ഹൂസ്റ്റണ്‍: ബൈക്കില്‍ യാത്ര ചെയ്യവേ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു മരിച്ച പത്തു വയസുകാരന്റെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്ത് മാതാപിതാക്കള്‍ മാതൃകയായി. സെപ്റ്റംബര്‍ ഒന്നിന്, ജന്മദിനത്തില്‍ ലഭിച്ച സൈക്കിളില്‍ യാത്ര ചെയ്യവെ വിക്ടര്‍ പീറ്റര്‍സണെ (10) നിയന്ത്രണം വിട്ട വാഹനം ഇടിക്കുകയായിരുന്നു. നോര്‍ത്ത് വെസ്റ്റ് ഹൂസ്റ്റണ്‍ സ്പ്രിംഗ് വുഡ്‌സ് ഹൈസ്കൂളിനു സമീപമായിരുന്നു അപകടം.

ബങ്കര്‍ ഹില്‍ എലിമെന്ററി സ്കൂളില്‍ നാലാം ഗ്രേഡ് വിദ്യാര്‍ത്ഥിയായിരുന്ന വിക്ടര്‍ വാഹനത്തിന്റെ അടിയില്‍ ഞെരിഞ്ഞമരുകയായിരുന്നുവെന്ന് പിന്നീട് ലഭിച്ച ടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായതായി പോലീസ് അറിയിച്ചു.

കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പരിശോധനകള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ മസ്തിഷ്ക്കമരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതി. ചില ദിവസങ്ങള്‍ വെന്റിലേറ്ററില്‍ കിടന്നതിനുശേഷം മകനെ മരണത്തിനേല്പിക്കാന്‍ മാതാപിതാക്കള്‍ സമ്മതിക്കുകയായിരുന്നു. മകന്‍ ഞങ്ങള്‍ക്ക് ലഭിച്ച ഒരു സമ്മാനമായിരുന്നു. അവന്‍ മരിക്കുന്നു എന്നതു ഞങ്ങള്‍ക്ക് വിശ്വസിക്കാനാവുന്നില്ല- മാതാവ് ലൂസിയ പീറ്റര്‍സന്‍ പറഞ്ഞു.

മകന്‍ മറ്റുള്ളവരിലൂടെ ജീവിക്കുന്നതു കാണുവാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഹൃദയം, ശ്വാസകോശങ്ങള്‍, ലിവര്‍, കിഡ്‌നി, പാന്‍ക്രിയാസ് എന്നിവ അഞ്ചു പേര്‍ക്ക് നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട് മാതാവ് പറഞ്ഞു. മകന്റെ അവയവങ്ങള്‍ സ്വീകരിച്ചവരെ ഒരുനാള്‍ കണ്ടുമുട്ടാം എന്ന് മാതാവ് പ്രതീക്ഷിക്കുന്നു. സെപ്റ്റംബര്‍ 19 ശനിയാഴ്ച വൈകിട്ട് സ്കൂളിനു സമീപം കാന്‍ഡിന്‍ ലൈറ്റ് വിജില്‍ സംഘടിപ്പിച്ചിരുന്നു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *