ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ ആദ്യകാല സാംസ്കാരിക മുന്നേറ്റങ്ങളിലൊന്നായ കല മലയാളി അസോസിയേഷന്റെ നാല്‍പ്പത്തിരണ്ടാമത് ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സെപ്റ്റംബര്‍ 21-നു ശനിയാഴ്ച നടത്തപ്പെട്ട ഓണാഘോഷത്തില്‍ ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ മുഖ്യാതിഥിയായിരുന്നു.

വിഭവസമൃദ്ധമായ ഓണസദ്യയെ തുടര്‍ന്നു താലപ്പൊലികളുടേയും ചെണ്ടവാദ്യങ്ങളുടേയും അകമ്പടിയോടെ മാവേലി മന്നനെ വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്നു പ്രണയകൈരളിയുടെ ലാസ്യഭാവങ്ങള്‍ പ്രേക്ഷകഹൃദയങ്ങളിലെത്തിക്കാന്‍ ലാസ്യ ഡാന്‍സ് അക്കാഡമി അവതരിപ്പിച്ച തിരുവാതിരയ്ക്ക് സാധിച്ചുവെന്നത് പ്രശംസനീയമായി. പ്രശസ്ത ഗായകരായ കെവിന്‍ വര്‍ഗീസ്, അന്‍സു വര്‍ഗീസ് എന്നിവര്‍ അവതാരകരായിരുന്നു.

ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ എന്നിവര്‍ ഒരേ വേദിയില്‍ ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തിയതിലൂടെ അമേരിക്കന്‍ മലയാളി സംഘടനാ ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കാന്‍ കലയ്ക്ക് സാധിച്ചു എന്നത് അഭിനന്ദനാര്‍ഹമാണ്. ഫ്‌ളവേഴ്‌സ് ടിവി കോമഡി സ്റ്റാര്‍ രാജേഷ് അടിമാലി അവതരിപ്പിച്ച കോമഡി ഷോഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.

നൂപുര, ഭരതം, ലാസ്യ എന്നീ നൃത്തവിദ്യാലയങ്ങള്‍ കമനീയ നൃത്തപരിപാടികള്‍ കാഴ്ചവെച്ചു. അനുഗ്രഹീത ഗായകരായ ഹെല്‍ഡ, അനൂപ്, അലന്‍ അലക്‌സാണ്ടര്‍, സുനില്‍ തോംസണ്‍, അന്‍സു, കെവിന്‍ എന്നിവരുടെ ഗാനങ്ങള്‍ ഓണാഘോഷങ്ങള്‍ക്ക് മേളക്കൊഴുപ്പേകി. അലീഷ്യ തോമസ് ഇന്ത്യന്‍ ദേശീയ ഗാനവും, ജേക്കബ് ഫിലിപ്പ് അമേരിക്കന്‍ ദേശീയഗാനവും ആലപിച്ചു. ഓണം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോര്‍ജ് മാത്യു സി.പി.എ, പ്രസിഡന്റ് ഡോ. ജയ്‌മോള്‍ ശ്രീധര്‍, സെക്രട്ടറി ജിന്റോ ആലപ്പാട്ട്, ട്രഷറര്‍ ജോസഫ് സഖറിയ, സണ്ണി ഏബ്രഹാം, അലക്‌സ് ജോണ്‍, ജോസഫ് വി. ജോര്‍ജ്, ജോര്‍ജ് വി. ജോര്‍ജ്, ഷാജി മിറ്റത്താനി (മാവേലി) എന്നിവര്‍ ഓണാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *