ഓസ്റ്റിൻ ∙ ടെക്സസ് സംസ്ഥാനത്തെ മാസ്ക്ക് ധരിക്കണമെന്ന ഉത്തരവ് റദ്ദ് ചെയ്തു ഗവർണർ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. മാസ്ക്ക് മാൻഡേറ്റ് നീക്കം ചെയ്യുന്നതിനും ടെക്സസിലെ മുഴുവൻ സ്ഥാപനങ്ങളിലും ഉൾകൊള്ളുവാൻ കഴിയുന്നത്ര ആളുകളെ പ്രവേശിപ്പിക്കുന്നതിനുമുള്ള എക്സിക്യൂട്ടീവ് ഉത്തരവിലാണ് ഗവർണർ മാർച്ച് 2 ചൊവ്വാഴ്ച ഒപ്പുവച്ചത്.

ഇതോടെ മാസ്ക്ക് മാൻഡേറ്റ് ഒഴിവാക്കുന്ന അമേരിക്കയിലെ 13–ാം സംസ്ഥാനമായി ടെക്സസ്.
ഉത്തരവ് മാർച്ച് 10 മുതൽ പ്രാബല്യത്തിൽ വരുമെന്നും ഗവർണർ ഇന്നു നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 100% പ്രവർത്തന സജ്ജമായാൽ സംസ്ഥാനത്തു രോഗവ്യാപനം വർധിക്കുമോ എന്നതിനെ കുറിച്ചും വ്യക്തമായ ഉത്തരം ഉത്തരവിലുണ്ടെന്നും ഗവർണർ പറഞ്ഞു. ആരോഗ്യവകുപ്പ് അധികൃതർ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചാണു ഗവർണർ ഉത്തരവിറക്കിയത്.

ടെക്സസിലെ നിരവധി പേർക്കു തൊഴിൽ നഷ്ടമാക്കിയ, നിരവധി ചെറുകിട വ്യവസായ ഉടമസ്ഥർക്ക് അവരുടെ ബില്ലുകൾ പോലും അടയ്ക്കാൻ കഴിയാത്ത സാഹചര്യം ഇനിയും ഉണ്ടാകാൻ അനുവദിച്ചു കൂടാ എന്നും ഗവർണർ പറഞ്ഞു.

ടെക്സസിലെ ആശുപത്രികളിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറയുന്ന സാഹചര്യത്തിലാണ് ഗവർണർ പുതിയ ഉത്തരവ് ഇറക്കിയത്. മാസ്ക്ക് മാൻഡേറ്റ് ഒഴിവാക്കിയതിനു മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടിയത് സംസ്ഥാനത്തെ 5.7 മില്യൺ പേർക്കു കോവിഡ് വാക്സീൻ ലഭിച്ചു കഴിഞ്ഞുവെന്നാണ്.
മാസ്ക്ക് ധരിക്കാത്തിനു ഫൈനോ തടവോ ഇനി മുതൽ ഉണ്ടായിരിക്കില്ലെന്നും ഗവർണർ പറഞ്ഞു. ഏഴു ദിവസം തുടർച്ചയായി ആശുപത്രി കപ്പാസിറ്റിയിൽ 15 ശതമാനത്തിലധികം ബെഡുകൾ കോവിഡ് രോഗികളെ കൊണ്ടു നിറഞ്ഞാൽ അതാതു കൗണ്ടി ജഡ്ജിമാർക്ക് 50% നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ഉത്തരവിൽ വ്യവസ്ഥയുണ്ട്.

പി പി ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *