കേരളത്തിലെ പ്രധാനപെട്ടതും മലപ്പുറം ജില്ലയിലെ ഏറ്റവും പ്രസിദ്ധമായതുമായ വെള്ളച്ചാട്ടമാണ് ആഡ്യൻപാറ വെള്ളച്ചാട്ടം. മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ കുറുമ്പലകോട് വില്ലേജിലാണ് ആഢ്യൻ പാറ വെള്ളച്ചാട്ടം. നിലമ്പൂർ പട്ടണത്തിൽ നിന്നും 15 കിലോമീറ്ററോളം അകലെ ചാലിയാർ പഞ്ചായത്തിലാണ് ആഡ്യൻ പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇതിന് ഏകദേശം 300 അടിയോളം ഉയരമുണ്ട്. നിത്യഹരിത വനങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന, വേനൽകാലങ്ങളിൽ പോലും വറ്റാത്ത നീരുറവകളിൽ നിന്നും ഉത്ഭവിക്കുന്ന കാഞ്ഞിരപ്പുഴയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കോഴിക്കോടിനും മലപ്പുറത്തിനും ഇടയ്ക്കുള്ള മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന കാഞ്ഞിരപ്പുഴ ചാലിയാറിന്റെ ഒരു കൈവഴിയാണ്. നിലമ്പൂരിലെ ചാലിയാർ പഞ്ചായത്തിലൂടെ ഒഴുകുന്ന കാഞ്ഞിരപ്പുഴ ചാലിയാർമുക്കിൽ വെച്ച് ചാലിയാറിൽ ചേരുന്നു. ആഡ്യൻ പാറയും പരിസരപ്രദേശങ്ങളും ഇടതൂർന്നതും നയനമനോഹരവുമായ കാടിനാൽ സമ്പന്നവും വിനോദയാത്രയ്ക്കും അനുയോജ്യമാണ്. വൈവിധ്യമാർന്ന നിരവധി ദേശാടനപക്ഷികളുടെ ആവാസകേന്ദ്രമാണിവിടം.