ഡാളസ്: ഡാളസ് കൗണ്ടിയില്‍ ഡിസംബര്‍ 22 ചൊവ്വാഴ്ച മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 30 പേരാണ് ചൊവ്വാഴ്ച മരിച്ചതെങ്കില്‍ 2,366 പുതിയ കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും കോവിഡ് വ്യാപനം കാര്യമായി തടയുന്നതിന് പൊതുജനങ്ങളുടെ ഭാഗത്തുനിന്നും പൂര്‍ണ സഹകരണം ലഭിക്കുന്നില്ലെന്ന് അധികൃതര്‍ പറയുന്നു.

ഡാളസ് കൗണ്ടിയില്‍ മാത്രം ഇതുവരെ 1,58,354 കൊറോണ വൈറസ് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 1,514 മരണവും സംഭവിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച കൗണ്ടിയില്‍ മരിച്ചവര്‍ 50 വയസിനും 90 വയസിനും ഇടയിലുള്ളവരാണ്.

ക്രിസ്മസ് ഒഴിവുകാലം വരുന്നതോടെ കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ധിക്കുവാന്‍ സാധ്യതയുണ്ടെന്നും, ഇതൊഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും കൗണ്ടി ജഡ്ജ് ക്ലെ ജങ്കിന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.

വീട്ടിലുള്ള അംഗങ്ങള്‍ക്കു പുറമെ ആരെങ്കിലും സന്ദര്‍ശനത്തിന് വരികയാണെങ്കില്‍ മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. അവധി ദിവസങ്ങളില്‍ കൂട്ടംകൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും ജഡ്ജി അറിയിച്ചു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *