ഹൂസ്റ്റണ്‍: 21-ാം നൂറ്റാണ്ടിലേക്കു മലങ്കരമാര്‍ത്തോമ്മാ സുറിയാനി സഭയെ നയിക്കാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ട 21-ാം മാര്‍ത്തോമാ, ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തില്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവക അനുസ്മരണ സമ്മേളനം നടത്തി. ഒക്ടോബര്‍ 18-ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാന ശുശ്രൂഷയ്ക്ക് ശേഷം നടന്ന പ്രത്യക അനുസ്മരണ സമ്മേളനത്തില്‍ വികാരി റവ. ജേക്കബ്.പി.തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജന്‍ ജോര്‍ജ് സ്വാഗതം ആശംസിച്ചു.

അഭിവന്ദ്യ തിരുമേനിയെക്കുറിച്ചു ഒരുക്കിയ പ്രത്യേക സ്ലൈഡ് ഷോയ്ക്ക് ശേഷം മാര്‍ത്തോമാ സഭയിലെ സീനിയര്‍ വൈദികനും സുവിശേഷപ്രസംഗസംഘം മുന്‍ ജനറല്‍ സെക്രട്ടറിയുമായ റവ. ജോര്‍ജ് വര്ഗീസ്, വികാരി റവ. ജേക്കബ്.പി.തോമസ്, അസി.വികാരി റവ.റോഷന്‍.വി മാത്യൂസ്, വൈസ് പ്രസിഡന്റ് തോമസ് മാത്യു (ജീമോന്‍ റാന്നി)എന്നിവര്‍ അനുശോചനപ്രസംഗങ്ങള്‍ നടത്തി. മൂന്നു പേരും അഭിവന്ദ്യ തിരുമേനിയുമുണ്ടായിരുന്ന വ്യക്തിബന്ധങ്ങളും സഭയുടെ ആകമാനവളര്‍ച്ചക്ക് വേണ്ടി തിരുമേനി ചെയ്ത വലിയ കാര്യങ്ങളും പ്രതിപാദിച്ചു.

ഒരു യുഗം അവസാനിച്ചു, മലങ്കര മാര്‍ത്തോമാസഭയുടെ സൂര്യശോഭ അസ്തമിച്ചു. ദുഃഖിതരോടും ക്ഷീണിതരോടും നിരന്തരം ഇടപെട്ട തിരുമേനി ഒരു പച്ചയായ മനുഷ്യനായിരുന്നു എന്ന് പ്രസംഗകര്‍ ചൂണ്ടിക്കാട്ടി. തിരുമേനിയുടെ സഭയെപറ്റിയും സമൂഹത്തെപ്പറ്റിയുമുള്ള ദീര്‍ഘവീക്ഷണം പ്രശംസനീയമാണ്. പ്രതിസന്ധികളെ സധൈര്യം നേരിടാനുള്ള കഴിവ് തിരുമേനിക്കുണ്ടായിരുന്നു. കര്‍ശന നിലപാടിലൂടെ ധീരമായി എന്നും നിലനിന്നിട്ടുള്ള തിരുമേനിയുടെ വിയോഗം മാര്‍ത്തോമാ സഭയ്ക്കും ആഗോള ക്രൈസ്തവ സഭയ്ക്കും തീരാനഷ്ടമാണെന്നും അവര്‍ പറഞ്ഞു.

ട്രിനിറ്റി ഇടവകയ്ക്ക് വേണ്ടി മുന്‍ വികാരി റവ. കൊച്ചുകോശി എബ്രഹാം പുഷ്പ ചക്രം അര്‍പ്പിച്ചു. റവ.ജോര്‍ജ് വര്‍ഗീസിന്റെ പ്രാര്‍ത്ഥനയ്ക്കും ആശിര്‍വാദത്തിനും ശേഷം അനുശോചന സമ്മേളനം അവസാനിച്ചു.

പി.പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *