കൊച്ചി: ജപ്പാനിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്ത് (76) ദിവംഗതനായി. പക്ഷാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം ടോക്കിയോയിലെ മിഷന് ആശുപത്രിയില്‍.
എറണാകുളംഅങ്കമാലി അതിരൂപതയിലെ ചേര്‍ത്തല കോക്കമംഗലം സെയ്ന്റ് തോമസ് ഇടവകയിലാണ് ജനനം. 1969 മേയ് നാലിനു പൗരോഹിത്യം സ്വീകരിച്ചു. കൊരട്ടി, കൊറ്റമം, എറണാകുളം ബസിലിക്ക ഇടവകകളില്‍ സഹവികാരി, കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിന്റെ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
തുര്‍ക്കി, ഇറാന്, കാമറൂണ്‍, ആഫ്രിക്ക, ബെല്‍ജിയം, സ്പെയിന്, നോര്‍വേ, സ്വീഡന്, തായ്വാന്, ടാന്‍സാനിയ എന്നിവിടങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. 2011 ഓഗസ്റ്റ് മുതല്‍ ജപ്പാനില്‍ സേവനം ചെയ്തുവരികയായിരുന്നു.
കോക്കമംഗലം ചേന്നോത്ത് പരേതരായ ജോസഫും മറിയവുമാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: ലില്ലിക്കുട്ടി ജോര്‍ജ്, സി.ജെ. ആന്റണി, മേരിക്കുട്ടി ജെയിംസ്, െപ്രാഫ. സി.ജെ. പോള്‍, ഡോ. സി.ജെ. തോമസ്, സി.ജെ. ജെയിംസ്, പരേതനായ സി.ജെ. വര്‍ഗീസ്.