ന്യൂജേഴ്‌സി: രണ്ട് ഇരവ് പകലുകൾ ലോകം ഉറക്കമൊഴിച്ചു കാത്തിരുന്ന അമേരിക്കയുടെ തെരെഞ്ഞെടുപ്പ് ഫലം ജോ ബൈഡനെ തുണയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഇനി നവാഡയിലെതെരെഞ്ഞെടുപ്പ് ഫലമാണ് അടുത്ത നാലു വർഷം അമേരിക്ക ഭരിക്കുന്നത് ആരെന്നുള്ള വിധി നിർണയിക്കപ്പെടുന്നത്. ഭാഗ്യ ദേവത കനിഞ്ഞാൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് അവസമരണീയ വിജയം സ്വന്തമാക്കും. ലോകവും അമേരിക്കയും ഇത്രയേറെ ആകാംക്ഷഭരിതമായ ഒരു തെരെഞ്ഞെടുപ്പ് അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.

കണക്കു കൂട്ടലുകൾ തെറ്റാതിരുന്ന, പ്രവചനങ്ങൾ മാറാതിരുന്ന, ലോകം ഉറ്റു നോക്കുന്ന അമേരിക്കയുടെ അടുത്ത പ്രസിഡണ്ട് ആകാനുള്ള മത്സരം ഒരു ഫോട്ടോ ഫിനിഷിലൂടെ ബൈഡൻ സ്വന്തമാക്കിയേക്കും. മറിച്ച് നിലവിലെ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് സ്ഥാനം നില നിർത്തണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം! നവാഡ ഇനി അത് മാത്രമാണ് ട്രമ്പിന് നേരിയ പ്രതീക്ഷ നൽകുന്ന സ്റ്റേറ്റ്.

നവാഡയിൽ ജയിച്ചാൽ മാത്രമേ ബൈഡനും പ്രസിഡണ്ട് സ്ഥാനം ഉറപ്പാക്കാന്‍ കഴിയുകയുള്ളൂ. ഇവിടെ 75 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ ബൈഡൻ 49.2 ശതമാനം വോട്ടുമായി ലീഡ് ചെയ്യുകയാണ്. 48.6 ശതമാനം വോട്ടുമായി ട്രമ്പ് തൊട്ടു പിന്നിലുണ്ട്.

ഏതാണ്ട് 3,08,000 ജനസംഖ്യയുള്ള നവാഡയിൽ 1,576,013 പേരാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുവരെ 1,182,010 വോട്ടുകൾ എണ്ണിക്കഴിഞ്ഞു. ബാക്കി 25 ശതമാനമായ 394,003 വോട്ടുകൾ കൂടി എണ്ണാനുണ്ട്. ഇതുവരെ ബൈഡനു ലഭിച്ചത് 588,252 വോട്ടുകളാണ്. ട്രമ്പിനു 580,605 കിട്ടിയത് വോട്ടും.

വെറും 7,500 വോട്ടുകൾക്ക് പിന്നിലുള്ള ട്രമ്പിനു അത്ഭുതങ്ങൾ സംഭവിച്ചാൽ കഷ്ട്ടിച്ചു കടന്നു കൂടാം. പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തീരുമ്പോൾ മറ്റു സ്റ്റേറ്റുകളിൽ ട്രമ്പിനുണ്ടായിരുന്ന ലീഡ് നഷ്ട്ടപ്പെട്ടതുപോലെ നവാഡയും ബൈഡനു അനുകൂലമായി മാറാനാണ് കൂടുതൽ സാധ്യത. രണ്ടു കാരണങ്ങളാണ് ബൈഡനു കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. ഒന്ന്: 2008 ലും 2012 ലും ബറാക്ക് ഒബാമയേയും 2016 ൽ ഹിലരി ക്ലിന്റണെയും പിന്തുണച്ച നീല കളറിനെ ചവപ്പാക്കുക ഏറെ ബുദ്ധിമുട്ടായിരിക്കും. രണ്ട്: ഇന്നലെ അർദ്ധരാത്രിവരെ ട്രമ്പിനു ലീഡുണ്ടായിരുന്ന പല സ്റ്റേറ്റുകളിൽ ഇന്ന് രാവിലെ മുതൽ പോസ്റ്റൽ ബാലറ്റുകൾ തുറന്നപ്പോൾ ട്രമ്പിന്റെ ലീഡിനെ മറികടന്ന് ബൈഡൻ അതി വേഗംകുതിക്കുന്ന കാഴ്ചയാണ് കണ്ടു വന്നത്.

അതായത് ഇന്നലെ എണ്ണിയ വോട്ടുകളിൽ ഭൂരിഭാഗവും റിപ്പബ്ലിക്കന്മാർ ഇന്നലെ പോളിംഗ് സ്റ്റേഷനിൽ നേരിട്ടു ചെയ്ത വോട്ടുകളായിരിക്കണം. എന്നാൽ ഇന്ന് എണ്ണിയ വോട്ടുകൾ ഡെമോക്രറ്റുകൾ കാലേക്കൂട്ടി ചെയ്ത പോസ്റ്റൽ വോട്ടുകളുമാകാം. അങ്ങനെയെങ്കിൽ നവാഡയിൽ ഇപ്പോൾ ബൈഡനൾ ലീഡ് മറികടക്കാൻ ട്രമ്പിന് അത്ഭുതങ്ങൾ തന്നെ സംഭവിക്കണം. അമേരിക്കയിലെ ക്രൈസ്തവ പ്രവാചകന്മാരുടെ പ്രവചനങ്ങൾ ശരിയാകണമെങ്കിൽ ട്രമ്പിനു ഇനിയും ശക്തമായ പ്രാത്ഥനകൾ വേണ്ടി വരും!

