുന്നതിനുള്ള മികച്ച സ്ഥലമാക്കി മാറ്റുന്നതിനും വേണ്ടിയായിരുന്നു എം‌വൈ‌എ‌ബി രൂപീകരിച്ചത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സംഘടനയിലെ തന്‍റെ നേതൃസ്ഥാനം മുതലെടുത്ത് അവര്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി പണം മോഷ്ടിച്ചു എന്ന് പ്രൊസിക്യൂട്ടര്‍ ജോണി ന്യൂബെര്‍ന്‍ പ്രസ്താവനയില്‍ പറഞ്ഞു.

150,000 മുതല്‍ 300,000 ഡോളര്‍ വരെ മോഷ്ടിച്ചെന്ന് വിറ്റ്‌വീന്‍ സമ്മതിച്ചു. ഇത്തരം കേസുകളില്‍ സാധാരണയായി ഒരു രണ്ടാം ഡിഗ്രി കുറ്റവാളിയായി കാണേണ്ടതായിരുന്നു. എന്നാല്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയില്‍ നിന്ന് മോഷ്ടിച്ചതിനാല്‍ കുറ്റം ഒന്നാം ഡിഗ്രിയിലേക്ക് ഉയര്‍ത്തി. അതുകൊണ്ടുതന്നെ എട്ടു വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തുവെന്ന് പ്രൊസിക്യൂട്ടര്‍ പറഞ്ഞു.

അസോസിയേഷന് തിരിച്ചടവ് നല്‍കുന്നതിന് വിറ്റീവീന്‍റെ പരോള്‍ സോപാധികമാക്കണമെന്ന പ്രൊസിക്യൂഷന്റെ ശുപാര്‍ശയും ജഡ്ജി എലിസബത്ത് ബീച്ച് അംഗീകരിച്ചു.

മൊയ്തീന്‍ പുത്തന്‍‌ചിറ

By admin

Leave a Reply

Your email address will not be published. Required fields are marked *