ന്യുയോർക്ക്: കൊറോണ വൈറസ് പടർന്ന് പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിലെ ഇടവക തലങ്ങളിൽ ആവശ്യത്തിലായിക്കുന്നവരെ സഹായിക്കുവാൻ പ്രത്യേക ടാസ്ക് ഫോഴ്‌സ് രൂപീകരിക്കണം എന്ന് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് ഇടവകൾക്ക് അയച്ച സർക്യൂലറിലൂടെ നിർദ്ദേശിച്ചു.

ഭദ്രാസനത്തിലെ വിവിധ മേഖലകളിൽ ഉള്ള ഇടവകളിൽ പ്രവർത്തിക്കുന്ന യുവജനസഖ്യം, യൂത്ത് ഫെല്ലോഷിപ്പ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ അധികാരികളുടെ നിർദ്ദേശങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയപ്പെട്ടായിരിക്കണം ടാസ്ക് ഫോഴ്സ് പ്രവർത്തിക്കേണ്ടത്.

പ്രാദേശിക തലങ്ങളിൽ ഏകാന്തത അനുഭവിക്കുന്നവരെയും, പ്രായമായിരിക്കുന്നവരെയും സംരക്ഷിക്കേണ്ട കടമ ഈ സന്ദർഭത്തിൽ മുൻഗണന നൽകേണ്ടതാണ്. വൈറസ് തടയുന്നതിന് ആവശ്യമായ ഹാൻഡ് സാനിറ്റൈസറുകൾ, മാസ്ക്, ഗ്ലൗസ് കൂടാതെ മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവ ലഭ്യമാകുന്ന വിധം സംഭരിച്ച് ആവശ്യത്തിൽ ഇരിക്കുന്നവർക്ക് നൽകുവാൻ ശ്രമിക്കേണ്ടതാണ്. ഇപ്രകാരമുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ ചിലവിന്റെ ഒരു പങ്ക് ഭദ്രാസനത്തിൽ നിന്ന് ആവശ്യമെങ്കിൽ നൽകുന്നതാണെന്നും ബിഷപ് അറിയിച്ചു.

ആതുര സേവന മേഖലയിൽ ആയിരിക്കുന്ന ഡോക്ടേഴ്സ്, നേഴ്‌സസ്, പാരാമെഡിക്കൽ സ്റ്റാഫ് തുടങ്ങിയ വിവിധ ആവശ്യ സർവ്വീസുകളിൽ പ്രവർത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നതോടൊപ്പം അവർക്ക് പ്രവർത്തിക്കുവാൻ വേണ്ട ആത്മധൈര്യവും, ബലവും ദൈവംതമ്പുരാൻ നൽകുവാൻ ഏവരും തങ്ങളുടെ പ്രാർത്ഥനയിൽ എന്നും ഓർക്കണമെന്നും ബിഷപ് ഡോ.മാർ ഫിലക്സിനോസ് ആവശ്യപ്പെട്ടു.

ഷാജീ രാമപുരം

By admin

Leave a Reply

Your email address will not be published. Required fields are marked *