അറ്റ്ലാന്റാ: അമേരിക്കയിൽ അറിയപ്പെടുന്ന ക്രിസ്തിയ ഗാനരചയിതാവും, സംഗീതജ്ഞനും, ഗായകനും കൂടിയായ ജോർജ് വർഗീസ് (ജയൻ) രചനയും, സംഗീതവും നൽകിയ ജീവപ്രകാശം എന്ന ക്രിസ്തിയ സംഗീത ആൽബം മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് അമേരിക്കയിൽ ജനിച്ചു വളർന്ന് വൈദീകനായ റവ.ക്രിസ്റ്റഫർ ഫിൽ ഡാനിയേലിനു നൽകികൊണ്ട് പ്രകാശനം ചെയ്തു.
അറ്റ്ലാന്റായിലെ കർമ്മേൽ മാർത്തോമ്മാ സെന്ററിൽ വെച്ച് നടന്ന ഭദ്രാസന കുടുംബസംഗമത്തോട് അനുബന്ധിച്ച് നടന്ന പ്രത്യേക ചടങ്ങിൽ ആണ് പ്രശസ്ത ഗായകരായ കെസ്റ്റർ, ഇമ്മാനുവേൽ ഹെൻറി, എലിസബേത്ത് രാജു, അലീഷാ തോമസ്, അനിൽ കൈപ്പട്ടൂർ, മിഥില മിഖായേൽ എന്നിവർ ആലപിച്ച ജീവപ്രകാശം എന്ന സംഗീത ആൽബം പ്രകാശനം ചെയ്തത്. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം ഇന്ത്യയിലെ നിർദ്ധനരായ കുട്ടികളെ സഹായിക്കുവാനായി ബിഷപ് ഡോ.മാർ ഫിലക്സിനോസ് തുടക്കം കുറിച്ച ലൈറ്റ് ടു ലൈഫ് എന്ന ഭദ്രാസന പ്രോജക്ടിനു വേണ്ടിയാണ്.
ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവകാംഗവും, ചെങ്ങന്നൂർ ഇടയാറന്മുള സ്വദേശിയും ആയ ജോർജ് വർഗീസ് രചനയും, സംഗീതവും നൽകി പ്രകാശനം ചെയ്യുന്ന 10 മത് ക്രിസ്തിയ സംഗീത ആൽബമാണിത്. ഇതിൽ നിന്നും ലഭിച്ച വരുമാനമെല്ലാം മാർത്തോമ്മാ സഭയുടെ വിവിധ സുവിശേഷ മിഷൻ ഫീൽഡുകളുടെ പ്രവർത്തനങ്ങൾക്കായിട്ടാണ് ചെലവഴിച്ചത്.
തന്റെ ജീവിതാനുഭവത്തിന്റെയും, ദൈവവചന ധ്യാനത്തിന്റെയും പശ്ചാത്തലത്തിൽ എഴുതി സംഗീതം പകർന്ന അനേക ഗാനങ്ങൾ പ്രശസ്തമായ മാരാമൺ കൺവെൻഷൻ ഗാനങ്ങളിൽ 1976 മുതൽ ഇടംനേടിയിട്ടുണ്ട്. ബലഹീനതയിൽ ബലമേകി, സീയോൻ സഞ്ചാരി ഭയപ്പെടേണ്ട, അക്കരെ നാട്ടിൽ എൻ വാസമേകിടാൻ തുടങ്ങിയ ഗാനങ്ങൾ ഇന്നും വിശ്വാസ സമൂഹം ദിനംപ്രതി ആലപിച്ചു കൊണ്ടിരിക്കുന്നവയാണ്.
റിട്ടയർമെന്റ് ജീവിതത്തിനിടയിലും സംഗീത ശുശ്രുഷയിൽ ഇന്നും വ്യാപൃതനായിരിക്കുന്ന ജയൻ എന്ന പേരിൽ അറിയപ്പെടുന്ന ജോർജ് വർഗീസ് അമേരിക്കൻ മലയാളികൾക്ക് ഒരു അഭിമാനമാണ്. തന്റെ ഗാനങ്ങൾ സിഡിയിലും, യൂഎസ്ബി ഡ്രൈവിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 214 460 1288 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.