ഡാളസ്: നവാഗതരായ ഒരു കൂട്ടം ഹ്രസ്വ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ പ്രൈം പാരഡോക്സ് പിക്‌ചേഴ്‌സ് അവതരിപ്പിക്കുന്ന അവരുടെ ആദ്യത്തെ ഹ്രസ്വ ചിത്രമായ “സ്‌മോൾ വേൾഡ്” ജനുവരി 30 ന് യൂട്യൂബ് പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്‌തു. ഡയറക്ടർ രോഹിത് മേനോൻ, അസിസ്റ്റന്റ് ഡയറക്ടർ ചിത്ര രാജൻ, സിനിമാട്ടോഗ്രാഫർ വിമൽ വി പി, എഡിറ്റർ ജയ്‌മോഹൻ, മ്യൂസിക് ഡയറക്ടർ ജയസൂര്യ എസ് ജെ, ആർട് ഡയറക്ടർ അമ്പിളി വിമൽ, ക്രെടിട്സ് ആൻഡ് എഫ്എക്സ് ക്രീയേറ്റർ ജ്യോതിക് തങ്കപ്പൻ, മാർക്കറ്റിംഗ് കൺട്രോളർ റിതേഷ് കെ പി, ഫിനാൻസ് കൺട്രോളർ, അശ്വിൻ ശ്രീറാം, ടീസർ ക്രീയേറ്റർ അഭിനാഷ് എന്നിവർ ആണ് ഈ ചിത്രത്തിന്റെ പ്രധാന ശില്പികൾ.

നാല് കഥാപാത്രങ്ങൾ മാത്രം ഉള്ള ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായ ഒരു 6 വയസ്സുകാരിയുടെ വേഷo ചെയ്‌തിരിക്കുന്നത്‌ അമേയ വിമൽ ആണ്. കൂടാതെ അമ്മയുടെ വേഷം അമ്പിളി വിമലും, അച്ഛന്റെ വേഷം വിമൽ വി പി യും, റിട്ടയേർഡ് അധ്യാപകനായ മുത്തശ്ശൻറെ വേഷം ബോബി റെറ്റിനയും അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിൽ മുത്തശ്ശന്റെ വേഷത്തിനു ശബ്ദം നൽകിയത് ഹരിദാസ് തങ്കപ്പൻ ആണ്.

15 മിനിറ്റ് ദൈർഖ്യം ഉള്ള ചിത്രം കൊറോണ കാലത്ത് ചില മാനസിക സംഘര്ഷങ്ങളിൽകൂടി കടന്ന് പോയ ന്യൂ യോർക്കിലെ ഒരു ചെറിയ മലയാളി കുടുംബത്തിന്റെ കഥ പറയുന്നു. 2020യിലെ ലോക്ക്ഡൗൺ കാലഘട്ടം പലരിലും വലിയ ആഘാതവും അതിനെ തുടർന്ന് വൈകാരിക സമ്മർദ്ദവും ചെലുത്തിയിട്ടുണ്ട്. കുട്ടികളേയും ഇത് ഒരു പരിധി വരെ ബാധിച്ചിട്ടുണ്ട്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉള്ള സമയത്തു കുട്ടികളുടെ മാനസികാരോഗ്യം അവർക്ക് ശരിയായ ശ്രദ്ധ കൊടുക്കുന്നതിലൂടെ പരിപാലിക്കുന്നത് വളരെ നിർണായകമായിരുന്നു. കോവിഡ് 19 ആദ്യമായി പടർന്ന സമയത്തു ലോകത്തിൽ ‌ ചുറ്റും നടന്ന കാര്യങ്ങൾ ഒരു 6 വയസ്സുകാരി എങ്ങനെ ഉൾക്കൊണ്ടു എന്നത് ഒരു കൊച്ചു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ തന്നെ സിനിമ വിവരിക്കുന്നു.

കൊച്ചു കുട്ടികൾ ഉള്ള എല്ലാ മാതാപിതാക്കളും തീർച്ചയായും ഈ ചിത്രം കാണണം എന്ന് ഡയറക്ടർ രോഹിത് മേനോൻ അഭിപ്രായപ്പെട്ടു. കൊറോണ പകർച്ചവ്യാധി കാലത്തു കുറെ ഹ്രസ്വ ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ കൊറോണ ലോക്ക്ഡൗൺ കാലം വിവരിക്കുന്ന ആദ്യത്തെ ചിത്രം ഇതായിരിക്കും എന്ന് രോഹിത് മേനോൻ പറഞ്ഞു .

അമേരിക്കയിലെ ലോക്ക്ഡൗൺ സമയത്തു വളരെ ചെറിയ ബഡ്‌ജറ്റും ചുരുങ്ങിയ ക്രൂവും എക്വിപ്മെന്റ്‌സും വച്ച് ഡയറക്ടർ വീഡിയോ കോളിലൂടെ സംവിധാനം ചെയ്‌ത ഒരു ചിത്രം ആണ് “സ്‌മോൾ വേൾഡ്”. 2020 ജൂലൈയിൽ ഷൂട്ടിംഗ് തീർന്നെങ്കിലും പല കാരണങ്ങൾ മൂലം റിലീസ് മാറ്റി വക്കുകയാണ് ഉണ്ടായത്. ഇപ്പോൾ റിലീസ് ആയതിനു ശേഷം മികച്ച പ്രതികരണങ്ങൾ ചിത്രത്തിന് ലഭിക്കുന്നതായി അണിയറ പ്രവർത്തകർ പറഞ്ഞു. അമേയ വിമൽ എന്ന കൊച്ചു മിടുക്കിയുടെ അഭിനയ മികവും ശ്രദ്ധേയമാണ്. “സ്‌മോൾ വേൾഡ്” എന്ന ഈ കൊച്ചു ചിത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകർക്കും, ഇത് പ്രാവർത്തികമാക്കാൻ സഹായിച്ച ഡാളസിലെ എല്ലാ മലയാളി സുഹൃത്തുകൾക്കും പ്രൈം പാരഡോക്സ് ടീം ഹൃദയപൂർവം നന്ദി അറിയിച്ചു.

“സ്‌മോൾ വേൾഡ്” എന്ന ഈ ഹ്രസ്വ ചിത്രം കാണാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും യൂട്യൂബിൽ പ്രൈം പാരഡോക്സ് പിക്‌ചേഴ്‌സിൻറെ ഒഫീഷ്യൽ പേജ് സന്ദർശിക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *