എഡിസണ്‍ (ന്യുജേഴ്‌സി) :അമേരിക്കയിലെ മലയാള മാധ്യമ സംസ്കാരത്തിന്റെ തറവാട് പുരയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാം രാജ്യാന്തര കോണ്‍ഫറന്‍സിനു മന്ത്രി കെ.ടി. ജലീല്‍ അടക്കമുള്ള അതിഥികളുടെ സാന്നിധ്യത്തില്‍ നടന്ന സൗഹൃദ കൂട്ടായ്മയോടെ തുടക്കമായി.

ഒരു പതിനാറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഇന്ത്യാ പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ഈ കോണ്‍ഫറന്‍സ് വടക്കേ അമേരിക്കയിലെ പ്രവാസി സമൂഹത്തിന് സമര്‍പ്പിക്കുന്ന തിരുമുല്‍ക്കാഴ്ചയാണ്. കേരളത്തില്‍നിന്നുള്ള രാഷ്ട്രീയ–മാധ്യമ പ്രമുഖരും അമേരിക്കയിലെ മലയാളി സംഘടനകളും ഇന്ത്യാ പ്രസ് ക്ലബിന്റെ എട്ടു ചാപ്റ്ററുകളില്‍ നിന്നുള്ള പ്രതിനിധികളും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നു.

വൈകിട്ട് 5.30ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. മന്ത്രി കെ.ടി. ജലീല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യ പ്രസ്ക്ലബ് പ്രസിഡന്റ് മധു കൊട്ടാരക്കര അധ്യക്ഷത വഹിച്ചു.

12ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 11.30 വരെ ‘വ്യാജ വാര്‍ത്തകള്‍ക്കു പിന്നിലെ വസ്തുതകള്‍’ എന്ന വിഷയത്തെപറ്റി മനോരമ ടിവി ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് നയിക്കുന്ന സെമിനാര്‍. പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് ടാജ് മാത്യു മോഡററേറ്റര്‍ ആയിരിക്കും.

ഉച്ചക്ക് 1.30 മുതല്‍ മൂന്നു മണി വരെ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍ നയിക്കുന്ന സെമിനാര്‍. ഏഷ്യാനെറ്റ് ന്യൂസ് യുഎസ് കറസ്‌പോണ്ടന്റ് ഡോ. കൃഷ്ണ കിഷോര്‍ മോഡറേറ്റായിരിക്കും.

വൈകിട്ട് 5.30ന് സമാപന സമ്മേളനം. ചടങ്ങില്‍ ഇന്ത്യാ പ്രസ് ക്ലബ് അവാര്‍ഡ് ജേതാക്കള്‍ക്ക് മന്ത്രി കെ.ടി. ജലീല്‍ പുരസ്കാരങ്ങള്‍ നല്‍കും. കോണ്‍ഫറന്‍സ് വിജയമാക്കാന്‍ സഹായിച്ച സ്‌പോണ്‍സര്‍മാരെയും ആദരിക്കും. കൂടാതെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറും.

കോണ്‍ഫറന്‍സ് വന്‍ വിജയമാക്കാന്‍ പ്രസിഡന്റ് മധു കൊട്ടാരക്കര, ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം, ട്രഷറര്‍ സണ്ണി പൗലോസ്, വൈസ് പ്രസിഡന്റ് ജയിംസ് വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി അനില്‍ ആറന്മുള, ജോ. ട്രഷറര്‍ ജീമോന്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. സമ്മേളനത്തില്‍ പ്രവേശനം സൗജന്യമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *