ഹാലോവീന്‍ ദിനത്തില്‍ “വഴിയെ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ഹോളിവുഡ് നടന്‍ ക്രിസ്റ്റഫര്‍ എം. കുക്ക് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിയ്ക്കുന്നത്. ഇത് ആദ്യമായാണ് ഒരു ഹോളിവുഡ് താരം മലയാള സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്യുന്നത്.
നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത “വഴിയെ’ മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയാണ്. ഹോളിവുഡ് സംഗീത സംവിധായകന്‍ ഇവാന്‍ ഇവാന്‍സാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
ഡോഗ് ഈറ്റ് ഡോഗ്, 2 ഗണ്‍സ്, ഫ്‌ലയിങ് മങ്കീസ്, ദി ഡ്രോണ്‍, മിസ്റ്റര്‍ റൈറ്റ്, ആന്‍ അമേരിക്കന്‍ ഇന്‍ ടെക്‌സാസ്, ഹാവേര്‍സ്, റിഗാര്‍ഡിങ് ദി കേസ് ഓഫ് ജോന്‍ ഓഫ് ആര്‍ക്ക് തുടങ്ങി നിരവധി ഹോളിവുഡ് സിനിമകളിലൂടെ ശ്രദ്ധ നേടിയ നടനാണ് ഇദ്ദേഹം.
വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്‌ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യ നിര്‍മ്മിച്ച ഈ പരീക്ഷണ ചിത്രത്തില്‍ പുതുമുഖങ്ങളായ ജെഫിന്‍ ജോസഫ്, അശ്വതി അനില്‍ കുമാര്‍, വരുണ്‍ രവീന്ദ്രന്‍, അഥീന, ജോജി ടോമി, ശ്യാം സലാഷ്, രാജന്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
ഒക്‌ടോബര്‍ 20നായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കോവിഡ് കാലത്തെ എല്ലാ സര്‍ക്കാര്‍ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരുന്നു ചിത്രീകരണം. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെഫിന്‍ ജോസഫ്, ഛായാഗ്രഹണം: മിഥുന്‍ ഇരവില്‍, ഷോബിന്‍ ഫ്രാന്‍സിസ്, കിരണ്‍ കാന്പ്രത്ത്. കലാ സംവിധാനം: അരുണ്‍ കുമാര്‍ പനയാല്‍, എഡിറ്റിംഗ്, സൗണ്ട് ഡിസൈന്‍: നിര്‍മല്‍ ബേബി വര്‍ഗീസ്, പ്രൊജക്റ്റ് ഡിസൈനര്‍: ജീസ് ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളേര്‍സ്: സഞ്ജയ് തോമസ് ചൊവ്വാറ്റുകുന്നേല്‍, നിബിന്‍ സ്റ്റാനി, അലന്‍ ജിജി, അസോസിയേറ്റ് ഡയറക്ടര്‍സ്: അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. വാര്‍ത്താ വിതരണം: വി. നിഷാദ്. ട്രാന്‍സ്ലേഷന്‍, സബ്‌ടൈറ്റില്‍സ്: അഥീന. സ്റ്റില്‍സ്: എം. ഇ. ഫോട്ടോഗ്രാഫി, ടൈറ്റില്‍ ഡിസൈന്‍: അമലു.
സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.