മയാമി : ഭര്‍ത്താവിന്റെ ഔദ്യോഗിക പൊലീസ് വാഹനമായ എസ്യുവില്‍ ഭാര്യ ചൂടേറ്റ് മരിച്ച നിലയില്‍. അരിസ്റ്റിഡസ് പൗളിനാ 25 വര്‍ഷമായി മയാമി ലോക്കല്‍ പൊലീസിലെ ഉദ്യോഗസ്ഥനാണ്. സംഭവ ദിവസം അര്‍ധരാത്രി ഡ്യൂട്ടി കഴിഞ്ഞെത്തിയ അരിസ്റ്റിഡസ് വാഹനം മയാമി ഷോറിനു സമീപമുള്ള വീടിനു വെളിയില്‍ പാര്‍ക്ക് ചെയ്ത് അകത്ത് കിടന്നുറങ്ങുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെ ഭാര്യ ക്ലാര (57) ഭര്‍ത്താവിന്റെ പൊലീസ് വാഹനത്തിന്റെ പിറകു സീറ്റില്‍ എന്തോ തിരയുന്നതിനു കയറി. വാഹനത്തിന്റെ പുറകില്‍ കയറിയ ഉടനെ പിന്‍വാതില്‍ ഓട്ടോമാറ്റിക്കായി അടഞ്ഞു. സെല്‍ഫ് ലോക്കിങ്ങ് മെക്കാനിസമാണ് വാതില്‍ അടയുന്നതിനു കാരണമായത്. വാഹനത്തില്‍ നിന്നും പുറത്തു കടക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം വിഫലമാകുകയായിരുന്നു.

പിന്നീട് വൈകിട്ട് അഞ്ചു മണിയോടെയാണു ദമ്പതിമാരുടെ മകന്‍ മാതാവിനെ എസ്യുവിയുടെ പുറകിലുള്ള സീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്യുവിയിലേക്കു പോകുമ്പോള്‍ ക്ലാര സെല്‍ഫോണും കരുതിയിരുന്നില്ല. വെള്ളിയാഴ്ച പുറത്തെ താപനില 90 ഡിഗ്രി വരെ ഉയര്‍ന്നിരുന്നു. വാഹനത്തിനകത്ത് അകപ്പെട്ടതോടെ മുന്‍ സീറ്റിലേക്കു കടക്കുന്നതിനോ ഹോണ്‍ അടിക്കുന്നതിനോ ഇവര്‍ക്കു കഴിഞ്ഞില്ലെന്നു പറയപ്പെടുന്നു.

പുറകിലെ സീറ്റില്‍ നിന്നും മുന്‍വശത്തെ സീറ്റിലേക്ക് കടക്കാതിരിക്കുന്നതിനു ശക്തമായ കമ്പി കൊണ്ടുള്ള നെറ്റ് സ്ഥാപിച്ചിരുന്നു. വാഹനത്തില്‍ നിന്നും പുറത്തു കടക്കുന്നതിനു ശ്രമിച്ചതിന്റെ അടയാളങ്ങള്‍ കാണാമായിരുന്നുവെന്നു പൊലീസ് പറയുന്നു. ഇതൊരു അപകട മരണമാണെന്നും അന്വേഷണം നടത്തുമെന്നും മയാമി ലോക്കല്‍ പോലീസ് അറിയിച്ചു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *