ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഏറ്റവും പഴയ മാസികയാണ് സയന്റിഫിക്ക് അമേരിക്കന്‍. കഴിഞ്ഞ 175 വര്‍ഷങ്ങളായി അതു തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചുവരുന്നു. പേരുസൂചിപ്പിക്കുന്നത് പോലെ ശാസ്ത്രവിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന ഈ മാസികയില്‍ 200-ല്‍ പരം നൊബേല്‍ സമ്മാനവിജയികളായ ശാസ്ത്രഞ്ജന്മാര്‍ എഴുതിയിട്ടുണ്ട് എന്ന കണക്കു മാത്രം മതി ഈ മാസികയുടെ ദീഘകാല സുപ്രതിഷ്ഠതയ്ക്ക് തെളിവായി. സാധാരണ വായനക്കാരുടെ ശാസ്ത്രപരിഞ്ജാനത്തിനുവേണ്ടിയുള്ള ഈ മാസികക്ക് രണ്ട് കോടിയിലധികം വായനക്കാര്‍ ലോകമെമ്പാടുമുണ്ട് എന്നാണ് കണക്ക്.

രാഷ്ട്രീയത്തില്‍ ഇതുവരെ ഇടപെടാതിരുന്ന സയന്റിഫിക്ക് അമേരിക്കന്‍ അതിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു പ്രസിഡന്റ് സ്ഥാനാര്‍ഥിയെ പിന്തുണച്ചിരിക്കുന്നത്. ജോസഫ് ബൈഡന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒക്ടോബര്‍ ലക്കത്തിലെ എഡിറ്റോറിയല്‍ ഇന്ന് ഓണ്‍ലൈന്‍ ആയി പ്രസിദ്ധീകരിച്ചു.

ശാസ്ത്രത്തോടും വസ്തുതകളിലൂന്നിയുള്ള നിയമനിര്‍മാണത്തോടും ട്രംപിനും അദ്ദേഹത്തിന്റെ അഡ്മിനിസ്‌ട്രേഷനും പൊതുവെയുള്ള എതിര്‍പ്പാണ് മാസികയെ ഈ തീരുമാനത്തിലെത്തിച്ചത്. “നമ്മുടെ ആരോഗ്യവും സമ്പദ് വ്യവസ്ഥയും അന്തരീഷവും സംരക്ഷിക്കാന്‍ ജോ ബൈഡന്‍ വസ്തുതകളിലൂന്നിയ പദ്ധതികള്‍ മുന്നോട്ട് വയ്ക്കുന്നു’ എന്ന് എഡിറ്റോറിയലില്‍ എടുത്ത് പറയുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ നിരാകരിക്കുന്നതും, കൊറോണാ വൈറസിനെ ശാസ്ത്രീയമായി നേരിടാത്തതുമാണ് ട്രംപിനെതിരെ മാസിക പരസ്യമായി രംഗത്തുവരാന്‍ ഇടയാക്കിയ പ്രധാന കാരണങ്ങള്‍.

2016-ലെ തിരഞ്ഞെടുപ്പില്‍ അമേരിക്കയിലെ മറ്റൊരു പഴയ പ്രസിദ്ധീകരണമായ ദ അറ്റ്‌ലാന്റിക് അതുവരെ തുടര്‍ന്നുവന്ന നിഷ്പക്ഷത ലംഘിച്ച് ട്രംപിനെതിരെ ഇതുപോലെ പുറത്തു വന്നിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *