വാഷിംഗ്ടണ്‍: കൊറോണ വൈറസിന്റെ അനിയന്ത്രിതമായ വ്യാപനം ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ വിവിധ രാജ്യങ്ങള്‍ അവരുടേതായ രീതിയില്‍ പ്രതിരോധങ്ങളും പ്രതിവിധികളും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍, ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന ഈ വൈറസ് അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തുന്നത് വേനല്‍ക്കാലത്തായിരിക്കുമെന്ന മുന്നറിയിപ്പാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ് നല്‍കുന്നത്.

ജൂലൈ – ആഗസ്റ്റ് മാസങ്ങളില്‍ കൊറോണ വൈറസ് കൂടുതല്‍ വ്യാപരിക്കാന്‍ സാധ്യതയുണ്ടെന്ന് തിങ്കളാഴ്ച അമേരിക്കന്‍ ജനങ്ങള്‍ക്ക് ട്രം‌പ് മുന്നറിയിപ്പ് നല്‍കി. എല്ലാവരും കരുതലോടെയിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലാവരും അവരുടെ ജീവിതചര്യയില്‍ മാറ്റം വരുത്തുകയോ അല്ലെങ്കില്‍ ഇപ്പോള്‍ ഈ നിര്‍ണ്ണായക നിമിഷത്തില്‍ വൈറസ് പടരാതിരിക്കാനുള്ള മുന്‍‌കരുതല്‍ സ്വീകരിക്കുകയോ ചെയ്യണം, നാം ഒരു രാഷ്ട്രമായി ഒന്നിച്ചു നിന്ന് ഈ വൈറസിനെ ചെറുത്തു തോല്പിക്കണമെന്ന് വൈറ്റ് ഹൗസിലെ ന്യൂസ് ബ്രീഫിംഗ് റൂമില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കൊറോണ വൈറസിന്‍റെ വ്യാപനം മൂര്‍ച്ഛിക്കുന്നത് ഒഴിവാക്കാന്‍ ബാറുകള്‍, റസ്റ്റോറന്‍റുകള്‍, ഫുഡ് കോര്‍ട്ടുകള്‍ എന്നിവയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നും, യാത്രകള്‍ ഒഴിവാക്കണമെന്നും, ഹോം സ്കൂള്‍ വിദ്യാഭ്യാസം പ്രയോജനപ്പെടുത്തണമെന്നും പ്രസിഡന്‍റ് ജനങ്ങളെ ഉപദേശിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് പത്രസമ്മേളനത്തിലാണ് ട്രംപ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചത്. പത്തിലധികം ആളുകളുടെ ഒത്തുചേരല്‍ അമേരിക്കക്കാര്‍ ഒഴിവാക്കണമെന്നും ശുപാര്‍ശ ചെയ്തു. വിവേചനാധികാര യാത്രകള്‍ ഒഴിവാക്കുക; ബാറുകളിലും റെസ്റ്റോറന്‍റുകളിലും ഫുഡ് കോര്‍ട്ടുകളിലും ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക; സാധ്യമാകുമ്പോഴെല്ലാം സ്കൂളിനു പകരം വീട്ടിലിരുന്ന് പാഠപുസ്തകങ്ങള്‍ പഠിക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് പ്രസിഡന്റ് മുന്നോട്ടു വെച്ചിരിക്കുന്നത്.

‘വന്നതിനേക്കാള്‍ വലിയതാണ് ഇനി വരാന്‍ പോകുന്നത്’ എന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. 50 പേരില്‍ കൂടുതല്‍ ആളുകളുടെ ഒത്തുചേരല്‍ ഒഴിവാക്കണമെന്ന് സെന്‍റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഇതിനകം ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൂടാതെ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി ഉള്‍പ്പടെ നിരവധി സംസ്ഥാനങ്ങളില്‍ ബാറുകളും റസ്റ്റോറന്‍റുകളും അടച്ചിരിക്കുകയാണ്. ജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ജിം‌നേഷ്യങ്ങളും ഫിറ്റ്നസ് സെന്‍ററുകളും അടച്ചിട്ടിരിക്കുകയാണ്.

മൊയ്തീന്‍ പുത്തന്‍‌ചിറ

By admin

Leave a Reply

Your email address will not be published. Required fields are marked *