കഴിഞ്ഞ തവണ എല്ലാ പ്രവചനങ്ങളും മറി കടന്നാണ് ട്രമ്പ് മൃഗീയ ഭൂരിപക്ഷം നേടി അമേരിക്കൻ പ്രസിഡണ്ട് പദവിയിൽ എത്തിയത്.എന്തിനേറെ തെരെഞ്ഞെടുപ്പ് ദിവസങ്ങളിൽ വരെ വന്ന എക്സിറ്റ് പോളുകൾ പോലും ട്രമ്പിന്റെ പരാജയം ഉറപ്പാക്കിയതായിരുന്നു. വോട്ടെണ്ണലിലൂടെയാണ് അന്ന് അത്ഭുതങ്ങൾ സംഭവിച്ചത് .ഇപ്പോൾ വിജയ സാധ്യത തീരെ മങ്ങി നിൽക്കുന്ന ട്രമ്പ് നവാഡ പിടിച്ചെടുത്താൽ ചാരത്തിൽ നിന്നുയർത്തെഴുന്നേറ്റ ഒരു ഫീനിക്സ് പക്ഷിയെപ്പോലെയാകും അധികാരം നിലനിർത്തുക.

നിലവിൽ ഫലം പ്രഖ്യാപിച്ച സ്റ്റേറ്റുകളിൽ നിന്നായി ട്രമ്പിന് 214 ലും ബൈഡനു 248 ഇലക്ടറൽ വോട്ടുകളുമാണുള്ളത്. ട്രമ്പിനു നേരിയ പ്രതീക്ഷയുണ്ടായിരുന്ന മിഷഗൺ 99.99 വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ വ്യക്തമായ ഭൂരിപക്ഷത്തോടെ ബൈഡൻ സ്വന്തമാക്കിക്കഴിഞ്ഞു. മിഷഗണിലെ ഫലം പ്രഖ്യാപിക്കുന്നതോടെ ബൈഡൻ 264 ഇലക്ടറൽ വോട്ടുകൾ നേടും. നവാഡയിൽ ജയിച്ചാൽ 6 ഇലക്ടറൽ വോട്ടുകൾ കൂടി ലഭിക്കുമ്പോൾ 270 എന്ന മാജിക്ക് നമ്പറിൽ എത്തും.

ട്രമ്പിനാകട്ടെ 20 ഇലക്ടറൽ വോട്ടുകൾ ഉള്ള ഫ്ളോറിഡയിലും 15 ഇലക്ടറൽ വോട്ടുകൾ ഉള്ള നോർത്ത് കരോലിനയിലും 16 ഇലക്ടറൽ വോട്ടുകൾ ഉള്ള ജോർജിയയിലും 3 ഇലക്ടറൽ വോട്ടുകൾ ഉള്ള അലാസ്‌കയിലും വ്യക്തമായ ഭൂരിപക്ഷം ഉണ്ട്. ഈ സ്റ്റേറ്റുകളിൽ വിജയം ഉറപ്പാക്കിയ ട്രമ്പിന് മൊത്തം 54 വോട്ടുകൾ കൂടി കിട്ടുന്നതോടെ 268 ഇലക്ടറൽ വോട്ടുകൾ ലഭിക്കും. നവാഡ എന്ന കടമ്പ കടന്നാൽ 274 ഇലക്ടറൽ വോട്ടുകളോടെ ട്രമ്പിനു പ്രസിഡണ്ട് സ്ഥാനം നിലനിർത്താം.

എന്നാൽ നവാഡയിൽ 25 ശതമാനവും അലാസ്‌കയിൽ 42 ശതമാനവും വോട്ടുകൾ എണ്ണാനുണ്ട്. പെൻസിൽവാനയിൽ 14 ശതമാനവും നോർത്ത് കരോലിനയിലെ 6 ശതമാനവും ജോർജിയയിൽ വെറും നാലു ശതമാനവും മാത്രം വോട്ടുകളാണ് ഇനി എണ്ണിത്തീർക്കാനുള്ളത്.ഫലം പ്രഖ്യാപിക്കാനുള്ള നാലു ബാറ്റിൽ ഗ്രൗണ്ട് സ്റ്റേറ്റുകളിലെ വോട്ടെണ്ണൽ തൽക്കാലം നീട്ടി വച്ചിരിക്കുകയാണ്. അമേരിക്കയുടെ അടുത്ത പ്രസിഡണ്ട് ആരെന്ന് ലോകം അറിയാൻ ഇനിയും കാത്തിരിക്കണം. യുദ്ധം തുടരുകയാണ്.

ഫ്രാൻസിസ് തടത്തിൽ

By admin

Leave a Reply

Your email address will not be published. Required fields are marked *