ഓസ്റ്റിൻ: ടെക്സസ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പുതിയ ചെയർമാനായി അലൻ വെസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച ചേർന്ന വെർച്വൽ കോൺഫറൻസിലാണ് നിലവിലുള്ള ജിഒപി ചെയർമാൻ ജെയിംസ് ഡിക്കിയെ 22 നെതിരെ 31 വോട്ടുകൾ നേടി പരാജയപ്പെടുത്തി ഫ്ലോറിഡായിൽ നിന്നുള്ള മുൻ കോൺഗ്രസ് അംഗം അലൻ വെസ്റ്റ് വിജയിച്ചത്.

റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന ടെക്സസ് (ഡൈ കൺസർവേറ്റീവ് സ്റ്റേറ്റ്) 2020 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപിനോടൊപ്പം നിൽക്കണമെങ്കിൽ കഴിവുറ്റ നേതൃത്വം ആവശ്യമാണെന്ന് കൺവൻഷൻ വിലയിരുത്തി.

ജൊ ബൈഡൻ ടെക്സസിൽ പിടിമുറുക്കുമോ എന്ന ഭയമാണു വാക്കുകൾ കൊണ്ടു തീയമ്പുകൾ പായിക്കുവാൻ കഴിയുന്ന വെസ്റ്റിനെ തന്നെ ചെയർമാനായി തെരഞ്ഞെടുത്തത്. നിലവിലുള്ള സർവേ റിപ്പോർട്ടുകൾ പ്രകാരം ടെക്സസിൽ ജൊ ബൈഡൻ ട്രംപിനേക്കാൾ 5 പോയിന്‍റ് മുന്നിലാണ്.

2011–2013 ഫ്ലോറിഡാ 22nd കൺഗ്രഷണൽ ഡിസ്ട്രിക്റ്റിനെയാണ് വെസ്റ്റ് പ്രതിനിധാനം ചെയ്തിരുന്നത്. 2014 ൽ ടെക്സസിൽ എത്തിയ വെസ്റ്റ് നാഷണൽ സെന്‍റർ ഫോർ പോളിസി അനലസിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു. ഒബാമയുടെ ഭരണത്തിൽ യുഎസ് കോൺഗ്രസിലേക്കു ജയിച്ച ചുരുക്കം ചില ആഫ്രിക്കൻ അമേരിക്കൻ റിപ്പബ്ലിക്കൻ അംഗങ്ങളിൽ കരുത്തനായ നേതാവായിരുന്നു വെസ്റ്റ്. ഒബാമയുടെ ഡെമോക്രാറ്റിക് പാർട്ടിയിൽ 81 ഹൗസ് ഡെമോക്രാറ്റുകൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗങ്ങളാണെന്ന് പരസ്യമായി ആരോപണം ഉന്നയിച്ച വ്യക്തിയായിരുന്നു വെസ്റ്റ്. അംഗങ്ങളുടെ പേരോ, തെളിവോ വെസ്റ്റ് ഹാജരാക്കിയിരുന്നില്ല. ഡെമോക്രാറ്റിന്‍റെ ടെക്സസിലെ കുതിപ്പിന് കടിഞ്ഞാണിടാൻ വെസ്റ്റിന്‍റെ വിജയം കഴിയുമെന്നാണ് പാർട്ടി വിശ്വസിക്കുന്നത്.

പി.പി. ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *