ഷിക്കാഗൊ: ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ 9-ാമത് അന്തർദേശീയ കോൺഫ്രൻസിന്റെ ഭാഗമായി വടക്കേ അമേരിക്കയിലെ മികച്ച മലയാളി സംഘടനക്ക് നൽകുന്ന പുരസ്ക്കാരത്തിന് കേരള സമാജം ഓഫ് സൗത്ത്ഫ്ലോറിഡ അർഹരായി.
2020-2021 പ്രവർത്തനകാലയിളവിലെ മികച്ച പ്രവർത്തനത്തിനാണ് പുരസ്ക്കാരം നൽകുന്നതെന്ന് പ്രസിഡന്റ് ബിജു കിഴക്കേക്കൂറ്റ്, നാഷണൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, നാഷണൻ ട്രെഷറർ ജീമോൻ ജോർജ് എന്നിവർ പറഞ്ഞു.അമേരിക്കയിലും കേരളത്തിലും സ്തുത്യർഹമായ സേവനങ്ങളാണ് ഈ സംഘടന നൽകിയതെന്നും അവർ കൂട്ടിച്ചേർത്തു.
രണ്ട് വർഷക്കാലയളവിൽ 4 വീടുകൾ പൂർണ്ണമായും, 3 വീടുകൾ ഭാഗികമായും കേരള സമാജം നിർമ്മിച്ചു നൽകയുണ്ടായി. കൂടാതെ ഇരുന്നൂറോളം കുടുംബങ്ങൾക്ക് പ്രളയകാലത്തും, കോവിഡ് മഹാമാരി കാലത്തും മൂന്ന് മാസത്തേക്ക് ഭക്ഷണങ്ങൾ വിതരണം ചെയ്യുകയുമുണ്ടായി. 30 വികലാംഗകർക്ക് വീൽചെയർ നൽകിയ കാരുണ്യ പ്രവൃത്തിയും അംഗീകരാത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി. ആശുപത്രി ചിലവുകൾക്ക് ബുദ്ധിമുട്ടുന്നവർക്കും, കൂടാതെ മരണാനന്തര ചടങ്ങുകൾക്കും 20000 ത്തോളം ഡോളറാണ് കഴിഞ്ഞ രണ്ട് വർഷക്കാലം കേരളസമാജം നൽകിയത്.
കോവിഡ് മഹാമാരിക്കാലത്ത് സംഘടനയുടെ പ്രവർത്തന പരിപാടികളിൽ ഭക്ഷണവും, മാസ്ക്കും അനുബന്ധ മുൻകരുതൽ ഉൽപ്പന്നങ്ങളും നൽകി കേരള സമാജം ശ്രദ്ധ നേടുകയുണ്ടായി.
ടൗൺഷിപ്പ് ഓഫ് ഡേവിയിൽ കേരള സമാജം നേതൃത്വം നൽകി സ്ഥാപിച്ച ഗാന്ധി സ്ക്വയറിന് സമീപമുള്ള റോഡിന് “ഗാന്ധി സ്ട്രീറ്റ്” എന്ന നാമകരണം നടത്താൻ സംഘടനക്ക് മുൻകൈയെടുക്കാൻ സാധ്യമായി.
ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ പുരസ്ക്കാരം വിതരണം ചെയ്യും. കേരളത്തിലെയും അമേരിക്കയിലെയും മാധ്യമ പ്രവർത്തകരുടെ സംഗമവേദിയിൽ വച്ചാണ് അവാർഡ് ദാനം. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ -മാധ്യമ -സാംസ്കാരിക പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
2020-ൽ ജോജി ജോണും ,2021-ൽ ജോർജ് മാലിലും കേരള സമാജം ഓഫ് ഫ്ളോറിഡയുടെ പ്രസിഡന്റ് പദവികൾ അലങ്കരിച്ചു.