ന്യൂജെഴ്സി: 2003-ല്‍ കാനഡയില്‍ ലൈംഗിക പീഡനക്കേസില്‍ പ്രതിയായി ‘മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍’ ഉള്‍പ്പെട്ടിരുന്ന പാര്‍ത്ഥസാരഥി കപൂര്‍ എന്ന ഇന്ത്യന്‍ വംശജനെ 2020 ജനുവരി 20 ന് ന്യൂജെഴ്സിയിലെ നെവാര്‍ക്ക് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റുചെയ്തു. ഇന്ത്യയിലേക്കുള്ള വിമാനം കയറാന്‍ കാത്തുനില്‍ക്കവേയാണ് അറസ്റ്റ് ചെയ്തതെന്ന് ക്യൂബെക്ക് (കാനഡ) പോലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.

കാനഡയിലെ സ്ഥിര താമസക്കാരനായ കപൂര്‍ 2003-ല്‍ കുറ്റകൃത്യം ചെയ്ത് പിടിയിലാകുന്നതിനു മുന്‍പ് ക്യൂബെക്കില്‍ നിന്ന് അമേരിക്കയിലേക്ക് രക്ഷപ്പെടുകയായിരുന്നു. 1998 മുതല്‍ 2003 വരെ മോണ്‍‌ട്രിയോളില്‍ അഞ്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിനാണ് കപൂറിനെ പിടികൂടിയതെന്ന് ക്യൂബെക്ക് പോലീസ് 2020 ജനുവരി 23 ന് പത്രക്കുറിപ്പില്‍ അറിയിച്ചു.

പത്തു പേരടങ്ങുന്ന ‘മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍’ പെട്ട കപൂര്‍ കഴിഞ്ഞ 17 വര്‍ഷമായി അമേരിക്കയില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും, ഇക്കഴിഞ്ഞ തിങ്കളാഴ്ച ന്യൂജെഴ്സിയിലെ നെവാര്‍ക്ക് വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റു ചെയ്തതെന്നും ക്യുബെക് പോലീസ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

കുട്ടികളോടുള്ള ലൈംഗികാതിക്രമം മുതല്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കല്‍, അവ കൈവശം വെയ്ക്കല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തി 2003 ല്‍ 47 കാരനായ കപൂറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പോലീസ് പറയുന്നതനുസരിച്ച്, 1998 മുതല്‍ 2003 വരെ മോണ്‍‌ട്രിയോളില്‍ അഞ്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി സംശയിക്കുന്നു. കൂടാതെ, ഏഴിനും പതിനാലിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെ വീട്ടിലേക്ക് ആകര്‍ഷിക്കുകയും തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

2003 ല്‍ അറസ്റ്റ് വാറണ്ടിന്റെ വിവരമറിഞ്ഞ കപൂര്‍ കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് കടക്കുകയായിരുന്നു. പ്രതിയെ പിടികൂടി കാനഡയിലേക്ക് തിരിച്ചയക്കുന്നതിനായി കാനഡ വ്യാപകമായ അന്വേഷണം നടത്തുകയും ഇന്റര്‍പോളിനെ അറിയിക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ന്യൂജെഴ്സിയിലെ നെവാര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമേരിക്കന്‍ അധികൃതര്‍ കപൂറിനെ തടഞ്ഞതെന്ന് ക്യൂബെക്ക് പോലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. അറസ്റ്റിലായതിന്‍റെ പിറ്റേ ദിവസം ന്യൂജേഴ്സി ജില്ലാ കോടതിയില്‍ ഹാജരാക്കി. കാനഡയ്ക്ക് കൈമാറാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഇയാള്‍ ഇപ്പോള്‍ യുഎസ് കസ്റ്റഡിയിലാണ്.

അധികൃതരുടെ കണ്ണുവെട്ടിച്ച് പതിനേഴ് വര്‍ഷം അമേരിക്കയില്‍ കഴിഞ്ഞ കപൂറിന്റെ അറസ്റ്റ് സാധ്യമാക്കിയത് ക്യുബെക് പോലീസിന്റെ ലൈംഗിക പീഡനങ്ങള്‍ കൈകാര്യം ചെയ്യുന്ന എസ്.പി.വി.എം വിഭാഗവും, റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ്, കാനഡ ബോര്‍ഡര്‍ സര്‍‌വീസ് ഏജന്‍സി, യുണൈറ്റഡ് സ്റ്റേറ്റ്സ് മാര്‍ഷല്‍ സര്‍‌വീസ്, യു എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍, ഇന്റര്‍പോള്‍ എന്നീ വിഭാഗങ്ങള്‍ നടത്തിയ ഏകോപിത ശ്രമമാണെന്ന് അധികൃതര്‍ പറഞ്ഞു.

മൊയ്തീന്‍ പുത്തന്‍‌ചിറ

By admin

Leave a Reply

Your email address will not be published. Required fields are marked *