ചിക്കാഗോ: ചിക്കാഗോയിൽ നടത്തപെടുന്ന ഈ വർഷത്തെ IPCNA മീഡിയ കോൺഫ്രൻസിൽ വച്ച് സമ്മാനിക്കുന്ന ഇന്ത്യ പ്രസ്ക്ലബ്ബിന്റെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഡൽഹി റസിഡന്റ് എഡിറ്റർ പ്രശാന്ത് രഘുവംശത്തിന് മാധ്യമ ശ്രീ അവാർഡും , മനോരമ ന്യൂസിന്റെ എക്സിക്യൂട്ടീവ് ന്യൂസ് പ്രൊഡ്യൂസർ നിഷാ പുരുഷോത്തമന് മാധ്യമ രത്ന അവാർഡും , ജന്മഭൂമിയുടെ ചീഫ് എഡിറ്റർ കെ എൻ ആർ നമ്പൂതിരിക്ക് മാധ്യമ പ്രതിഭ അവാർഡും നൽകും.
നാളെ (വ്യാഴം) മുതൽ റിനയസൻസ് ചിക്കാഗോ ഗ്ലെൻവ്യൂ സ്യൂട്ട്സ് കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപെടുന്ന മീഡിയ കോൺഫ്രൻസിൽ വച്ചാണ് മാധ്യമ രംഗത്ത് ഏറെ പ്രശസ്തിയാർജ്ജിച്ച ഈ അവാർഡുകൾ വിതരണം ചെയ്യപ്പെടുക- ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡണ്ട് ബിജു കിഴക്കേകുറ്റ് അറിയിച്ചു
രണ്ടു ദശാബ്ദങ്ങളായി മുഖ്യധാരാ മാധ്യമ പ്രവർത്തനങ്ങളിൽ സജീവമാണ് മാധ്യമ ശ്രീ അവാർഡിന് അർഹനായ ഏഷ്യാനെറ്റ് ന്യൂസിന്റെ രാജ്യ തലസ്ഥാനത്തെ മുഖമായ പ്രശാന്ത് രഘുവംശം. യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ പോസ്റ്റ് ഗ്രാഡുവേഷനും തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ നിന്നും ജേർണലിസത്തിൽ പി ജി ഡിപ്ലോമയും , യു കെ യിലെ കാർഡിഫ് യൂണിവേഴ്സിറ്റിയിൽ നിന്നും ബ്രോഡ്കാസ്റ്റ് ജേർണലിസത്തിൽ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട് ഈ ജനകീയ മാധ്യമ പ്രവർത്തകൻ. ഡെക്കാൻ ക്രോണിക്കിളിൽ സ്റ്റാഫ് റിപ്പോർട്ടർ ആയാണ് തുടക്കം.
2001 ൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമായി ചേർന്നു. ഡൽഹിയിലെ റസിഡന്റ് എഡിറ്റർ എന്ന നിലയിൽ ദേശീയവും അന്തർദേശീയവുമായ വിവിരങ്ങൾ കൃത്യതയോടെയും വ്യക്തതയോടെയും മലയാളി പ്രേക്ഷകരിൽ എത്തിക്കുന്നതിലും വടക്കേ ഇന്ത്യയിലെ തന്നെ ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും പ്രശാന്ത് രഘുവംശത്തിന്റെ പങ്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ദേശീയ തെരഞ്ഞെടുപ്പുകളും പല വടക്കേ ഇന്ത്യൻ സംസ്ഥാന തെരഞ്ഞെടുപ്പുകളും മലയാളി പ്രേക്ഷകർക്ക് മുൻപിൽ ഏറ്റവും വേഗത്തിലും കൃത്യതയിലും എത്തിക്കുന്നതിൽ ആദ്ദേഹം വിജയിച്ചിട്ടുണ്ട്. ഭാരതത്തിലെ ഇലക്ട്രോണിക് മാധ്യമങ്ങളെ നിരീക്ഷിക്കുന്ന, മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ഒൻപതംഗ ബോഡ്‌കാസ്റ്റിങ് സ്റ്റാൻഡേർഡ്സ് അതോറിറ്റി അംഗമാണ് കൂടിയാണ് പ്രശാന്ത് രഘുവംശം. ലോകസഭാ സ്പീക്കറുടെ അഡ്വൈസറി കമ്മറ്റി അംഗമായി നാലുവർഷം സേവനം ചെയ്തിട്ടുണ്ട്. കൂടാതെ അഞ്ചുവര്ഷത്തോളം കേരളാ യൂണിയൻ ഓഫ് വർക്കിംഗ് ജേര്ണലിസ്റ്റ്സ് ഇൻ ഡൽഹിയുടെ പ്രസിഡണ്ട് ആയും സേവനം ചെയ്തിട്ടുണ്ട്,
മാധ്യമ രത്‌നം അവാർഡിന് അർഹയായ നിഷാ പുരുഷോത്തമൻ കേരള രാഷ്ട്രീയത്തിൽ ഏറെ അറിയെപ്പെട്ടിരുന്ന കോൺഗ്രസ്സ് നേതാവ് ടി ജി പുരുഷോത്തമന്റെ മകളാണ്. 2004ല്‍ കേരളത്തിലെ ആദ്യ സമ്പൂര്‍ണ വാര്‍ത്താ ചാനലായ ഇന്ത്യാവിഷനിലെ ആദ്യ ബാച്ചില്‍ അംഗമായികൊണ്ട് റിപ്പോര്‍ട്ടറായി തുടങ്ങി. രാഷ്ട്രീയ റിപ്പോര്‍ട്ടിങ്ങില്‍ ശ്രദ്ധ നേടിയ നിഷ, മനോരമ സ്‌കൂൾ ഓഫ് കമ്മ്യൂണിക്കേഷനിൽ (MASCOM ) നിന്ന് പി ജി പൂർത്തിയാകിയ ശേഷമാണ് മനോരമ ന്യൂസിന്റെ ഭാഗമാകുന്നതും പിന്നീട് കേരള മാധ്യമ രംഗത്തെ മുതിർന്ന മാധ്യമ പ്രവർത്തകരിൽ ഒരാളായി വളരുന്നതും. 2006ല്‍ മനോരമ ന്യൂസിന്‍റെ തുടക്കം മുതല്‍ റിപ്പോര്‍ട്ടിങ്ങിലും ആങ്കറിങ്ങിലും സജീവമായ നിഷ, പ്രധാനപ്പെട്ട ഷോകളുടെ അവതാരകയായും ‘കൗണ്ടര്‍ പോയന്‍റ് ‘എന്ന പ്രൈംടൈം ഡിബേറ്റ് ഷോയിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ്. രാഹുല്‍ ഗാന്ധിയുടെ ആദ്യ മലയാള ചാനല്‍ അഭിമുഖമടക്കം നിരവധി എക്സ്ക്ലുസീവുകള്‍ ചാനലിലൂടെ പ്രേക്ഷകരിലേക്കെത്തിച്ചു. രാജ്യാന്തര വാര്‍ത്തകളുടെ ചുമതലയുള്ള നിഷ , 2014ലെ സിറിയന്‍ ആഭ്യന്തരയുദ്ധവും 2018ലെ മാലദ്വീപ് അടിയന്തരാവസ്ഥയുമടക്കം നിരവധി അന്താരാഷ്ട്ര സംഭവങ്ങള്‍ നേരില്‍ പോയി റിപ്പോര്‍ട്ട് ചെയ്തു. 2018ല്‍ യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റിന്‍റെ “ഇന്‍റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ് പ്രോഗ്രാമിന് (IVLP)” തിരഞ്ഞെടുക്കപ്പെട്ട് ഒരുമാസം യുഎസിലെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു.
മികച്ച വാര്‍ത്താഅവതാരകയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം മൂന്നുതവണ ലഭിച്ചു. ഇതിന് പുറമേ മറ്റ് നിരവധി പുരസ്ക്കാരങ്ങളും ലഭിച്ചു. നൊബേല്‍ ജേതാവ് നാദിയ മുറാദിന്‍റെ ആത്മകഥ ‘ദ ലാസ്റ്റ് ഗേള്‍’, ‘അവസാനത്തെ പെണ്‍കുട്ടി ‘എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. മനോരമ ന്യൂസിന്റെ എക്സിക്യൂട്ടീവ് ന്യൂസ് പ്രൊഡ്യൂസർ ആണിപ്പോൾ . കേരള പത്രപ്രവര്‍ത്തകയൂണിയന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റാണ്.
മാധ്യമ പ്രതിഭാ അവാർഡിന് അർഹനായ കെ എൻ ആർ നമ്പൂതിരി മലയാള മാധ്യമ രംഗത്തെ ഏറ്റവും മുതിർന്ന മാധ്യമപ്രവർത്തകരിൽ ഒരാളാണ്. 1976ല്‍ മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകനായി മാധ്യമ പ്രവർത്തനം തുടങ്ങിയ കെ. എന്‍. ആര്‍. നമ്പൂതിരി, കോട്ടയം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. 2017ല്‍ അസിസ്റ്റന്റ് എഡിറ്റര്‍ ഗ്രേഡില്‍ സ്പോര്‍ട്സ് എഡിറ്റര്‍ ആയി വിരമിച്ചു. രണ്ട് ഏഷ്യന്‍ ഗെയിംസ് (ഡല്‍ഹി 1982, ബെയ്ജിങ് 1990), ഒളിമ്പിക്സ് (സിഡ്നി 2000), സാഫ് ഗെയിംസ് (കൊല്‍ക്കത്ത 1986), ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പാക്കിസ്ഥാന്‍ പര്യടനം (1997), ഷാര്‍ജ കപ്പ് ക്രിക്കറ്റ് , വിംബിള്‍ഡണ്‍ ടെന്നിസ് (2016) തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തു. സ്പോര്‍ട്സ് പേജില്‍ പെനാല്‍റ്റി പോയിന്റ് എന്ന കോളം കൈകാര്യം ചെയ്തുകൊണ്ട് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 1990 ഏഷ്യന്‍ ഗെയിംസ് റിപ്പോര്‍ട്ടിങ്ങിന് ഏഷ്യന്‍ സ്‌പോര്‍ട്‌സ്ജേര്ണലിസ്റ്റ്‌സ് ഫെഡറേഷന്റെയും ഏഷ്യന്‍ ഗെയിംസ് സംഘാടക സമിതിയുടെയും സംയുക്ത പുരസ്‌കാരം നേടി. 2017ല്‍ ജന്മഭൂമി ദിനപ്പത്രത്തിന്റെ റസിഡന്റ് എഡിറ്ററായും, 2019 മുതൽ എഡിറ്ററായും സേവനം ചെയ്തു വരുന്നു.
ജേതാക്കളെ പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റും ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാറും ട്രഷറർ ജീമോൻ ജോര്ജും അഭിനന്ദിച്ചു .
വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപെടുന്ന മീഡിയ കോൺഫ്രൻസിലേക്ക് ഏവരെയും പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ് സ്വാഗതം ചെയ്യ്തു.
കോൺഫ്രൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനിൽ ട്രൈസ്റ്റാർ (1-917-662-1122), ജീമോൻ ജോർജ്ജ് (1-267-970-4267).