വാഷിംഗ്ടൺ ഡിസി: സെനറ്റിൽ അടുത്ത ചൊവ്വാഴ്ച ആരംഭിക്കുന്ന ഇംപീച്ച്മെന്‍റ് ട്രയലിന് ഹാജരാകില്ലെന്ന് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഹൗസ് ഇംപീച്ച്മെന്‍റ് മാനേജർമാരുടെ അഭ്യർഥന ഭരണഘടനാ വിരുദ്ധമാകയാലാണന്നാണ് വിശദീകരണം. ഫെബ്രുവരി നാലിന് ഇംപീച്ച്മെന്‍റ് മാനേജർ ജയ്മി റാസ്ക്കിൽ, ട്രംപിന്‍റെ അറ്റോർണിക്കാണ് നോട്ടീസ് നൽകിയത്.

കാപ്പിറ്റോളിൽ ജനുവരി 6ന് നടന്ന അക്രമസംഭവങ്ങളിൽ ട്രംപിന്‍റെ പങ്കിനെകുറിച്ചു സെനറ്റിൽ വിശദീകരണം നൽകുന്നതിന് നേരിട്ട് ഹാജരാകണമെന്നതായിരുന്നു നോട്ടീസിന്‍റെ ഉള്ളടക്കം. ഇതിനു മറുപടിയായി മൂന്നു പാരഗ്രാഫുകൾ മാത്രം ഉൾപ്പെടുത്തുന്ന കത്താണ് ട്രംപിന്‍റെ അറ്റോർണി നൽകിയത്.‌

ഭരണഘടനാപരമായി ഇതിനെ സാധൂകരിക്കുന്ന യാതൊരു തെളിവുകളും യുഎസ് ഹൗസിന് കണ്ടെത്താനായിട്ടില്ലെന്നും വളരെ ഗുരുതരമായ കുറ്റങ്ങൾക്ക് ഇംപീച്ച്മെന്‍റ് ചെയ്യുക എന്ന ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാതെ ഒരു രാഷ്ട്രീയ നാടകമായി മാത്രമേ ഇതിനെ പരിഗണിക്കാൻ കഴിയൂ എന്നും അറ്റോർണി ചൂണ്ടികാട്ടി.

ഇംപീച്ച്മെന്‍റ് വിചാരണയ്ക്ക് സെനറ്റിൽ ഹാജരാകില്ലെന്ന ട്രംപിന്‍റെ തീരുമാനം ഡമോക്രാറ്റുകളെ വിഷമ വൃത്തത്തിലാക്കിയിരിക്കുകയാണ്. ട്രംപിനെ സെനറ്റിൽ എത്തിക്കുന്നതിനു മറ്റു നടപടികൾ പരിശോധിക്കുന്നുണ്ടെങ്കിലും ഇതുവരെ ഔദ്യോഗീകമായി തുറന്നു പറയുന്നതിന് ജയ്മി തയാറായിട്ടില്ല. ബൈഡന്‍റെ ഹോംലാന്റ് സെക്യൂരിറ്റി ഉപദേഷ്ടാവിന്‍റെ സെനറ്റ് സ്ഥിരീകരണത്തിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിലെ 49 സെനറ്റർമാരും ഒറ്റകെട്ടായി നിലകൊണ്ടത് പാർട്ടിയിലെ ഐക്യമാണ് പ്രകടമാക്കിയത്. ഡമോക്രാറ്റിക് പാർട്ടിക്കെതിരെ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റർമാർ ഒരുമിക്കുന്നതിനാൽ സെനറ്റിൽ ഇംപീച്ചുമെന്‍റ് നടപടി പരാജയപ്പെടുമെന്ന് ഉറപ്പാണ്.

പി.പി. ചെറി‍യാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *