ന്യൂജഴ്‌സി: ഫൊക്കാനയുടെ സ്വപ്‌ന പദ്ധതിയായ ഭവനം പദ്ധതിക്കു മാതൃകയായി ഫൊക്കാന ദേശീയ നേതൃത്വം. ഫൊക്കാന പ്രസിഡന്റ് മാധവന്‍.ബി. നായര്‍, സെക്രട്ടറി ടോമി കോക്കാട്, ട്രഷറര്‍ സജിമോന്‍ ആന്റണി, അസ്സോസിയേറ്റ് ട്രഷറര്‍ പ്രവീണ്‍ തോമസ് എന്നിവരാണ് ഓരോ വീടുകള്‍ വീതം നിര്‍മ്മിക്കാനുള്ള തുക നല്‍കി മാതൃകയായത്. ഇവര്‍ക്ക് പിന്നാലെ നിരവധി നേതാക്കന്മാര്‍ ഈ പദ്ധതിയുടെ ഭാഗഭാക്കാകുവാന്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്.

കഴിഞ്ഞ മഹാപ്രളയത്തില്‍ വീടുകള്‍ നഷ്ട്ടപ്പെട്ട കേരളത്തിലെ 100 തോട്ടം തൊഴിലാളികള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയാണ് ഫൊക്കാന ഭവനം പദ്ധതി. നിര്‍മ്മാണം പുരോഗതിയിലിരിക്കുന്ന വീടുകളുടെ ആദ്യഘട്ടം ഉടന്‍ പൂര്‍ത്തിയാക്കി താക്കോല്‍ ദാനം നിര്‍വഹിക്കും.കേരളത്തിലെ ഭവന രഹിതരായ തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ 2019 ജനുവരിയിലാണ് ഫൊക്കാന കേരളസര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള ഭവനം ഫൗണ്ടേഷനുമായാണ് മഹാപ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനു സഹകരിക്കാന്‍ ഫൊക്കാന ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. സര്‍ക്കാര്‍ തലത്തില്‍ നിരന്തരമായ പരിശ്രമങ്ങള്‍ നടത്തിയാണ് ഈ പദ്ധതിക്ക് അന്തിമ രൂപം നല്‍കുന്നത്. സംസ്ഥാനത്തെ വിവിധ വകുപ്പ് മന്ത്രിമാരും സെക്രട്ടറിമാരുമായും ഇതിനായി ദിവസങ്ങളോളം ചര്‍ച്ച നടത്തിയിരുന്നു. ജനുവരിയില്‍ തിരുവനന്തപുരത്തു നടന്ന ഫൊക്കാന കേരള കണ്‍വെന്‍ഷനില്‍ വച്ച് ഈ പദ്ധതിയുടെ ഉദ്ഘാടനം നര്‍വഹിച്ചിരുന്നു. ഫൊക്കാന ട്രഷറര്‍ കൂടിയായ സജിമോന്‍ ആന്റണിയാണ് ഈ പദ്ധതിയുടെ കോര്‍ഡിനേറ്റര്‍.

അമേരിക്കയിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും ബിസിനസുകാരനുമായ മാധവന്‍ ബി നായര്‍ ഒരു മികച്ച ജീവ കാരുണ്യ പ്രവര്‍ത്തകന്‍ കൂടിയാണ്. എം.ബി.എന്‍ ഫൌണ്ടേഷന്‍ എന്ന പേരില്‍ അദ്ദേഹം സ്ഥാപിച്ച ജീവകാരുണ്യ പ്രസ്ഥാനത്തിലൂടെ സംസ്ഥാനത്തെ നിര്‍ധനരായ നിരവധി പേര്‍ക്ക് ഒട്ടനവധി സഹായങ്ങള്‍ ചെയ്തു വരികയാണ്. ഇതുകൂടാതെ അമേരിക്കയിലെ നിരവധി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു എന്നും താങ്ങായി നില്‍ക്കുന്ന അദ്ദേഹം ഭവനം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രമുഖനാണ്. മഹാപ്രളയത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ അമേരിക്കയൊട്ടുക്കുമുള്ള മലയാളികളും മതസാംസ്കാരിക സഘടനകളും അകമഴിഞ്ഞ് സഹായം കേരളത്തിലേക്ക് ഒഴുക്കിയിരുന്നു.ഈ സാഹചര്യത്തില്‍ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക എന്ന ചുമതല ഏറെ സാഹസമേറിയതും ദുഷ്ക്കരവുമായിരുന്നു.

ഫൊക്കാനയുടെ എല്ലാ അംഗ സംഘടനകളുടെ ഭാരവാഹികളെയും അഭ്യുദയകാംഷികളെയും നിരന്തരം ബന്ധപ്പെട്ടതിനെ തുടര്‍ന്ന് നിരധി പേര് സഹായ ഹസ്തവുമായി മുന്നോട്ടുവന്നതായി പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ കൂടിയായ സജിമോന്‍ ആന്റണി പറഞ്ഞു. എല്ലാ അംഗ സംഘടനകളുടെയും പിന്തുണ ഉറപ്പാക്കാന്‍ അഹോരാത്രം പരിശ്രമിക്കുകയാണ് സജിമോന്‍. സ്വന്തം വ്യക്തി ബന്ധങ്ങളും ഈ പദ്ധതിയുടെ വിജയത്തിനായി ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കയിലെ പ്രമുഖ ബില്‍ഡര്‍ കൂടിയായ സജിമോന്‍ നിരവധി ചാരിറ്റബിള്‍ സംഘടനകള്‍ വഴി ഒരുപാടു പേര്‍ക്ക് സഹായം നല്‍കിവരുന്നവ്യക്തിയാണ്. മികച്ച സംഘാടകന്‍ കൂടിയായ സജിമോന്‍ ഭവനം പദ്ധതിയില്‍ ആദ്യത്തെ വീടിനുള്ള തുക നല്‍കിയ ശേഷമാണു മറ്റുള്ളവരെ സമീപിക്കുന്നത്. ഭവനം പദ്ധതിയില്‍ ഇതുവരെ വന്ന എല്ലാ വീടുകളും തന്നെ അദ്ദേഹം നിരന്തരമായി ആളുകളുമായി നേരിട്ട് നേടിയെടുത്തവയാണെന്നു വേണമെങ്കില്‍ പറയാം. ഏറ്റെടുക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കുവാന്‍ എത്ര ത്യാഗം സഹിക്കാനും അദ്ദേഹം പ്രകടിപ്പിക്കുന്ന പ്രതിബദ്ധതയാണ് ഇഇഇ പദ്ധതിയുടെ വിജയം.

ഇനിയും കൂടുതല്‍ പേര് ഈ സ്‌നേഹ ബന്ധത്തിന്റെ പര്യായമായ ഭവന നിര്‍മ്മാണ ശൃഖലയിലെ കണ്ണികളാകാണാമെന്നു സെക്രട്ടറി ടോമി കോക്കാട് അഭ്യര്‍ത്ഥിച്ചു. കാനഡയില്‍ നിന്നുള്ള എല്ലാ നല്ല മനുഷ്യസ്‌നേഹികളും ഈ പദ്ധതിയുടെ ഭാഗഭാക്ക് ആകണമെന്നും ഭവനം പദ്ധതിക്കു ചുക്കാന്‍ പിടിക്കുന്ന മറ്റൊരു വ്യക്തിയായ അദ്ദേഹം ആഹ്വാനം ചെയ്തു.

രണ്ടു മുറി, ഹാള്‍, അടുക്കള, ഒരു ബാത്ത് റൂം എന്നീ സൗകര്യങ്ങളുള്ള വീടാണ് ഭവനം പദ്ധതി പ്രകാരം കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള തോട്ടം തൊഴിലാളികള്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്നത്. ഈ പദ്ധതിയിലേക്ക് സഹകരിക്കുന്നവര്‍ നല്‍കേണ്ടത് 1100 ഡോളര്‍ ആണ്.ബാക്കി തുക ഫൊക്കാന ഭവനം പദ്ധതി കേരള സര്‍ക്കാരിന്റെ ഭവനം ഫൗണ്ടേഷനുമായി സഹകരിച്ചു ക്രമീകരിക്കുമെന്നും ടോമി കൊക്കടി വ്യക്തമാക്കി.

ചിക്കാഗോ മലയാളികളുടെ ഇടയില്‍ ഏറെ പ്രിയങ്കരനും മികച്ച സംഘടകനുമായ ഫൊക്കാന ജോയിന്റ് ട്രഷറര്‍ പ്രവീണ്‍ തോമസ് പദ്ധതിയിലേക്കുള്ള സംഭാവന വ്യക്തിപരമായി നല്‍കിയ ശേഷമാണു മറ്റുള്ളവരെ സമീപിക്കുന്നത്. പ്രവൃത്തിയായിരിക്കണം ഏതൊരു സംഘടനയുടെയും മുഖമുദ്ര എന്ന് വിശ്വസിക്കുന്ന പ്രവീണ്‍ ചിക്കാഗോയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി പേരെ ഈ പദ്ധിതിയുടെ ഭാഗമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.പദ്ധതിവന്‍ വിജയകരമാക്കുവാന്‍ സെക്രട്ടറി ടോമി കൊക്കാടും ജോയിന്റ് ട്രഷറര്‍ പ്രവീണ്‍ തോമസും മുന്‍ നിരയില്‍ തന്നെയുണ്ട്. ഈ പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറും.അമേരിക്കയിലെ ഇതര മലയാളി സംഘടനകള്‍ക്കും സംഘടനകളുടെ സംഘടനകള്‍ക്കും കൈവരിക്കാന്‍ കഴിയാത്ത നേട്ടമായിരിക്കും ഇത്.

സ്‌പോണ്‍സര്‍ഷിപ്പിനു താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: ഇ മെയില്‍: sajimonantony1@yahoo.com

ഫ്രാന്‍സിസ് തടത്തില്‍

By admin

Leave a Reply

Your email address will not be published. Required fields are marked *