ഡാലസ് : ഡാലസ് കൗണ്ടിയിലെ ഗവൺമെന്റ് പ്രൈവറ്റ് വിദ്യാലയങ്ങൾ സെപ്റ്റംബർ 7 വരെ അടച്ചിടുമെന്ന് ഡാലസ് കൗണ്ടി ആരോഗ്യവകുപ്പ് അധികൃതർ ജൂലൈ 16 വ്യാഴാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.വിദ്യാലയങ്ങളിൽ ഹാജരായി പഠനം തുടരുന്നതിന് അനുയോജ്യമായ സാഹചര്യമല്ല നിലനിൽക്കുന്നതെന്നും വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത് കൊറോണ വൈറസ് വ്യാപനത്തിന് കാരണമാകുമെന്നും ഡാലസ് കൗണ്ടി ഹെൽത്ത് ആന്റ് ഹൂമൺ സർവീസസ് അറിയിച്ചു. ആഗസ്റ്റ് 17 ന് തുറന്ന് പ്രവർത്തിക്കുമെന്ന് നേരത്തെ ഡാലസ് ഐഎസ്ഡി സൂപ്രണ്ട് മൈക്കിൾ ഹിനോറൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

പുതിയ ഉത്തരവിനെ തുടർന്ന് ടെക്സസ് സംസ്ഥാനത്തെ കൂടുതൽ വിദ്യാർത്ഥികളുള്ള (155000) ഡാലസ് ഇൻഡിപെന്റന്റ് സ്കൂൾ ജില്ല തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതിയില്ല. ലേബർ ഡേ കഴിഞ്ഞതിനു ശേഷമേ സ്കൂൾ തുറന്നു പ്രവർത്തിക്കുമോ എന്ന് പറയാനാകൂ എന്നും സൂപ്രണ്ട് മൈക്കിൾ പറഞ്ഞു. അതുവരെ ഓൺലൈനിലൂടെ വിദ്യാർഥികൾക്ക് പഠനം തുടരുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
ഡാലസ് കൗണ്ടിയിലെ കൊവിഡ്–19 രോഗികളുടേയും മരണപ്പെടുന്നവരുടേയും സംഖ്യ അനുദിനം വർദ്ധിച്ചുവരുന്നതു ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ടെക്സസിൽ ഇതുവരെ 3561 പേർ കോവിഡ് മൂലം മരണമടഞ്ഞിട്ടുണ്ട്. ഈയാഴ്ചയിൽ മരണം നടന്നത് 20 ശതമാനമാണ്. 10457 പേർ ആശുപത്രികളിൽ രോഗികളായി കഴിയുന്നു. ഡാലസ് കൗണ്ടിയിലെ പല ദേവാലയങ്ങളിലും കർശന നിയന്ത്രണങ്ങൾക്ക് വിധേയമായി ചുരുക്കം ചിലർ മാത്രം പങ്കെടുത്തു നടത്തിയിരുന്ന ആരാധനകളും രോഗവ്യാപനം വർധിച്ചതോടെ മാറ്റിവച്ചിരിക്കുകയാണ്.

പി പി ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *