ഡാളസ് : സമസൃഷ്ടങ്ങള്‍ അനുഭവിക്കുന്ന വേദനയില്‍ പങ്കുകാരനാകുമ്പോള്‍ മാത്രമാണഅ ഇന്ന് നാം ആചരിക്കുന്ന നോമ്പ് അര്‍ത്ഥതലത്തിലെത്തുകയെന്ന് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് മുന്‍ വികാരിയും, ബാംഗ്ലൂര്‍ സെന്റ് തോമസ് ഇടവക വികാരിയും ബൈബിള്‍ പണ്ഡിതനുമായ റവ.ഷൈജു പി. ജോണ്‍ അഭിപ്രായപ്പെട്ടു.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് മാര്‍ച്ച് 17 ബുധനാഴ്ച നോമ്പിനോടനുബന്ധിച്ച് സൂം വഴി സംഘടിപ്പിച്ച യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അച്ചന്‍.

ലൂക്കോസ് 16-19 മുതല്‍ 30 വരെയുള്ള വാക്യങ്ങളെ അധികരിച്ചായിരുന്നു ധ്യാനപ്രസംഗം. ധനവാന്റേയും, ലാസറിന്റേയും ജീവിതത്തില്‍ ഉണ്ടായ വ്യത്യസ്ഥ അനുഭവങ്ങളെ അച്ചന്‍ വിശദീകരിച്ചു.

ധനവാന്റെ പടിപുരക്കല്‍, അവന്റെ മേശയില്‍ നിന്നും വീഴുന്ന അപ്പകഷ്ണങ്ങള്‍ കൊണ്ടു വിശപ്പടക്കി നരകതുല്യജീവിതം നയിച്ചിരുന്ന ലാസറിന്റെ മരണശേഷം അവന് ലഭിച്ച സൗഭാഗ്യത്തെകുറിച്ചും, സമ്പന്നതയില്‍ കഴിഞ്ഞിരുന്ന ധനവാനു കാലം കരുതി വെച്ചിരുന്ന വലിയ തിരിച്ചടിയെകുറിച്ചും അച്ചന്‍ സവിസ്തരം പ്രതിപാദിച്ചു. നാം ജീവനോടിരിക്കുമ്പോള്‍ ചെയ്ത പ്രവര്‍ത്തികള്‍ക്കു അനുസൃതമായിരിക്കും നമുക്ക് പ്രതിഫലം ലഭിക്കുകയെന്നത് വിസ്മരിക്കരുത്.

നമ്മുടെ ചുറ്റുപാടും കഴിയുന്ന സഹോദരങ്ങള്‍ ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാതെ പട്ടിണികിടന്നു മരിക്കുമ്പോള്‍, മരം കോച്ചുന്ന തണുപ്പില്‍ നിന്നും രക്ഷനേടുന്നതിന് വസ്ത്രത്തിനായ് കേഴുമ്പോള്‍, രോഗത്തിന് ചികിത്സിക്കുവാന്‍ പണമില്ലാതെ മരണത്തിനു കീഴ്‌പെടുമ്പോള്‍ അതിനെതിരെ കണ്ണടച്ചു നോമ്പു നോല്‍ക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്ന് അച്ചന്‍ ചോദിച്ചു.

നാം നമ്മുടെ നന്മയെ കുറിച്ചാണോ ചിന്തിക്കുന്നത് അതോ മറ്റുള്ളവരുടെ നന്മയെ കുറിച്ചോ? നോമ്പുകാലം നമ്മെ പഠിപ്പിക്കുന്ന വലിയൊരു യാഥാര്‍ത്ഥ്യം നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് ഭൂമിയില്‍ പിറന്ന് കഷ്ടതയനുഭവിച്ചു മരിച്ച ക്രിസ്തുവിന്റെ പാത പിന്തുടരുകയെന്നതാണ്. സെന്റ് പോള്‍സ് ഇടവക വികാരി റവ. മാത്യു ജോസഫ്(മനോജച്ചന്‍) സ്വാഗതമാശംസിച്ചു. ഇടവക സെക്രട്ടറി തോമസ് ഈശോ നന്ദി രേഖപ്പെടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *