വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ ജനസംഖ്യാ കണക്കെടുപ്പില്‍ അനധികൃത കുടിയേറ്റക്കാരെ ഉള്‍പ്പെടുത്തില്ലെന്ന ട്രംപിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഭൂരിപക്ഷ ജഡ്ജിമാരുടെ പിന്തുണയോടെ തള്ളി.

മുന്നിനെതിരേ ആറ് ജഡ്ജിമാരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ഡിസംബര്‍ 18 വെള്ളിയാഴ്ചത്തെ വിധി ട്രംപിന് താത്കാലികമായി ലഭിച്ച വിജയമായി കണക്കാക്കുന്നു. ന്യൂയോര്‍ക്ക് സംസ്ഥാനവും, അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനും സംയുക്തമായിട്ടാണ് ട്രംപിന്റെ തീരുമാനത്തെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തത്.

എന്തു മാനദണ്ഡമനുസരിച്ചാണ് ഇല്ലീഗല്‍ ഇമിഗ്രന്റ്‌സിനെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുകയില്ലെന്ന വ്യക്തമായ തീരുമാനം ട്രംപ് അഡ്മിനിസ്‌ട്രേഷന്‍ കോടതിയില്‍ അറിയിച്ചിട്ടില്ല. അതിനാല്‍ അങ്ങനെയൊരു തീരുമാനം ഉണ്ടാകുമ്പോള്‍ ഈ വിഷയം വീണ്ടും സുപ്രീംകോടതിക്ക് പരിഗണിക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

നിയമം നടപ്പാക്കാനാണ് പുതിയ ഭരണകൂടം ശ്രമിക്കുന്നതെങ്കില്‍ അതിനെ വീണ്ടും ചോദ്യംചെയ്യുമെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ അറ്റോര്‍ണി ഡെയ്ല്‍ ഹൊ പറഞ്ഞു.

അമേരിക്കയില്‍ ഇതുവരെ ലഭ്യമായ കണക്കുകള്‍ അനുസരിച്ച് പതിനൊന്ന് മില്യന്‍ അനധികൃത കുടിയേറ്റക്കാരുണ്ട്. പോളിസി നിലവില്‍ വരുമ്പോള്‍ ഇമിഗ്രേഷന്‍ ഡിറ്റന്‍ഷനിലുള്ളവരും. ഡീപോര്‍ട്ടേഷന്‍ നടപടികളില്‍ കഴിയുന്നവരും, അമേരിക്കയില്‍ അനധികൃതമായി പ്രവേശിച്ച ഏഴു ലക്ഷം കുട്ടികളും ഇതിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നത് അംഗീകരിക്കാന്‍ സാധ്യമല്ലെന്നും അറ്റോര്‍ണി പറഞ്ഞു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *