ന്യൂയോർക്ക്: കോവിഡ് 19 എന്ന മഹാമാരിമൂലം ലോകത്തെ നിശ്ചലമാക്കിയ അനുഭവത്തിലൂടെ കടന്നുപോയ ജനതക്ക് പ്രത്യാശയും പ്രതീക്ഷയും നൽകുന്ന അനുഭവമുള്ള നാളുകൾ ആയിത്തീരട്ടെ ഈ വർഷത്തെ ക്രിസ്തുമസും, പുതുവർഷവും എന്ന് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് ആശംസിച്ചു.

എവിടെ മനുഷ്യൻ വേദനിക്കുന്നുവോ, നിലവിളിക്കുന്നുവോ അവിടെ അവന്റെ വേദനയും, നിലവിളിയും ഏറ്റുവാങ്ങുന്നതായ ഒരു ദൈവീക അനുഭവമാണ് ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിലൂടെ നാം ദർശിക്കുന്നത്. സ്വർഗ്ഗോന്നതി വെടിഞ്ഞ് മനുഷ്യമധ്യത്തിൽ മനുഷ്യനായി അവതരിച്ച ദൈവപുത്രൻ പാപാന്ധകാരത്തിലായ മനുഷ്യനെ പൂർണ്ണ മനുഷ്യത്വത്തിലേക്ക് നയിക്കുകയും നഷ്ടപ്പെട്ടതായ ലോകത്തിന്റെ മഹിമ വീണ്ടെടുക്കുകയും ചെയ്തത് ദൈവം ലോകത്തെയും മനുഷ്യനെയും എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ്.

കോവിഡിന് വാക്സിൻ ഈ സമയത്ത് ലഭ്യമായത് പ്രതിസന്ധികളെ അതിജീവിക്കുവാൻ പ്രാപ്തരാക്കുന്ന ദൈവത്തിന്റെ ഒരു ഇടപെടൽ ആയി നമുക്ക് കാണുവാൻ സാധിക്കണം. സകലതിനെയും സൃഷ്ടിച്ചതായ ദൈവം തന്റെ സൃഷ്ടിയെ കൈവിടുകയില്ലാ എന്ന ബോധം മനുഷ്യനിൽ തട്ടിയുണർത്തുന്നതായ സംഭവങ്ങൾ നാം ഈ ലോകത്തിൽ ദർശിക്കുന്നു. ക്രിസ്തുവിന്റെ തിരുജനനം നമ്മെ ഓർമ്മിപ്പിക്കുന്നത് ദൈവം നമ്മോടൊപ്പം ഉണ്ട് എന്ന സത്യം ആണ്. ഏവർക്കും ക്രിസ്തുമസിന്റെ നന്മകൾ നേരുകയും, പുതുവർഷം പുതിയ പ്രതീക്ഷകളോടുകൂടെ ദൈവാനുഗ്രഹം ലഭിക്കുവാൻ ഏവർക്കും ഇടയാകട്ടെ എന്ന് ബിഷപ് ഡോ.മാർ ഫിലക്സിനോസ് ആശംസിച്ചു.

ക്രിസ്തുമസ് ദിനത്തോട് അനുബന്ധിച്ച് ഡിസംബർ 25 ന് (വെള്ളി) ന്യൂയോർക്ക് സമയം രാവിലെ 9 മണിക്ക് ഭദ്രാസനാസ്ഥാനത്തിനു സമീപമുള്ള ലോങ്ങ് ഐലൻഡ് മാർത്തോമ്മ ദേവാലയത്തിൽ വെച്ച് വിശുദ്ധ കുർബ്ബാന ശുശ്രുഷയും, ആരാധനയും ബിഷപ് ഡോ.മാർ ഫിലക്സിനോസിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്നതാണ്. ആരാധനയിൽ തത്സമയം www.youtube.com/ marthoma media എന്ന വെബ് സൈറ്റിലൂടെ ഏവർക്കും പങ്കാളിയാകാവുന്നതാണ്.

ഷാജീ രാമപുരം

By admin

Leave a Reply

Your email address will not be published. Required fields are marked *