ഒക്കലഹോമ: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനു സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഫെയ്‌സ് മാസ്ക്കിന്റെ ക്ഷാമം അമേരിക്കയിലും അനുഭവപ്പെടുന്നു. മെഡിക്കല്‍ ഷോപ്പുകളില്‍ ഇതിന്റെ ലഭ്യത വളരെ കുറഞ്ഞിട്ടുണ്ട്. അമേരിക്കയില്‍ ഇതുവരെ 62 കൊറോണ വൈറസ് രോഗികളെ കണ്ടെത്തിയതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. ഓരോ ദിവസവും പുതിയ റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. ഫ്‌ലോറിഡ, കലിഫോര്‍ണിയ, വാഷിങ്ടന്‍, ഒക്‌ലഹോമ, ഒറിഗണ്‍ ഈസ്റ്റ്, ടെക്‌സസ്, ഷിക്കാഗോ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

ദേശീയതലത്തില്‍ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ബോധവല്‍ക്കരണ സെമിനാറുകള്‍ ഫെഡറല്‍ ഗവണ്‍മെന്റ് നേരിട്ടു തന്നെ സംഘടിപ്പിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രാനിയന്ത്രണവും നിലവില്‍ വന്നു.

കൊറോണ വൈറസ് അമേരിക്കന്‍ ജനതയെ സംബന്ധിച്ചു വലിയ ഭീഷണിയല്ലെന്നു ട്രംപ് പറയുമ്പോള്‍ തന്നെ യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ വളരെ ഗൗരവത്തോടെയാണ് ഇതിനെ നോക്കി കാണുന്നത്. കൊറോണ വൈറസ് നിയന്ത്രണ വിധേയമാക്കുന്നതിന് ഗവണ്‍മെന്റ് തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ക്കു വൈസ് പ്രസിഡന്റ് പെന്‍സിനെ പ്രസിഡന്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്.

ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധയെ നിയന്ത്രിക്കുന്നതിന് ഔഷധം കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങള്‍ നടന്നുവരുന്നുണ്ട്.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *