ഫോര്‍ട്ട്ഹുഡ് : ഏപ്രില്‍ 22ന് ഫോര്‍ട്ട്ഹുഡ് പട്ടാള ക്യാംപ് പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും അപ്രത്യക്ഷയായ പട്ടാള ഓഫിസര്‍ വനേസ്സ ഗല്ലിയറിന്റെ (20) കൊലപാതകവുമായി ബന്ധപ്പെട്ടു ടെക്‌സസില്‍ നിന്നുള്ള യുവതി സിസിലി അഗിലാറിനെ (22) പൊലീസ് അറസ്റ്റ് ചെയ്തതായി ജൂലൈ 2 വ്യാഴാഴ്ച അധികൃതര്‍ അറിയിച്ചു.

വനേസ്സയുടെ ശരീരം അറുത്തുമാറ്റുന്നതിനും തെളിവുകള്‍ നശിപ്പിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തിരിക്കുന്നത്. ഈ ആഴ്ച ആദ്യം വനേസ്സയുടേതെന്നു സംശയിക്കുന്ന ശരീരഭാഗങ്ങള്‍ ഫോര്‍ട്ട്ഹുഡില്‍ നിന്നും 30 മൈല്‍ അകലെയുള്ള കില്ലിനില്‍ നിന്നും കണ്ടെത്തിയിരുന്നു.

വനേസ്സയുടെ വധവുമായി ബന്ധപ്പെട്ട പ്രധാന പ്രതിയെന്നു സംശയിക്കുന്ന സഹപ്രവര്‍ത്തകന്‍ ഏരണ്‍ ഡേവിസ് റോബിന്‍സന്‍ (20) പൊലീസിന്റെ പിടിയില്‍ അകപ്പെടുമെന്ന് മനസ്സിലാക്കിയതോടെ ബുധനാഴ്ച രാവിലെ വെടിവച്ച് ആത്മഹത്യ ചെയ്തിരുന്നു.

റോബിന്‍സന്‍ വനേസ്സയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയതായി അഗിലാറിനോടു പറഞ്ഞിരുന്നു. കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ അറുത്തു മാറ്റിയാണ് നദിക്കു സമീപം തള്ളിയത്.

കണ്ടെത്തിയ ശരീരഭാഗങ്ങള്‍ ഇതുവരെ ഔദ്യോഗികമായി വനേസ്സയുടേതാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. മുഖം മനസ്സിലാകാത്തവിധം തല തകര്‍ന്നിരുന്നതായും അധികൃതര്‍ വെളിപ്പെടുത്തി.വനേസ്സെയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന കുടുംബാംഗങ്ങള്‍ അവര്‍ മരിച്ചുവെന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാന്‍ പ്രയാസപ്പെടുകയാണ്.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *