ന്യൂയോര്‍ക്ക്: മുംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ പാക്കിസ്ഥാന്‍ കോണ്‍സുലേറ്റിനു മുന്നില്‍ പ്രതിക്ഷേധ പ്രകടനം നടത്തി. മുംബൈ ഭീകരാക്രമണത്തില്‍ ഇസ്ലാമാബാദിന്റെ പങ്കില്‍ പ്രകടത്തില്‍ പങ്കെടുത്തവര്‍ ശക്തമായി പ്രതിക്ഷേധിച്ചു.

“സ്റ്റോപ്പ് പാക് ടെററിസം’ എന്ന പ്ലാക്കാര്‍ഡുകള്‍ പിടിച്ച് കോണ്‍സുലേറ്റിന് മുന്നില്‍ നിന്ന് പ്രതിക്ഷേധക്കാര്‍ പാക്കിസ്ഥാന്‍ സ്‌പോണ്‍സേര്‍ഡ് ഭീകരാക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു. അതോടൊപ്പം ഭീകരാക്രമണത്തിന് ഇരയായവര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട ബാനറുകളും പ്രതിക്ഷേധക്കാര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.

ഞങ്ങള്‍ ഇവിടെ സമാധാനപരമായി പ്രതിഷേധിക്കുന്നതിന് പ്രധാന കാരണം മുംബൈ അക്രമകാരികള്‍ക്ക് ഇതുവരെ യാതൊരു ശിക്ഷയും ലഭിച്ചിട്ടില്ലെന്നു മാത്രമല്ല, അവര്‍ക്ക് ഒളിച്ചിരിക്കുന്നതിനുള്ള സൗകര്യം പാക് അധികൃതര്‍ നല്‍കിയിരിക്കുന്നുവെന്നത് നീതി നിഷേധത്തിന് തുല്യമാണെന്ന് ബോധ്യപ്പെടുത്താന്‍ കൂടിയാണെന്ന് പ്രതിഷേധക്കാരില്‍ ഒരാളായ അന്‍ങ്കുഷ ബന്ധാരി പറഞ്ഞു.

ജിഹാദിനെതിരേ പാക്കിസ്ഥാന്‍ കമ്യൂണിറ്റി ഒന്നിച്ചാല്‍ പ്രശ്‌നങ്ങള്‍ക്ക് അതിവേഗം പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. അമേരിക്കന്‍ അധികൃതരും പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് പാക് അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *