മലയാളത്തെ ആർക്ക് വേണമെന്ന ചോദ്യം പ്രസക്തമാകുന്നത് കേരളത്തിന് പുറത്തേക്ക് വിമാനത്തിൽ സഞ്ചരിക്കുമ്പോഴാണ് . ഇന്ത്യാ മഹാരാജ്യം വിട്ട് കഴിഞ്ഞാൽ പിന്നെ കേരളീയർ പോലും മലയാളത്തെ ബോധപൂർവ്വം മറന്നു തുടങ്ങുന്നു. തമ്മിൽ തമ്മിൽ അസഭ്യം പറയാനും ജോൺസൺ മാവുങ്കലിനെ കഥാപാത്രമാക്കി സഭ്യതയുടെ അതിരുകൾ ലംഘിക്കുവാനും, കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട കേസിൽ അനുപമയുടെ പേരിൽ കൊച്ചുവർത്തമാനം പറയുവാനും ഒരു മുരട്ടു ഭാഷയായി മാത്രം മലയാളത്തെ ഒതുക്കുന്നു. ഫലമോ അമേരിക്ക അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളിൽ വളർന്നു വരുന്ന മലയാള സന്താനങ്ങൾക്ക് മലയാളം വെറും ‘മലയാലം’ മാത്രമാകുന്നു . കേട്ടാലറിയാം, പറയാനറിഞ്ഞുകൂടാ, ഇതാണ് നമ്മൾ ഒരുകാലത്ത് അമ്മയെപ്പോലെ കൊണ്ട് നടന്നു ഓമനിച്ചിരുന്ന മലയാളത്തിന്റെ സമകാലിക അവസ്ഥ .
ഇതാണോ പൂർണമായ അവസ്ഥ? അല്ലായെന്നു പറയേണ്ടി വരും. അക്ഷരവഴികളിൽ ദീപസ്തംഭമായി അമേരിക്കൻ മലയാളികൾക്കിടയിൽ പ്രബുദ്ധതയുടെ ഉണർത്തുപാട്ടായി ഐ പി സി എൻ എ വീണ്ടുമൊരു സമ്മേളന നഗരിയിലേക്ക് . അക്ഷരങ്ങളോടുള്ള, മാധ്യമങ്ങളോടുള്ള സ്നേഹമാണ് പലരെയും ഇന്നാട്ടിൽ സമയവും പണവും കളഞ്ഞു മാധ്യമരംഗത്ത് നിലനിർത്തുന്നത് . അത് കൊണ്ട് തന്നെയാണ് ‘മലയാലം’ മലയാളമായി മാറുവാനും, വീട്ടിലും അസോസിയേഷനുകളിലും മലയാളത്തെ മറക്കാതെ കാത്തുസൂക്ഷിക്കുവാനും കഴിയുന്നത് .
ഇന്ന് അമേരിക്കയുടെ വിവിധ നഗരങ്ങളിൽ ഇന്നാട്ടിലെ അക്ഷരസ്നേഹികളുടെ ഹൃദയതാളമായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ( ഐ പി സി എൻ എ) ശക്തമായിരിക്കെ സംഘടനയിൽ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വങ്ങളും ഏറെയാണ് . പിറന്ന നാട്ടിൽ നിന്നും അമേരിക്കയിലെ മാധ്യമ പ്രവർത്തനത്തിന്റെ തേരാളികളാവാൻ ഐ .പി.സി.എൻ.എ കൂട്ടായ്മ നേതൃത്വം നൽകുന്നത് ആശാവഹമായ കാര്യം തന്നെ . അമേരിക്കയിൽ പതിറ്റാണ്ടുകൾക്ക് മുൻപ് പത്രങ്ങളിലും മാസികകളിലും തുടക്കമിട്ട മലയാള മാധ്യമപ്രവർത്തനത്തിന് ഏതാനും പത്രമാസികകൾക്ക് പുറമെ നവമാധ്യമങ്ങളുടെ പിന്തുണയോടുള്ള വെബ്സൈറ്റുകൾ , ടെലിവിഷൻ ചാനലുകൾ, ഓൺലൈൻ പത്രങ്ങൾ എന്നിവയിലേക്ക്
കാലാനുസൃതമായി എത്തിനിൽക്കുന്നു.
അച്ചടി മാധ്യമരംഗം പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്ന കാലമാണ് ലോകമെങ്ങുമുള്ളത് . വിവര സാങ്കേതിക രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾ പരമ്പരാഗത പത്രവ്യവസായത്തെ ദോഷകരമായി ബാധിച്ചു. പല പത്രങ്ങളും ഡിജിറ്റൽ രംഗത്തേക്ക് പറിച്ച നട്ടു പിടിച്ച് നിൽക്കാൻ പാടുപെടുന്ന
നാളുകളാണിത് . അമേരിക്കയിൽ തന്നെ എത്രയോ പത്രമാധ്യങ്ങൾ അകാലത്തിൽ നിന്ന് പോയി .
മാധ്യമ പ്രവർത്തനത്തിന്റെ മൂല്യവും ധാർമ്മികതയും ഉയർത്തി പിടിക്കാൻ പലപ്പോഴും ഇന്നത്തെ മാധ്യമപ്രവർത്തകർക്ക് കഴിയുന്നുണ്ടോ എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്.
മലയാള ഭാഷക്ക് തനത് വ്യക്തിത്വമുണ്ടെന്ന് ഇന്ത്യൻ സർക്കാർ പറയുന്നു അത് കൊണ്ടാണല്ലോ ഇതൊരു ശ്രെഷ്ഠ ഭാഷയായി ഉൾപ്പെടുത്തിയത്
ജേർണലിസം ജീർണലിസമാകുന്നതിന് മുൻപ് വെട്ടി നിരത്താൻ പേനയെടുക്കെണമെന്നും
തൂലിക ചലിപ്പിക്കണമെന്നും കീബോർഡിൽ വിരലുകൾ ഓടിക്കണമെന്നും നമുക്കറിയാം .
അതാവട്ടെ നമ്മുടെ പോരാട്ട വീര്യം. അതാകട്ടെ മലയാലത്തെ പുച്ഛിക്കുന്നവരോട് പറയാനുള്ളത്
എഴുതാനറിയുന്നവരെല്ലാം എഴുത്തുകാരാവണം … അതിൽ തെറ്റൊന്നുമില്ല. എന്നാൽ അവിടെ കുറച്ച് സോഷ്യലൈസേഷന്റെ പ്രശ്നമുണ്ട്. അതാണ് പത്രപ്രവർത്തനം എന്ന് പറയുന്നത്. അക്ഷരത്തോടൊപ്പം ബൗദ്ധികമായ ചില ചിന്തകൾകൂടി കലർന്ന പ്രതിഭ എന്ന അച്ചുതണ്ടിനെ ചുറ്റിയിറങ്ങുന്ന അക്ഷരങ്ങളാണിത്. ഇതിന് ഒരു പടി കൂടി മുന്നിൽ നിൽക്കുന്ന കാൽപനികതയെ കൂടെ കവർന്നെടുക്കുന്നതോടെ സാഹിത്യമായി. പത്രപ്രവർത്തകൻ സാഹിത്യകാരനാകണമെന്നില്ല. രണ്ടും കൂടി ചേർന്നുവന്നാൽ സ്വർണ്ണത്തിന് സുഗന്ധം വന്നത് പോലെ എന്ന് ഡോ സി ബിനു പോൾ പറഞ്ഞതുപോലെ സത്യവാക്കുകളുടെ സുഗന്ധമുള്ള മാധ്യമപ്രവർത്തകരെ പരിപോഷിപ്പിക്കുവാനും അത്തരക്കാരെ സമൂഹത്തിന്റെ നേർക്ക് വിടരുന്ന ജാഗ്രതയുടെ മിഴികളാകുവാനും ഇന്ത്യ പ്രസ്സ് ക്ലബിന് കഴിയുമെന്ന ഉറപ്പോടെ ഈ നല്ല സംഘടനക്ക് നമുക്ക് ഭാവുകങ്ങൾ നേരാം.
കമ്മ്യൂണിറ്റി ലീഡർഷിപ്പ്, ബെസ്റ്റ് ഹെൽത്ത് കെയർ വർക്കർ, ബെസ്റ്റ് അസോസിയേഷൻ, ബെസ്റ്റ് ലീഡർ, കമ്മ്യൂണിറ്റി അവാർഡ് ഗാല, കലാപരിപാടികൾ തുടങ്ങി ഒട്ടേറെ വമ്പിച്ച പരിപാടികളുമായി ചിക്കാഗൊ റിനെസൻസ് ഹോട്ടൽ സമുച്ചയത്തിൽ നവംബർ 11 മുതൽ 17 വരെ അരങ്ങേറുന്ന ചടങ്ങിൽ ബിജു കിഴക്കേക്കൂറ്റ് പ്രസിഡന്റായും, സുനിൽ ട്രൈസ്റ്റാർ ജനറൽ സെക്രട്ടറിയായും, ജീമോൻ ജോർജ്ജ് ട്രഷററായും, ബിജിലി ജോർജ്ജ് ജോയിന്റ് സെക്രട്ടറിയായും, ഷിജോ പൗലോസ് ജോയിന്റ് ട്രഷററായും, ബിനു ചിലമ്പത്ത് സജി എബ്രഹാം എന്നിവർ ഓഡിറ്റർമാരായും പ്രവർത്തിക്കുന്നു. സുനിൽ തൈമറ്റം ആണ് പ്രസിഡന്റ് ഇലക്ട്.
മാധ്യമ ശ്രീ, മാധ്യമരത്ന, മാധ്യമ പ്രതിഭ, മീഡിയ എക്സലൻസ് അവാർഡുകൾ എന്നിവ ചടങ്ങിന് മിഴിവേകും.
മലയാള നാട്ടിലെ പ്രഗത്ഭരും പ്രശസ്തരുമായവർ ചിക്കാഗൊയിൽ എത്തുന്നുണ്ട്. അടിസ്ഥാനപരമായി പറയാവുന്നത് നമുക്ക് മലയാളം ജീവവായു എന്നത് തന്നെയാണ്. അത് മലയാലം അല്ല മലയോളം ആണെന്ന വസ്തുത, തലമുറകൾ കൈമാറിവന്ന പൈതൃകസ്വത്ത് തന്നെയാണ്. പൈതൃകസ്വത്ത് വിറ്റുമുടിക്കുന്നവൻ തെമ്മാടിക്കുഴിക്ക് യോഗ്യർ എന്നാണ് ഒരു ചൊല്ല്. ആ നിലയിൽ മലയാളത്തെ നമുക്ക് മാറോട് ചേർക്കാം. മലയാളം എഴുതാം പറയാം, വായിക്കാം അറിയാത്തവരെ പഠിപ്പിക്കാം, അതാവട്ടെ യഥാർത്ഥ മലയാളിയുടെ കടമ!
ജോർജ് തുമ്പയിൽ