പെന്‍സില്‍വാനിയ: ഞായറാഴ്ച പുലര്‍ച്ചെ പെന്‍സില്‍വാനിയ ടേണ്‍പൈക്കില്‍ രണ്ട് ട്രാക്ടര്‍ ട്രെയിലറുകളും ഒരു ബസും മറ്റു നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര് മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പിറ്റ്സ്ബര്‍ഗിന്റെ കിഴക്ക് ഭാഗത്തെ അല്ലഗനി കൗണ്ടിയുടെ അതിര്‍ത്തിയിലുള്ള വെസ്റ്റ്മോര്‍ലാന്‍ഡ് കൗണ്ടിയില്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. ന്യൂജേഴ്സിയിലെ റോക്ക്എവേയില്‍ നിന്ന് ഒഹായോയിലെ സിന്‍സിനാറ്റിയിലേക്ക് പോകുകയായിരുന്നു ബസ്.
എബിസി ന്യൂസ് അഫിലിയേറ്റായ ഡബ്ല്യു.ടി.എ.ഇ ചാനല്‍ രാവിലെ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച അപകടം നടന്ന സ്ഥലത്തിന്റെ വീഡിയോയില്‍ കുറഞ്ഞത് മൂന്ന് ട്രക്കുകളും ഒരു ബസും കാണാം. ബസ് ഒരു വശത്തേക്ക് മറിഞ്ഞു കിടക്കുന്നതും രണ്ട് ട്രക്കുകളുടെ ക്യാബുകളും അവയുടെ ട്രെയിലറുകളില്‍ നിന്ന് വേര്‍പെട്ടു കിടക്കുന്നതും കാണാം.
പെന്‍സില്‍വാനിയ ടേണ്‍പൈക്കിന്റെ പബ്ലിക് റിലേഷന്‍സ് ആന്റ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ കാള്‍ ഡിഫെബോ അഞ്ച് പേര് മരിച്ചുവെന്ന് സ്ഥിരീകരിച്ചു. അപകടത്തില്‍ പരിക്കേറ്റ 60 ഓളം പേരെ പ്രദേശത്തെ മൂന്ന് ആശുപത്രികളിലേക്ക് മാറ്റിയതായി അറിയിച്ചു.
എക്സെല ഹെല്‍ത്ത് ഫ്രിക് ഹോസ്പിറ്റല്‍, ഫോര്‍ബ്സ് ഹോസ്പിറ്റല്‍, പിറ്റ്സ്ബര്‍ഗ് മെഡിക്കല്‍ സെന്ററിന്റെ സ്ഥലങ്ങള്‍ എന്നിവയാണ് ആ ആശുപത്രികള്‍ എന്ന് പിറ്റ്സ്ബര്‍ഗ് പോസ്റ്റ് ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു. എക്സല ഹെല്‍ത്ത് ഫ്രിക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചവരില്‍ ഒമ്പത് പേര് പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പോസ്റ്റ് ഗസറ്റ് പറയുന്നു. രണ്ട് പേരുടെ നില ഗുരുതരമാണെന്നും, എന്നാല്‍ ബാക്കിയുള്ളവര്‍ അപകടനില തരണം ചെയ്തുവെന്നും ഫോബ്സ് ഹോസ്പിറ്റല്‍ വക്താവ് സ്റ്റെഫാനി വൈറ്റ് പറഞ്ഞു.
അപകടം നടന്ന റോഡിന്റെ മറുവശത്തുകൂടെ കടന്നുപോയ മറ്റൊരു ട്രക്കിന്റെ ഡ്രൈവര്‍ ഏഞ്ചല മെയ്നാര്‍ഡ് പിറ്റ്സ്ബര്‍ഗ് ട്രിബ്യൂണ്‍ റിവ്യൂവിനോട് പറഞ്ഞത് അപകടം നടന്ന സ്ഥലത്തെത്തിയപ്പോള്‍ അധികം വെളിച്ചമൊന്നും കണ്ടില്ല എന്നാല്‍ ധാരാളം പുക കണ്ടു എന്നാണ്. താനാണ് അത്യാഹിത നമ്പര്‍ 911 വിളിച്ചതെന്നും ആര്‍ക്കെങ്കിലും പരിക്കു പറ്റിയോ എന്നറിയാന്‍ താന്‍ ട്രക്ക് നിര്‍ത്തിയെന്നും തന്റെ സഹഡ്രൈവറോടൊപ്പം സ്ഥലത്തെത്തിയപ്പോള്‍ അബോധാവസ്ഥയിലായ ഒരാളെ കണ്ടുവെന്നും, പോലീസും ആംബുലന്‍സും എത്തുന്നതുവരെ അവിടെ നിന്നുവെന്നും പറഞ്ഞു.
ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് സിന്‍സിനാറ്റിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ബസ്സിലെ ഒരു യാത്രക്കാരന് പ്രാദേശിക വാര്‍ത്താ സ്റ്റേഷനായ കെഡികെഎയോട് പറഞ്ഞത് ട്രാക്ടര്‍ ട്രെയിലറുകള്‍ മൂന്ന് തവണ ബസില്‍ ഇടിച്ചു എന്നാണ്.
അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ ഒന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും, റോഡുകള്‍ മഞ്ഞുമൂടി കിടക്കുകയായിരുന്നു എന്ന് എഞ്ചല മെയ്നാര്‍ഡ് പറഞ്ഞു. ഫെഡെക്സിന്റെ ഒരു ട്രക്കും യുപിഎസിന്റെ ഒരു ട്രക്കും അപകടത്തില്‍ പെട്ടിട്ടുണ്ട്.
‘അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു,’ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ഫെഡെക്സിന്റെ പ്രസ്താവനയില്‍ പറയുന്നു. ഫെഡെക്സ് ഗ്രൗണ്ട് സര്‍വീസിന് സുരക്ഷയേക്കാള്‍ ഉയര്‍ന്ന മുന്‍ഗണനയില്ല, ഇപ്പോള്‍ ഞങ്ങള്‍ അന്വേഷണ ഏജന്‍സികളുമായി സഹകരിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. യുപിഎസ് വക്താവ് ക്രിസ്റ്റന്‍ പെട്രെല്ലയും സമാന രീതിയില്‍ പ്രതികരിച്ചു.
ടേണ്‍പൈക്ക് അപകടത്തെക്കുറിച്ച് അറിഞ്ഞതായും അപകടത്തില്‍ പെട്ടവരേയും അവരുടെ കുടുംബങ്ങളേയും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുമെന്ന് പെന്‍സില്‍വാനിയ ഗവര്‍ണര്‍ ടോം വോള്‍ഫ് ട്വിറ്ററില്‍ കുറിച്ചു. കൂടുതല്‍ ആളുകളുടെ ജീവന് നഷ്ടപ്പെടുന്നതില്‍ നിന്ന് അവരെ രക്ഷിക്കുന്നതില്‍ പങ്കുവഹിച്ചതിന് ആദ്യം പ്രതികരിച്ചവരെയും പെന്‍സില്‍വാനിയ സ്റ്റേറ്റ് പൊലീസിനെയും അദ്ദേഹം പ്രശംസിച്ചു.
TURNPIKE CRASH: This is aerial video of a crash on the Pennsylvania Turnpike involving a tour bus, tractor-trailers and passenger vehicle.
At least five people were killed in the crash, and over 50 were taken to area hospitals. LATEST >> https://t.co/piqlSXW2Xo pic.twitter.com/lJRHtIKTg6
— WTAE-TV Pittsburgh (@WTAE) January 5, 2020
മൊയ്തീന് പുത്തന്‍ചിറ