ചിക്കാഗോ: അമേരിക്കയിലെ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള കത്തീഡ്രല്‍ ദേവാലയമായ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേ ആഘോഷിച്ചു. ഇടവകയിലെ ഇരുനൂറിനു മുകളില്‍ വല്യപ്പന്മാരും, വല്യമ്മച്ചിമാരും ആഘോഷങ്ങളില്‍ പങ്കെടുത്തു.

മുന്‍ ചാന്‍സിലറും പാലാ രൂപതാ വികാരി ജനറാളുമായ ഫാ. സെബാസ്റ്റ്യന്‍ വേത്താനത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന കൃതജ്ഞതാബലിയില്‍ വികാരി ഫാ. തോമസ് കടുകപ്പള്ളിയും, മതബോധന ഡയറക്ടര്‍ ഫാ. ജോര്‍ജ് ദാനവേലിയും പങ്കെടുത്തു.

ഗ്രാന്റ് പേരന്റ്‌സ് വളര്‍ന്നുവരുന്ന തലമുറയ്ക്ക് നല്‍കുന്ന സേവനങ്ങളേയും ജീവിതമാതൃകകളേയും പ്രത്യേകം അനുസ്മരിക്കുകയുണ്ടായി. കുഞ്ഞുമക്കളുടെ ജീവിതത്തില്‍ ഓരോ ഗ്രാന്റ് പേരന്റ്‌സിനുമുള്ള ഉത്തരവാദിത്വങ്ങള്‍ കടുകപ്പള്ളിയച്ചന്‍ എടുത്തുപറയുകയുണ്ടായി. ദിവ്യബലിക്കുശേഷം നടന്ന പൊതുസമ്മേളനത്തിനും സ്‌നേഹവിരുന്നിനും ഇടവകയിലെ മാതൃസംഘം നേതൃത്വം നല്‍കി. ഏറ്റവും മുതിര്‍ന്ന ഗ്രാന്റ് പേരന്റ്‌സിനെ പ്രത്യേകം ആദരിച്ചു. മാതൃസംഘം ഗ്രാന്റ് പേരന്റ്‌സിനായി പ്രത്യേക കലാപരിപാടികളും ഏര്‍പ്പെടുത്തുകയും, വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്തു.

പല ഗ്രാന്റ് പേരന്റ്‌സിനും തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെയ്ക്കാനുള്ള അവസരമായിരുന്നു പൊതുസമ്മേളനം. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. സീമാ ജോര്‍ജ് പരിപാടികളുടെ എം.സിയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *