വാഷിംഗ്ടണ്‍: അമേരിക്കയില്‍ വന്ന് പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് ട്രം‌പ് ഭരണകൂടത്തിന്റെ പുതിയ വിസ നിയമം തിരിച്ചടിയാകും. വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ വിസ നിബന്ധനകള്‍ ‘പ്രസവ ടൂറിസ’ത്തെ ഉദ്ദേശിച്ചിട്ടുള്ളതാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പ്രസ്താവിച്ചു.

ഫെഡറല്‍ രജിസ്റ്ററിലെ നിയമങ്ങളനുസരിച്ച് പ്രസവത്തിനായാണ് യുഎസിലേക്ക് വരാന്‍ പദ്ധതിയെന്ന് പ്രഥമദൃഷ്ട്യാ ഒരു കോണ്‍സുലര്‍ ഉദ്യോഗസ്ഥന്‍ തീരുമാനിക്കുകയാണെങ്കില്‍ അപേക്ഷകര്‍ക്ക് ടൂറിസ്റ്റ് വിസ നിഷേധിക്കും. അമേരിക്കയിലെത്തി പ്രസവിക്കുന്ന കുട്ടിക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കുമെന്ന കാരണത്താലാണ് പലരും അമേരിക്കയില്‍ പ്രസവിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് പറയുന്നു.

മെഡിക്കല്‍ ആവശ്യങ്ങളുള്ളവരെ ചികിത്സയ്ക്കായി യുഎസിലേക്ക് വരുന്ന മറ്റ് വിദേശികളെപ്പോലെ പരിഗണിക്കും. എന്നാല്‍, ജീവിതച്ചെലവും ചികിത്സാച്ചെലവും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് അവരുടെ പക്കല്‍ പണമുണ്ടെന്ന് തെളിയിക്കണം.

വിസ തട്ടിപ്പിനായി ‘ജനന ടൂറിസം’ അല്ലെങ്കില്‍ ‘പ്രസവ ടൂറിസം’ ഏജന്‍സികള്‍ എന്ന് വിളിക്കപ്പെടുന്ന ഓപ്പറേറ്റര്‍മാരെ അധികൃതര്‍ അറസ്റ്റുചെയ്തതായി പല കേസുകളും നിലവിലുണ്ടെങ്കിലും, പ്രസവത്തിനായി യുഎസിലേക്ക് പോകുന്ന രീതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്. വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ സ്ത്രീകള്‍ അവരുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് പലപ്പോഴും സത്യസന്ധത പുലര്‍ത്തുകയും ഡോക്ടര്‍മാരും ആശുപത്രികളും ഒപ്പിട്ട പേപ്പറുകള്‍ കാണിക്കുകയും ചെയ്യാറുണ്ട്.

അമേരിക്കയില്‍ സന്ദര്‍ശനത്തിനു വന്ന അമ്മ പ്രസവിച്ചതുകൊണ്ടു മാത്രം ഒരു കുട്ടിക്ക് അമേരിക്കന്‍ പൗരത്വം നേടാനുള്ള യോഗ്യതയാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വിശ്വസിക്കുന്നില്ല. പുതിയ നിയമങ്ങള്‍ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

ട്രംപ് ഭരണകൂടം എല്ലാത്തരം കുടിയേറ്റങ്ങളെയും നിയന്ത്രിക്കുന്നുണ്ട്. പക്ഷേ ജന്മാവകാശ പൗരത്വം എന്ന വിഷയത്തില്‍ ആദ്യമായാണ് ട്രം‌പ് ഭരണകൂടം പ്രതികരിക്കുന്നത്. യുഎസില്‍ ജനിക്കുന്ന ആരെയും ഭരണഘടന പ്രകാരം പൗരനായി കണക്കാക്കുന്നു. ഈ സമ്പ്രദായം അവസാനിപ്പിക്കുമെന്ന് ട്രം‌പ് നിരന്തരം പ്രസ്താവനകളിറക്കിയിരുന്നെങ്കിലും അതത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അദ്ദേഹത്തിന്‍റെ ഭരണകൂടത്തിലെ അംഗങ്ങള്‍ തന്നെ അഭിപ്രായപ്പെട്ടിരുന്നു.

ഗര്‍ഭിണികള്‍ക്കുള്ള ടൂറിസ്റ്റ് വിസകള്‍ നിയന്ത്രിക്കുന്നത് പ്രശ്നത്തിനുള്ള ഒരു മാര്‍ഗമാണ്, എന്നാല്‍ ഒരു സ്ത്രീ ഗര്‍ഭിണിയാണോ എന്ന് ഉദ്യോഗസ്ഥര്‍ എങ്ങനെ തീരുമാനിക്കും? ഗര്‍ഭിണിയാണെങ്കില്‍ ഉദ്യോഗസ്ഥര്‍ ഒരു സ്ത്രീയെ പിന്തിരിപ്പിക്കുമോ എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.

ഒരു സ്ത്രീ ഗര്‍ഭിണിയാണോ അതോ അങ്ങനെ ആകാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് വിസ അഭിമുഖങ്ങളില്‍ ചോദിക്കാന്‍ കോണ്‍സുലര്‍ ഓഫീസര്‍മാര്‍ക്ക് അവകാശമില്ല. വിസ അപേക്ഷകന്‍ പ്രാഥമികമായി പ്രസവത്തിനായി യുഎസിലേക്ക് വരുന്നുണ്ടോ എന്നാണ് അവര്‍ നിര്‍ണ്ണയിക്കേണ്ടത്.

നടപ്പാക്കാന്‍ പ്രയാസമുള്ള ഒരു നിയമത്തിന് പുറമേ, അത്തരം നിയന്ത്രണങ്ങള്‍ അന്യായമായി സ്ത്രീകളെ ലക്ഷ്യമിടുന്നുവെന്ന് വിമര്‍ശകര്‍ പറയുന്നു.

അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും ലാഭകരമായ ഒരു ബിസിനസാണ് ‘പ്രസവ ടൂറിസം’ അഥവാ ‘ജനന ടൂറിസം.’ റഷ്യയിലും ചൈനയിലും ഇതിന് ഏജന്‍സികളുണ്ട്. പരസ്യങ്ങള്‍ നല്‍കി 80,000 ഡോളര്‍ വരെയാണ് ഈടാക്കുന്നത്. ഹോട്ടല്‍ താമസവും വൈദ്യ പരിചരണവും എല്ലാം വാഗ്ദാനം ചെയ്യുന്നു. വര്‍ഷം തോറും ആയിരക്കണക്കിന് സ്ത്രീകളാണ് റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും ഇങ്ങനെ അമേരിക്കയില്‍ വന്ന് പ്രസവിക്കുന്നത്.

‘മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഗര്‍ഭിണികളെ അമേരിക്കയില്‍ വരാന്‍ സഹായിക്കുന്നതിനായി അമേരിക്കയില്‍ തന്നെ ഏജന്‍സികളുണ്ട്. ഒരു സ്ത്രീ പ്രസവിക്കുന്നതിലൂടെ അവരുടെ കുട്ടികള്‍ക്ക് യുഎസ് പൗരത്വം നേടുന്നതിനും അതുവഴി അവരുടെ കുട്ടികള്‍ക്ക് യുഎസ് പൗരത്വത്തിന്‍റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും സഹായകമാകുന്നു. ഈ എളുപ്പ വഴിയാണ് ‘പ്രസവ ടൂറിസം’ തഴച്ചുവളരാന്‍ സഹായകമായതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു.

പ്രസവത്തിനായി എത്ര വിദേശ സ്ത്രീകള്‍ യുഎസിലേക്ക് പോകുന്നുവെന്നതിന് കണക്കുകളൊന്നുമില്ല. കര്‍ശനമായ ഇമിഗ്രേഷന്‍ നിയമങ്ങള്‍ക്കായി വാദിക്കുന്ന സെന്‍റര്‍ ഫോര്‍ ഇമിഗ്രേഷന്‍ സ്റ്റഡീസിന്റെ കണക്കുകള്‍ പ്രകാരം 2012 ല്‍ 36,000 വിദേശ സ്ത്രീകള്‍ യുഎസില്‍ പ്രസവിക്കുകയും പിന്നീട് രാജ്യം വിടുകയും ചെയ്തുവെന്ന് പറയുന്നു.

പുതിയ നിയമം പ്രസവ ടൂറിസം വ്യവസായവുമായി ബന്ധപ്പെട്ട ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് അധികൃതര്‍ വിശ്വസിക്കുന്നത്.

മൊയ്തീന്‍ പുത്തന്‍‌ചിറ

By admin

Leave a Reply

Your email address will not be published. Required fields are marked *