ന്യുയോര്‍ക്ക്: ഫൊക്കാന പ്രസിഡന്റായി ജയിച്ചാല്‍ അടുത്ത കണ്‍വന്‍ഷന്‍ കപ്പലില്‍ വച്ച് നടത്തുമെന്ന് സീനിയര്‍ നേതാവ് ലീല മാരേട്ട്.

ഫൊക്കാന ഇത് വരെ കപ്പലില്‍ കണ്‍വന്‍ഷന്‍ നടത്തിയിട്ടില്ല. ഫോമ രണ്ടാം വട്ടവും കപ്പലില്‍ കണ്‍ വന്‍ഷന്‍ നടത്തുന്നു.

പുതുമ ആകും എന്നതു കൊണ്ട് മാത്രമല്ല കപ്പലില്‍ കണ്‍ വന്‍ഷന്‍ ആലോചിക്കുന്നത്. ന്യു ജെഴ്‌സി, ഫിലഡല്ഫിയ മേഖലകളില്‍ ക്കണ്വന്‍ഷന്‍ അടുത്തയിടക്കു നടന്നതിനാല്‍ ന്യു യോര്‍ക്കിലേക്ക് ഉടനെ വേണ്ട എന്നാണു ചിലര്‍ പറയുന്നത്. കപ്പലിലാവുമ്പോള്‍ ആ വാദത്തിനു പ്രസക്തി ഇല്ല.

കഴിഞ്ഞ തവണ ഏതാനും വോട്ടുകള്‍ക്ക് പരാജയപ്പെട്ടുവെങ്കിലും ഇത്തവണ സ്ഥിതിഗതികള്‍ ഏറെ മാറിയതായി ലീല മരേട്ട് പറഞ്ഞു. കഴിഞ്ഞ തവണ എതിരായി പ്രവര്‍ത്തിച്ച നല്ലൊരു വിഭാഗം പേര്‍ ഇത്തവണ പിന്തുണ നല്‍കുന്നു.

സംഘടനയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും എല്ലാ കാലത്തും സംഘടനയോടൊപ്പംനില്‍ക്കുകയും ചെയ്തവരെ തഴയുന്ന അവസ്ഥ പൊതുവെ പ്രവര്‍ത്തകരില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. ഒരു സംഘടനക്ക് പുറത്തു നിന്നു നേതാക്കളെ കണ്ടെത്തേണ്ടി വരുന്നതും ആശാസ്യമായ കാര്യമല്ല. അതു പോലെ സംഘടന സ്ഥിരമായി ഒരു വിഭാഗം കയ്യടക്കുന്നതും ശരിയല്ല.

അടുത്ത ഇലക്ഷനില്‍ഇവക്കെല്ലാം ശക്തമായ മറുപടി പ്രതിനിധികളില്‍ നിന്നുണ്ടാകും

ഫൊക്കാനയെ പുതിയ പാതയിലൂടെ ഉയരങ്ങളില്‍ എത്തിക്കുകയെന്നതാണു തന്റെഎക്കാലത്തെയും ദൗത്യം. ഒരു തവണ പരാജയപ്പെട്ടതു കൊണ്ട് ഇലക്ഷനില്‍ നിന്നു മാറി നില്ക്കണം എന്നുകരുതുന്നില്ല.

സുതാര്യവും ജനപങ്കാളിത്തവുമുള്ള പ്രവര്‍ത്തനം, പുതിയ കര്‍മ്മ പദ്ധതികള്‍, സംഘടനാ രംഗത്ത് കൂടുതല്‍ പേരെ ഉള്‍പെടുത്തിയുള്ള മുന്നേറല്‍ തുടങ്ങിയവയൊക്കെലക്ഷ്യമിടുന്നു.

വര്‍ഷങ്ങളായി ഫൊക്കാനയുടെ വിവിധതലങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവരുന്ന ലീല മാരേട്ട്, ഫൊക്കാനയുടെ കമ്മിറ്റി മെമ്പര്‍, റീജണല്‍ വൈസ് പ്രസിഡന്റ്, ട്രഷറര്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍, ഇലക്ഷന്‍ കമ്മിറ്റി മെമ്പര്‍, വിമന്‍സ് ഫോറം ദേശീയ കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍പ്രവര്‍ത്തിച്ചു

‘ഏതു പദവിയില്‍ ഇരുന്നാലും അതിനോടു നീതി പുലര്‍ത്തിയിട്ടുണ്ട്. 12വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രസിഡന്റ് സ്ഥാനം തേടിയെത്തിയതാണ്. അന്നു ഞാന്‍ സ്ഥാനത്തിനു വേണ്ടി മത്സരിക്കുവാന്‍ തയാറല്ലായിരുന്നു. ഇപ്പോള്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ച് ലഭിച്ച അനുഭവജ്ഞാനം, സംഘടനയെ നയിക്കാനുള്ള നേതൃപാടവം എന്നിവ ഉള്‍ക്കൊണ്ടുകൊണ്ട് വീണ്ടും രംഗത്തു വന്നിരിക്കുകയാണ്.’

1981 ല്‍ അമേരിക്കയിലെത്തിയ ലീല മാരേട്ട് തന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ വളരെ പെട്ടെന്ന് തന്നെ സ്ഥാനം പിടിച്ച വ്യക്തിത്വമാണ്.

2004ല്‍ വാശിയേറിയ ഇലക്ഷനില്‍ കൂടിയാണ് ഫൊക്കാന നാഷനല്‍ കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത്. അന്നും കണ്‍വന്‍ഷന് സാമ്പത്തിക സഹായം എത്തിക്കുന്നതില്‍ നല്ല പങ്കുവഹിച്ചു. 2006ല്‍ തമ്പി ചാക്കോ പാനലില്‍ ന്യൂയോര്‍ക്ക് റീജണല്‍ പ്രസിഡന്റായി. ശക്തമായ ഇലക്ഷനില്‍ എല്ലാവരും പരാജയപ്പെട്ടിട്ടും ഒറ്റയ്ക്ക് വിജയിക്കുകയുണ്ടായി.

വളരെ നല്ല പ്രവര്‍ത്തനങ്ങള്‍ രണ്ടുവര്‍ഷം കാഴ്ചവെച്ചു. നിര്‍ധനരായവര്‍ക്ക് നാട്ടില്‍ പത്തു വീടുകള്‍ നിര്‍മ്മിച്ചു. ഇന്‍ഡിപെന്‍ഡന്റ്‌സ് ഡേ പരേഡില്‍ ഫൊക്കാനയുടെ പ്രൗഢി നിലനിര്‍ത്തുവാന്‍ രണ്ടു പ്രാവശ്യം ഫ്‌ളോട്ടുകള്‍ ഇറക്കി. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 50 വര്‍ഷത്തെ കേരളപ്പിറവി ആഘോഷിച്ചു. കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുവാന്‍ യൂത്ത് ഫെസ്റ്റിവല്‍ നടത്തി. വനിതകള്‍ക്കു വേണ്ടി സൗന്ദര്യമത്സരം അരങ്ങേറി.

2008ല്‍ ഫിലാഡല്‍ഫിയയില്‍ വച്ചു നടത്തപ്പെട്ട ഫൊക്കാന കണ്‍വന്‍ഷന്‍ സുവനീര്‍ കോര്‍ഡിനേറ്ററായിരുന്നു. പരസ്യങ്ങള്‍ പിടിച്ചെടുത്ത സാമ്പത്തികം കൊണ്ട് കണ്‍വന്‍ഷന്‍ നഷ്ടമില്ലാതെ നടന്നു.

അടുത്ത ആല്‍ബനി കണ്‍വന്‍ഷനില്‍ ട്രഷററായിരുന്നു. ആ വര്‍ഷവും കണ്‍വന്‍ഷന്‍ നഷ്ടമില്ലാതെ കലാശിച്ചു.

വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ എന്ന നിലയില്‍ എല്ലാ സംസ്ഥാനങ്ങളിലും വിമന്‍സ് ഫോറം സംഘടിപ്പിച്ചു. സെമിനാറുകള്‍, വിവിധ കലകളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള മത്സരങ്ങള്‍, അവയവദാന രജിസ്ട്രി എന്നിവ സംഘടിപ്പിച്ചു. കാനഡയിലും ഫിലഡല്ഫിയയിലും നടന്നരണ്ടു കണ്‍വന്‍ഷനിലും വളരെയധികം രജിസ്‌ട്രേഷനുകളും, പരസ്യവും ശേഖരിച്ച് അങ്ങേയറ്റം സഹായിക്കുകയുണ്ടായി.

ലാഭനഷ്ടങ്ങള്‍ക്ക് ജീവിതത്തില്‍ സ്ഥാനം കൊടുക്കാതെ നിസ്സഹായന് കൈത്താങ്ങാവുന്ന ഈ പ്രവത്തകയുടെ നാമം അമേരിക്കന്‍ മലയാളികളുടെ നാവിന്‍ തുമ്പില്‍ എന്നുമുണ്ടാവുമെന്നതില്‍ സംശയമില്ല. 1988 ല്‍ ആരംഭിച്ച പൊതുപ്രവര്‍ത്തനം കൊണ്ട് ലീല മാരേട്ട് നേടിയ അനുഭവസമ്പത്ത് അളന്നു തിട്ടപ്പെടുത്താന്‍ ഒരു മനുഷ്യായുസ്സ് മതിയായെന്ന് വരില്ല. ഫൊക്കാനയുടെ അംഗമായത് മുതല്‍ക്കുള്ള ലീല മാരേട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറുപ്പത്തിന്റെ ആവേശവും ആത്മാര്‍ത്ഥതയും ഉണ്ടായിരുന്നു.

രാഷ്ട്രീയ പാരമ്പര്യം ഉള്ള കുടുംബത്തില്‍ നിന്നും വന്നതിനാല്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ലീല മാരേട്ട് താല്‍പ്പര്യം കാണിച്ചിരുന്നു. അമേരിക്കന്‍ മലയാളികളില്‍ രാഷ്ട്രീയബോധം കൊണ്ടുവരാന്‍ അവര്‍ ശ്രമിച്ചിരുന്നു.

രസതന്ത്രത്തില്‍ എം.എസ്.സി. ബിരുദമുള്ള ഇവര്‍ ആലപ്പുഴ സെന്റ്. ജോസഫസ് കോളേജിലും ബ്രോങ്ക്‌സ് കമ്മ്യൂണിറ്റി കോളേജിലും അധ്യാപികയായി. ന്യൂയോര്‍ക്ക് നഗരത്തിലെ പരിതസ്ഥിതി സംരക്ഷണ വിഭാഗത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം റിട്ടയര്‍ ചെയ്തു.

പൊതുജന സേവനത്തിന്റെ പട്ടികയും വളരെ നീണ്ടതു തന്നെ. കേരള സമാജം പ്രസിഡന്റ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ എന്നീ നിലകളില്‍ ആദ്യകാലത്തു പ്രവര്‍ത്തിച്ചുകൂടാതെ, ഇന്ത്യ കാത്തലിക് അസ്സോസിയേഷന്‍ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സിറ്റി യൂണിയന്റെ ലോക്കല്‍ 375 ന്റെ റെക്കോര്‍ഡിംഗ് സെക്രട്ടറി, വുമണ്‍സ് ഓര്‍ഗനൈസേഷന്‍ കമ്മിറ്റി കോചെയര്‍, ഡെലിഗേറ്റ്, ട്രഷറര്‍, കോ ചെയര്‍ ഓഫ് ഡിസി 37, സൗത്ത് ഏഷ്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പൊളിറ്റിക്കല്‍ പ്രോഗ്രസ്, ന്യൂ അമേരിക്കന്‍ ഡെമോക്രാറ്റിക് ക്ലബിന്റെ ബോര്‍ഡ് മെമ്പര്‍ എന്നിങ്ങനെസ്തുത്യര്‍ഹപദവികള്‍ വഹിച്ചിട്ടുണ്ട്.

ഫൊക്കാന പിളര്‍ന്നപ്പോള്‍ രണ്ടു പക്ഷത്തിന്റേയും പിന്തുണ ഉണ്ടായ ഒരാള്‍ കൂടിയാണ് ലീല എന്നുള്ളത് സ്മരണീയമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *